Accident | 20 കാരന്റെ ജീവനെടുത്ത റീല്‍സ് അപകടം; ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാതെ പൊലീസ്

​​​​​​
 
Youth Dies During Reels Shoot, Confusion Over Vehicle Involved
Youth Dies During Reels Shoot, Confusion Over Vehicle Involved

Representational Image Generated by Meta AI

● സിസിടിവിയും വീഡിയോ ചിത്രീകരിച്ച ഫോണും പരിശോധിക്കുന്നു.
● വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം.
● ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി.

കോഴിക്കോട്: (KVARTHA) ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡര്‍ കാറാണെന്ന് എഫ്‌ഐആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം. 

രണ്ടുകാര്‍ ഉപയോഗിച്ചായിരുന്നു വീഡിയോ ചിത്രീകരണം. മലപ്പുറം സ്വദേശി സാബിദ് കല്ലിങ്ങലിന്റെ കാറാണ് ഇടിച്ചതെന്ന് എഫ്‌ഐആറില്‍ പറയുമ്പോഴും കാര്‍ കണ്ടെത്താന്‍ ഇനിയും പരിശോധന വേണമെന്ന നിലപാടിലാണ് പൊലീസ്. സാബിദിന്റെ സഹോദരന്റെ ബന്ധുവിന്റെ കാറാണോ ഇടിച്ചതെന്നാണ് മറ്റൊരു സംശയം. 

രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്‌തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. സിസിടിവിയും വീഡിയോ ചിത്രീകരിച്ച ഫോണും പരിശോധിച്ച ശേഷമേ ഇതില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. 

അതേസമയം, സംഭവത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തല്‍. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

രണ്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. രണ്ട് വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യാനും നീക്കമുണ്ട്. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ബെന്‍സ് കാറും ഡിഫെന്‍ഡര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അതേസമയം, ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ബീച്ച് ആശുപത്രിയില്‍ നടക്കും. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. 
        
തിങ്കളാഴ്ച രാവിലെ കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. സാബിദിന്റെയും സഹോദരന്റെ ബന്ധുവിന്റെ കാറും വച്ചാണ് പ്രമോഷന്‍ വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനായാണ് ആല്‍വിന്‍ എത്തിയത്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും ഓടുന്നതിന്റെ വീഡിയോ ചിത്രീകരണത്തിനിടെ വാഹനങ്ങളിലൊന്നിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ആല്‍വിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവന്‍ നഷ്ടമായി. 

സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. 

വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. വൃക്കരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിന്റെ രൂപത്തില്‍ വടകര സ്വദേശി ആല്‍വിനെ മരണം തട്ടിയെടുത്തത്. നാട്ടുകാര്‍ സഹായകമ്മിറ്റി രൂപവല്‍കരിച്ചായിരുന്നു പുതിയ ജീവിതത്തിനായുള്ള ചികില്‍സാ ധനാസഹായം കണ്ടെത്തിയത്. തുടര്‍ ചികില്‍സകള്‍ നടത്താനായി നാട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത ദുരന്തം.

#AccidentInvestigation, #Kozhikode, #ReelShoot, #PoliceInquiry, #VehicleConfusion, #Death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia