മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബശീര്‍ അന്തരിച്ചു

 



തിരുവനന്തപുരം: (www.kvartha.com 25.03.2022) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബശീര്‍ (79) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ 4.20 ന് തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. രണ്ട് തവണ (1984, 1989) ചിറയിന്‍കീഴില്‍ നിന്ന് ലോക്സഭാംഗമായിട്ടുണ്ട്.

1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. കെ എസ് യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയെത്തി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബശീര്‍ അന്തരിച്ചു


1977ല്‍ കഴക്കൂട്ടത്ത് നിന്ന് ബശീര്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എകെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. 

2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബശീര്‍ പിന്നീട് രോഗബാധിതനായതിനെ തുടര്‍ന്ന് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയ വ്യക്തിത്വമായിരുന്ന ബശീറിന്റേത്. നടന്‍ പ്രേംനസീറിന്റെ സഹോദരി സുഹറയാണ് ഭാര്യ.

തലേക്കുന്നിൽ ബശീറിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബശീറിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ  മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സങ്കുചിത താല്പര്യങ്ങൾക്കുപരിയായി പൊതുതാൽപര്യം ഉയർത്തിപ്പിടിക്കാനും തലേക്കുന്നിൽ ബശീർ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Keywords:  News, Kerala, State, Thiruvananthapuram, Politics, Political Party, KSU, Lok Sabha, Rajya Sabha, Death, Obituary, Veteran Congress Leader Thalekkunnil Basheer Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia