Modi | '11 അടവുകള്‍'; രാജ്യത്തിന് മോദിയുടെ മാസ്റ്റര്‍പ്ലാന്‍; ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ത്?
● ഡിസംബര്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നിര്‍ദേശിച്ച 11 പ്രമേയങ്ങള്‍ 'ഭരണഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് അദ്ദേഹം പറയുന്നു.
● മോദിയുടെ അടുത്ത സുഹൃത്തായ ഗൗതം അദാനിക്കും സഖ്യകക്ഷി നേതാവായ അജിത് പവാറിനും എതിരായ എല്ലാ പരാതികളും അന്വേഷിക്കും.
അർണവ് അനിത
ന്യൂഡല്‍ഹി: (KVARTHA) ഡിസംബര്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നിര്‍ദേശിച്ച 11 പ്രമേയങ്ങള്‍ 'ഭരണഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് അദ്ദേഹം പറയുന്നു, ജനാധിപത്യത്തിന് മേലുള്ള ഏത് സ്വേച്ഛാധിപത്യ ആക്രമണത്തിനും എതിരെ ശക്തമായ കവചമായി പ്രവര്‍ത്തിക്കാന്‍ ഭരണഘടനയ്ക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
പൗരനായാലും സര്‍ക്കാരായാലും എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണമെന്നതാണ് മോദി മുന്നോട്ടുവച്ച ആദ്യ പ്രമേയം. ഇതിനേക്കാള്‍ പ്രശംസനീയമായ മറ്റൊന്നില്ല. അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം മണിപ്പൂരിലായിരിക്കുമെങ്കിലും, എല്ലാ പൗരന്മാരും തുല്യതയോടെ പരിഗണിക്കപ്പെടുന്നെന്നും പ്രത്യേകാവകാശങ്ങള്‍ നല്‍കുന്നെന്നും എല്ലാത്തരം അനീതികളില്‍ നിന്നും ഭരണകൂടം സംരക്ഷിക്കുന്നെന്നും ഉറപ്പാക്കാന്‍ അദ്ദേഹം ഇനി മുതല്‍ ഭരണഘടനയുടെ അന്തസത്ത കര്‍ശനമായി പാലിക്കുമെന്നായിരുന്നു ഇതിനോട് പ്രതിപക്ഷത്തിന്റെ പരിഹാസം.
മോദിയുടെ അടുത്ത സുഹൃത്തായ ഗൗതം അദാനിക്കും സഖ്യകക്ഷി നേതാവായ അജിത് പവാറിനും എതിരായ എല്ലാ പരാതികളും അന്വേഷിക്കും, ഇനി നുഴഞ്ഞുകയറ്റക്കാരന്‍, മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കില്ല, വിഷലിപ്തമായ വര്‍ഗീയതയോട് സഹിഷ്ണുതയില്ല, ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ ഉപകരണങ്ങളായ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് (ഐടി), പോലീസ് എന്നിവ നിയമവും നീതിയും അനുസരിച്ച് പ്രവര്‍ത്തിക്കും എന്നും പരിഹാസങ്ങൾ നീണ്ടു.
ഓരോ സ്ഥാപനവും ഉത്തരവിന് അനുസൃതമായി പ്രവര്‍ത്തിക്കുകയും ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ പാലിക്കുകയും പ്രൊഫഷണലുകള്‍ ധാര്‍മ്മികത പുലര്‍ത്തുകയും ചെയ്താല്‍ ഇന്ത്യ എത്ര മഹത്തായ രാജ്യമായി മാറുമെന്ന് സങ്കല്‍പ്പിക്കുക. പ്രിയപ്പെട്ട വ്യവസായികള്‍ക്ക് കരാറുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ നല്‍കാനുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കരുത്, സുഹൃത്തുക്കളുടെ സംരക്ഷണവും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതും ഇനി വേണ്ടെന്നും പ്രതിപക്ഷം ഓർമിപ്പിച്ചു.
ന്യായാധിപന്മാര്‍ തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിധി പറയും, ബ്യൂറോക്രാറ്റുകള്‍ നിയമവിരുദ്ധത ചെറുക്കും, രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും പൊരന്മാരെ നിരീക്ഷിക്കുന്നത് എതിര്‍ക്കും, സത്യസന്ധരായ ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത് പൊലീസ് അവസാനിപ്പിക്കും, പത്രപ്രവര്‍ത്തകര്‍ സത്യാന്വേഷികളാകും, ഓരോ പൗരനും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ഭയമോ പക്ഷപാതമോ കൂടാതെ അവരുടെ കടമകള്‍ 'നിര്‍വ്വഹിക്കുകയും' ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാക്കൾ പരിഹസിച്ചു.
