Tribute | പ്രശസ്ത ബംഗാളി നടന്‍ മനോജ് മിത്ര അന്തരിച്ചു; വിടവാങ്ങിയത് ഉജ്ജ്വല പ്രകടനത്തിലൂടെ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ പ്രതിഭ
● മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
● നൂറോളം നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചു.
● 80 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
● സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ്.
● രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നാടകവിഭാഗം മേധാവിയായി.
കൊല്‍ക്കത്ത: (KVARTHA) അവിഭക്ത ബംഗാളിലെ സത്ഖിര ജില്ലയില്‍ നിന്നുള്ള പ്രശസ്ത ബംഗാളി നടന്‍ മനോജ് മിത്ര ( Manoj Mitra -86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സത്യജിത് റായ് സംവിധാനം ചെയ്ത ഘരേ ബൈരേ, ഗണശത്രു, തപന്‍ സിന്‍ഹയുടെ ബന്‍ഛരാമേര്‍ ബഗാന്‍ തുടങ്ങിയ സിനിമകളിലെ മനോജ് മിത്രയുടെ കഥാപാത്രങ്ങള്‍ ഉജ്ജ്വല പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
മനോജ് മിത്രയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. നാടക-ചലച്ചിത്ര ലോകങ്ങളിലെ മുന്‍നിര വ്യക്തിത്വമായിരുന്നു മനോജ് മിത്രയെന്നും, അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണെന്നും മമത അനുസ്മരിച്ചു.
നൂറോളം നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച മനോജ് മിത്ര 80 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റര്‍ജി, തരുണ്‍ മജുംദാര്‍, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങി പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ മനോജ് മിത്ര വേഷമിട്ടിട്ടുണ്ട്. മനോജ് മിത്ര തന്നെ രചിച്ച നാടകം സന്‍ജാനോ ബഗാന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ബന്‍ഛരാമേര്‍ ബഗാന്‍.
1985ല്‍ മികച്ച നാടകത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് മനോജ് മിത്രയ്ക്ക് ലഭിച്ചിരുന്നു. രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നാടകവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൊവ്വാഴ്ച, പ്രശസ്ത നാടക നടന് അദ്ദേഹത്തിന്റെ അന്തിമ യാത്രയ്ക്ക് മുമ്പ് ഗണ്‍ സല്യൂട്ട് നല്‍കി.
#ManojMitra #BengaliCinema #IndianCinema #RIP #Bollywood #Tollywood