Olympics | പാരീസ് ഒളിമ്പിക്‌സ്: സ്വർണം തേടി നീരജ് ചോപ്ര; ആകാംക്ഷയിൽ ആരാധകർ
നീരജ് ഉൾപ്പെടെ 12 താരങ്ങളാണ് ഫൈനലിൽ മത്സരിക്കുന്നത്.
പാരീസ്: (KVARTHA) ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിൽ മത്സരിക്കുന്നു.
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ്, പാരീസിലും സ്വർണം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 11.55 ന് ആരംഭിക്കുന്ന മത്സരം സ്പോർട്സ് 18 നെറ്റ്‌വർക്കിലും ജിയോ സിനിമയിലും തത്സമയം കാണാം.
യോഗ്യതാ റൗണ്ടിൽ 89.34 മീറ്റർ ദൂരം എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സീസണിലെ തന്റെ മികച്ച പ്രകടനമാണിത്. ഫൈനലിൽ മത്സരിക്കുന്ന 12 താരങ്ങളിൽ അഞ്ചുപേർ 90 മീറ്ററിൽ അധികം ദൂരം എറിഞ്ഞിട്ടുണ്ട്. നീരജ് 90 മീറ്റർ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നീരജിന്റെ പ്രധാന എതിരാളികളായി കണക്കാക്കപ്പെടുന്നത് പാക് താരം അർഷാദ് നദീം, ജർമനിയുടെ ജൂലിയൻ വെബ്ബർ, കെനിയയുടെ ജൂലിയൻ യെഗോ, ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ്, ഫിൻലൻഡിന്റെ ടോണി കെരാനൻ, ഗ്രനേഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴ്സ്, ബ്രസീലിന്റെ ഡാ സില്‍വ ലൂയിസ് മൗറീഷ്യോ, മോള്‍ഡോവൊയുടെ ആന്‍ഡ്രിയാന്‍ മര്‍ദാറെ എന്നിവരാണ്.