വികസനത്തിന്റെ പ്രയോജനം സമൂഹത്തിന്റെ എല്ലാ മേഖലയ്ക്കും ലഭിക്കണം, എല്ലാവരുടെയും പിന്തുണയോടെ സകലര്‍ക്കും വികസനം ഉണ്ടാകണം എന്നതാണ് മോദിയുടെ രണ്ടാമത്തെ പ്രമേയം. ഈ ആശയവും ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തില്‍ നിന്നാണ് ഉള്‍ക്കൊണ്ടത്. എല്ലാ മേഖലയ്ക്കും, സമൂഹത്തിലെ എ്ല്ലാ വിഭാഗത്തിനും വികസനത്തിന്റെ പ്രയോജനം ലഭിക്കും.
ഗ്രാമങ്ങളില്‍ സ്‌കൂളുകളും മികച്ച ആശുപത്രികളും ഉണ്ടാകും, പദ്ധതികള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിലേക്ക് മാറ്റില്ല, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിവേചനത്തിന്റെയും ഫണ്ടിന്റെ അഭാവത്തിന്റെയും പേരില്‍ സമരംനടത്തേണ്ടിയും കോടതി കയറേണ്ടിയും വരില്ല, ക്ഷേത്രങ്ങള്‍ മാത്രം പണിയുകയും ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മാത്രം വികസിപ്പിക്കുകയും ചെയ്യുന്ന ആ വിഭാഗീയ സമീപനം തുടച്ചുനീക്കും, പ്രതിമകള്‍, സ്മാരകങ്ങള്‍, ബുള്ളറ്റ് ട്രെയിനുകള്‍, എക്‌സ്പ്രസ് വേകള്‍ എന്നിവയ്ക്കായി വിഭവങ്ങള്‍ പാഴാക്കുന്നതിനുപകരം, ഭൂരിഭാഗം ദരിദ്രരും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് ചെലവഴിക്കും, ഇതൊക്കെ പ്രതീക്ഷിക്കാമോ ഇനിയെന്ന് പ്രതിപക്ഷം രൂക്ഷമായി ചോദ്യം ഉന്നയിച്ചു.
അഴിമതിയോട് സഹിഷ്ണുത കാണിക്കരുത് എന്നതാണ് മൂന്നാമത്തെ പ്രമേയം. അഴിമതിക്കാരെ സാമൂഹികമായി അംഗീകരിക്കരുത്, അത്തരക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാലും ഒരു സംരക്ഷണവും ഉണ്ടാകില്ല, പഴയ വാഷിംഗ് മെഷീന്‍ വിഡ്ഢിത്തം! ബൊഫോഴ്സ് സമഗ്രമായി അന്വേഷിച്ചാല്‍, റഫാലും അങ്ങനെ തന്നെ അന്വേഷിക്കുമെന്നും പ്രതിപക്ഷം പരിഹസിച്ചു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെയുള്ള എല്ലാ പരാതികളും ആരോപണങ്ങളും തെറ്റായ കുറ്റങ്ങളും, ചട്ടങ്ങള്‍ തെറ്റിച്ച് നല്‍കിയ എല്ലാ കരാറുകളും അന്വേഷിക്കും, അദാനിക്ക് കരാര്‍ ലഭിക്കാന്‍ സഹായിച്ച മോദിയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി ലജ്ജിക്കും, ആയുഷ്മാന്‍ ഭാരതിലോ റോഡ് പദ്ധതികളിലോ ക്രമക്കേടുണ്ടെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയാല്‍ സിബിഐക്ക് പെട്ടെന്ന് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കും, രാഷ്ട്രീയക്കാരുടെ ഏറ്റവും പ്രശസ്തമായ അഭയകേന്ദ്രമായ ജയിലുകള്‍ അടച്ചുപൂട്ടപ്പെടും, ഇതൊക്കെ സാധ്യമാണോ എന്നാണ് മോദി വിരുദ്ധരുടെ ചോദ്യം.
