Arrested | പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
ജീവൻ രക്ഷിക്കാൻ ബോണറ്റിൽ കയറി പറ്റിയ പെട്രോൾ പമ്പ് ജീവനക്കാരനെയും കൊണ്ടു അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്തു
കണ്ണൂർ: (KVARTHA) നഗരത്തിലെ തളാപ്പ് റോഡിലുള്ള എൻ കെ ബി ടി പെട്രോൾ പമ്പ് (Petrol Pump) ജീവനക്കാരനെ (Employee) സ്വിഫ്റ്റ് കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് (Police) ഡ്രൈവർ അറസ്റ്റിൽ. കൊറ്റാളി സ്വദേശിയായ അനിലിനെതിരായ ആക്രമണത്തിൽ കണ്ണൂർ ഡി എച്ച് ക്യൂ മെസ് ഡ്രൈവർ കെ സന്തോഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിനു ശേഷം മുഴുവൻ തുകയും നൽകാതെ പോകാൻ ശ്രമിച്ച സന്തോഷ് കുമാറിനെ പമ്പ് ജീവനക്കാരൻ തടയാൻ ശ്രമിച്ചപ്പോൾ കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയും, ജീവൻ രക്ഷിക്കാൻ ബോണറ്റിൽ കയറി പറ്റിയ പെട്രോൾ പമ്പ് ജീവനക്കാരനെയും കൊണ്ടു അപകടകരമായ രീതിയിൽ കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനു മുൻവശം വരെ വാഹനമോടിച്ചുവെന്നാണ് കേസ്.
പ്രതിയെ അന്വേഷണ വിധേയമായി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ അജിത്ത് കുമാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ പൊലീസുകാരൻ തന്നെയാണ് കണ്ണൂർ സിവിൽ സ്റ്റേഷൻ മുൻപിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഓടിച്ചു കയറ്റിയത്. അന്ന് പെട്രോൾ അടിക്കുന്ന മെഷീൻ തകരുകയും എണ്ണയടിക്കാൻ നിർത്തിയിട്ട ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അന്ന് നഷ്ടപരിഹാരം നൽകിയാണ് കേസൊതുക്കിയത്.
എന്നാൽ ഇപ്പോഴുണ്ടായ സംഭവത്തെ തുടർന്ന് അന്നത്തെ അപകടം യാദൃശ്ചികമല്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. തൻ്റെ സ്വിഫ്റ്റ് കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിനു ശേഷം 2100 രൂപ കൊടുക്കേണ്ട സ്ഥാനത്ത് 1900 രൂപ കൊടുത്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ബാക്കി സംഖ്യ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ വാഹനത്തിലെ പെട്രോൾ തിരിച്ചെടുത്തോവെന്നായിരുന്നു പൊലീസുകാരൻ്റെ ധിക്കാരപരമായ മറുപടിയെന്നാണ് ആരോപണം.
ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് പെട്രോൾ പമ്പ് ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പറയുന്നത്. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസുകാരൻ കുടുങ്ങിയത്. ബോണറ്റിൽ അള്ളിപ്പിടിച്ചിരുന്ന ജീവനക്കാരനെയും കൊണ്ടു തിരക്കേറിയ നഗരത്തിലൂടെയാണ് പൊലീസ് ഡ്രൈവർ വാഹനമോടിച്ചു പോയത്. ജീവനക്കാരൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.