Pema Khandu | മുഖ്യമന്ത്രിയായിരിക്കെ സ്വന്തം പാർട്ടിയായ കോൺഗ്രസിനെതിരെ മത്സരിച്ച് ബിജെപി സർക്കാരുണ്ടാക്കി; അരുണാചലിൽ വീണ്ടും താമര വിരിയിച്ച് പേമ ഖണ്ഡു
ദീർഘനാൾ ഭരിച്ച കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങി
ഇറ്റാനഗർ: (KVARTHA) അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തുടർച്ചയായ രണ്ടാം തവണയും അധികാരം നിലനിർത്തി. ഖണ്ഡു മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. 60 അംഗ നിയമസഭയിൽ 46 സീറ്റുകളും കരസ്ഥമാക്കിയാണ് ബിജെപിയുടെ ആധികാരിക ജയം. നാഷണൽ പീപ്പിൾസ് പാർട്ടി (NPP) - അഞ്ച്, എൻസിപി - മൂന്ന്, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ - രണ്ട്, കോൺഗ്രസ് - ഒന്ന്, സ്വതന്ത്രർ - മൂന്ന് എന്നിങ്ങനെ സീറ്റുകൾ നേടി.
ദേശീയതലത്തില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ എന്‍.പി.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്. സംസ്ഥാനത്തെ 60 സീറ്റുകളിൽ 10 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ശേഷിക്കുന്ന 50 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെടെയുള്ളവരുണ്ട്.
ആരാണ് പേമ ഖണ്ഡു?
1979 ഓഗസ്റ്റ് 21 ന് തവാങ്ങിലാണ് പേമ ഖണ്ഡു ജനിച്ചത്. ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങ് ജില്ലയിലെ ഗ്യാങ്ഖർ ഗ്രാമത്തിൽ നിന്നുള്ള ഇദ്ദേഹം മോൺപ ഗോത്രത്തിൽ നിന്നുള്ളയാളാണ്. തവാങ്ങിലെ സർക്കാർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 2000-ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്സ് ബിരുദം നേടി. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
രാഷ്ട്രീയ യാത്ര
പിതാവ് ദോർജി ഖണ്ഡു അരുണാചൽ പ്രദേശിൻ്റെ മുൻ മുഖ്യമന്ത്രിയായിരുന്നു. 2005ൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പേമ ഖണ്ഡു രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പക്ഷേ, അദ്ദേഹത്തിൻ്റെ യഥാർത്ഥ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത് പിതാവ് ദോർജി ഖണ്ഡു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെയാണ്. 2007 മുതൽ 2011 വരെ അരുണാചൽ പ്രദേശിൻ്റെ മുഖ്യമന്ത്രിയായിരുന്നു ദോർജി ഖണ്ഡു.
2011ൽ പിതാവിൻ്റെ നിയമസഭാ മണ്ഡലമായ മുക്തോയിൽ നിന്ന് പേമ ഖണ്ഡു തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇതിന് പിന്നാലെ അദ്ദേഹം അരുണാചൽ പ്രദേശ് മന്ത്രിസഭയിൽ അംഗമായി. 2014ൽ മുൻ മുഖ്യമന്ത്രി നബാം തുകിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ നഗരവികസന മന്ത്രിയായി ചുമതലയേറ്റു. ഇതിന് ശേഷം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായി.
പേമ ഖണ്ഡു വിമതനായപ്പോൾ
2014ൽ വിമത നേതാവ് കലിഖോ പുലിനെ പിന്തുണച്ച് പേമ ഖണ്ഡു മന്ത്രിസ്ഥാനം വിട്ടു. പാർട്ടിയിലെ പോരിൽ നബാംതുക്കിക്ക് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. 2016 ജൂലൈ 16-ന്, നബാം തുകിക്ക് പകരം പേമ ഖണ്ഡുവിനെ കോൺഗ്രസ് നിയസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. 2016 ജൂലൈ 17 ന് ഖണ്ഡു 37-ാം വയസിൽ അരുണാചൽ പ്രദേശിൻ്റെ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോർഡും കുറിച്ചു. രണ്ട് മാസത്തിന് ശേഷം വീണ്ടും അപ്രതീക്ഷിത സംഭവുമുണ്ടായി.
ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമായിരുന്നു അന്നുവരെ അരുണാചല്‍ പ്രദേശ്. എന്നാല്‍ 2016-ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു, പാര്‍ട്ടിയുടെ 43 എംഎല്‍എമാരുമായി ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നു. എന്നിരുന്നാലും, പിപിഎ പിന്നീട് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ഖണ്ഡുവിനൊപ്പം നിരവധി എംഎൽഎമാരും ബിജെപിയിൽ ചേരുകയും ചെയ്തു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുണാചൽ പ്രദേശിൽ ബിജെപി വിജയിക്കുകയും പേമ ഖണ്ഡു മുഖ്യമന്ത്രിയാകുകയും ചെയ്തു. ഒടുവിൽ മൂന്നാം തവണയും അധികാരത്തിന്റെ കടിഞ്ഞാൺ പേമ ഖണ്ഡുവിന്റെ കയ്യിൽ തന്നെ എത്തിയിരിക്കുകയാണ്.