Exclusive | എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചിത്രീകരിച്ച ചാനൽ പ്രവർത്തകരിൽ നിന്നും മൊഴിയെടുത്തു; സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം
● പി.പി. ദിവ്യയെ ക്ഷണിച്ചിരുന്നോ എന്നാണ് പ്രധാന അന്വേഷണ വിഷയം.
● പി.പി. ദിവ്യയെ പ്രതി ചേർത്ത് പൊലീസ് അന്വേഷണം തുടരുന്നു.
● കലക്ടർ അരുൺ കെ. വിജയൻ പൊലീസിന് മൊഴി നൽകി.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗം ചിത്രീകരിച്ച ചാനൽ ക്യാമറാമാന്മാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ വിഷൻ ക്യാമറാമാന്മാരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. പി പി ദിവ്യ യാത്രയയപ്പ് പരിപാടിക്ക് ക്ഷണിച്ചിരുന്നോയെന്ന കാര്യമായിരുന്നു പൊലീസ് അന്വേഷിച്ചത്. എന്നാൽ ഈ കാര്യത്തെ കുറിച്ചു അറിയില്ലെന്നും ക്യാമറാമാൻമാർ വ്യക്തമാക്കി. ബ്യൂറോ ചീഫ് നൽകിയ അസൈൻമെൻ്റ് പ്രകാരമാണ് വന്നതെന്നായിരുന്നു ഇവരുടെ വിശദീകരണം.
ഇതിനു ശേഷം കണ്ണൂർ വിഷൻ ബ്യുറോ ചീഫ് മനോജ് മയ്യിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായി വാർത്താപരമായ കൈമാറ്റങ്ങൾക്കായി തൊഴിൽപരമായബന്ധം പുലർത്തിയിരുന്നുവെന്ന് മനോജ് മയ്യിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 14 ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മനോജ് പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹമാണ് സ്ഥലത്തില്ലായിട്ടും വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ കണ്ണൂർ വിഷൻ വീഡിയോ അന്നേ ദിവസം തന്നെ പ്രമുഖ ചാനലുകളെല്ലാം ഷെയർ ചെയ്തു വാർത്ത നൽകിയിരുന്നു.
എന്നാൽ ഇത്തരം ചാനലുകളിൽ പ്രവർത്തിക്കുന്നവരെയൊന്നും ചോദ്യം ചെയ്തിട്ടില്ല. ചാനൽ പ്രവർത്തകരെ കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്താതെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. ഇതിനിടെ പി പി ദിവ്യ തന്നെ ഫോണിൽ വിളിച്ചതിൽ അസ്വാഭാവിക തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങൾ അവർക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂർ ജില്ലാ കലക്ടർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി പുറത്തുവന്നു. പി പി ദിവ്യയെ പ്രതി ചേർത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല.
വ്യാഴാഴ്ച മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന. എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കലക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നൽകിയ മൊഴിയിലാണ് ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കലക്ടർ പറഞ്ഞത്.
യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കലക്ടർ മൊഴി നൽകി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്ന് മൊഴി. ക്ഷണിക്കാതെ എഡിഎമ്മിനെ അധിക്ഷേപിക്കാൻ ആസൂത്രണം ചെയ്താണ് പി പി ദിവ്യ എത്തിയതെന്ന് തെളിയിക്കുന്നതാണ് കലക്ടറുടെ മൊഴിയും.
#NaveenBabu #Kannur #Kerala #police #investigation #death #PPDivya #farewell #ceremony