Conflict | യുദ്ധസമയത്ത് ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് മാറാൻ സിൻവാറിന് അവസരം വാഗ്ദാനം ചെയ്തു; പക്ഷേ അദ്ദേഹം പറഞ്ഞത്!
● ഹമാസ് പോരാളികൾ തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 97 പേർ ഗസ്സയിലാണ്
● 34 പേരുടെ മരണം ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്
● ഗസ്സയിലെ ഇസ്രാഈൽ ആക്രമണത്തിൽ 42,000 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ: (KVARTHA) കഴിഞ്ഞയാഴ്ച ഇസ്രാഈൽ സൈനികർ കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ ബന്ദികളെ കൈമാറുന്നതിന് പകരമായി ഈജിപ്തിലേക്ക് മാറാൻ അവസരം വാഗ്ദാനം ചെയ്തിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തെ തുടർന്ന് യുദ്ധം ആരംഭിച്ച ഉടൻ തന്നെ സിൻവാർ ഇതിനെ നിരസിച്ചു. 'ഞാൻ ഉപരോധത്തിലല്ല, ഞാൻ ഫലസ്തീൻ മണ്ണിലാണ്', എന്നായിരുന്നു അറബ് മധ്യസ്ഥരോട് അദ്ദേഹത്തിന്റെ പ്രതികരണം.
യുദ്ധം തുടരുന്നതിനിടെ, താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് സിൻവാർ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മധ്യസ്ഥരുമായി നടത്തിയ ചർച്ചയിൽ, തന്റെ മരണശേഷം ഹമാസിനെ നയിക്കാനും നിയന്ത്രിക്കാനും ഒരു നേതൃത്വ സമിതിയെ തിരഞ്ഞെടുക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതായും റിപ്പോർട്ട് പറയുന്നു. ഖത്തറിൽ അമേരിക്ക, അറബ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ കരാറിനോട് യോജിക്കരുതെന്ന് സിൻവാർ ഹമാസ് പ്രതിനിധികളോട് ആവർത്തിച്ച് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
ഗസ്സയിൽ വലിയ അളവിലുള്ള സാധാരണക്കാരുടെ മരണങ്ങൾ കാരണം ഇസ്രാഈലിന് മേൽ അന്താരാഷ്ട്ര സമ്മർദം ഉണ്ടാകുമെന്ന് ഒരു സന്ദേശത്തിൽ സിൻവാർ പറഞ്ഞിരുന്നു. ഗസ്സയിലെ പോരാട്ടം ഇസ്രാഈലിനെതിരെ പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് സിൻവാർ പിടിച്ചുനിന്നതെന്നും പറയുന്നു. സിൻവാർ ഒളിച്ചിരുന്ന തുരങ്ക സംവിധാനം ഇസ്രാഈൽ സേന നശിപ്പിച്ചതോടെ ഉപരിതലത്തിൽ കൂടുതൽ സമയം ചിലവഴിക്കേണ്ട അവസ്ഥയായി. ഇത് അദ്ദേഹത്തിന്റെ ജീവനു ഭീഷണിയായി മാറി, കൊല്ലപ്പെടാനുള്ള സാധ്യത വർധിപ്പിച്ചു.
താൻ കൊല്ലപ്പെട്ടാൽ ഇസ്രാഈൽ ഇളവുകൾ നൽകുമെന്നും എന്നാൽ ഹമാസ് വഴങ്ങരുതെന്നും തൻ്റെ മരണത്തിന് തയ്യാറെടുത്ത് കൊണ്ടുള്ള സന്ദേശത്തിൽ സിൻവാർ പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഒക്‌ടോബർ ഏഴിന് ഹമാസ് പോരാളികൾ തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 97 പേർ ഗസ്സയിൽ ഉണ്ടെന്നാണ് നിഗമനം. 34 പേരുടെ മരണം ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രാഈൽ നടത്തി വരുന്ന കൂട്ടക്കുരുതിയിൽ ഇതുവരെ 42,000 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
#GazaConflict, #YahyaSinwar, #Hamas, #Israel, #MiddleEast, #PeaceTalks