രാജ്യത്തെ നിയമങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ പാലിക്കുന്നതില്‍ പൗരന്മാര്‍ അഭിമാനിക്കണം, അഭിമാനബോധം ഉണ്ടായിരിക്കണം എന്നതാണ് നാലാമത്തെ പ്രമേയം. ക്ഷേത്രത്തിനു മുന്നില്‍ വാളെടുത്ത് ആക്രോശിച്ചും നൃത്തം ചെയ്തും എന്തിനാണ് നിയമങ്ങള്‍ ലംഘിക്കുന്നത്? പശുക്കടത്ത് പ്രതികളെ തല്ലിക്കൊന്നിട്ട് എന്തിന് നിയമം കൈയിലെടുക്കണം എന്നായിരുന്നു ഇതിനോട് വിമർശകരുടെ ചോദ്യം.
ബുദ്ധനും ഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ സംയോജിത സംസ്‌കാരത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യത്തില്‍ അഭിമാനിക്കുക. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച ജവഹറല്‍ നെഹ്റുവിനെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്ത്തുന്നതില്‍ അര്‍ത്ഥമില്ല. സമൂഹത്തിനും രാജ്യത്തിനും ചെറിയ സംഭാവന പോലും ചെയ്യാത്ത ന്യൂജെന്‍മാര്‍ ദേശീയ നായകന്മാരെ അപമാനിക്കുമ്പോള്‍ അത് മോശമായി തോന്നുന്നു, ഇതൊന്നും നമ്മുടെ പാരമ്പര്യമല്ലെന്നും അവർ ഓർമിപ്പിക്കുന്നു.
അടിമത്ത മാനസികാവസ്ഥയില്‍ നിന്ന് മോചനം ഉണ്ടാകണം, രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനം ഉണ്ടാകണം എന്നതാണ് അഞ്ചാമത്തെ പ്രമേയം. സംശയമില്ല, പൈതൃകത്തെ നിഷേധിക്കാനോ വികലമാക്കാനോ കഴിയില്ല. സ്വാതന്ത്ര്യം വിലമതിക്കാനാവാത്തതാണ്, എല്ലാത്തരം ഭയവും അടിമത്തവും ഇല്ലാതാക്കേണ്ടതുണ്ട് എന്നകാര്യവും പ്രധാനമന്ത്രി ഓര്‍മിക്കണമെന്നും ഇൻഡ്യ നേതാക്കൾ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തെ സ്വജനപക്ഷപാതത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് ആറാമത്തെ പ്രമേയം. വളരെ സുപ്രധാനമായ കാര്യമാണ്, രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ മക്കളെയും പെണ്‍മക്കളെയും പ്രോത്സാഹിപ്പിക്കാനുള്ള അവകാശം ജനാധിപത്യത്തിലില്ല. അവര്‍ അധ്വാനിച്ച് ഇഷ്ടമുള്ള മേഖല തെരഞ്ഞെടുക്കട്ടെ. ജനംവിധിയെഴുതിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് പതിറ്റാണ്ടുകളോളം സമരം ചെയ്ത് പ്രധാനമന്ത്രിയാകേണ്ടി വരൂ, ആവശ്യമായ വൈദഗ്ധ്യവും കഴിവും ഇല്ലാത്ത ആരെങ്കിലും ഏതെങ്കിലും ദേശീയ, അന്തര്‍ദേശീയ പ്രസ്ഥാനങ്ങളുടെയോ, സ്ഥാപനങ്ങളുടെയോ തലവനാകുകയാണെങ്കില്‍, സ്വജനപക്ഷപാതമാണെന്ന വിമര്‍ശനം ഉയരും.
രാഷ്ട്രീയ നേട്ടത്തിനായി ഭരണഘടന ആയുധമാക്കരുത്, ഭരണഘടനയെ മാനിക്കണം എന്നതാണ് ഏഴാമത്തെ പ്രമേയം. തുല്യത, നീതി, സാഹോദര്യം, മതേതരത്വം എന്നീ ഭരണഘടനാ തത്വങ്ങളില്‍ അചഞ്ചലമായ വിശ്വാസമില്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാപനത്തിനോ വ്യക്തിക്കോ മാന്യനാകാന്‍ കഴിയുമോ? വാസ്തവത്തില്‍, ഈ തത്ത്വങ്ങള്‍ ലംഘിക്കുന്ന എല്ലാ സംഘടനകളെയും വ്യക്തികളെയും നിയമവിരുദ്ധവും പൊതുജീവിതത്തിന് അയോഗ്യരാണെന്നും പ്രഖ്യാപിക്കണം.
ഭരണഘടനയോട് പ്രതിബദ്ധതയുള്ളവര്‍ക്ക് നല്‍കുന്ന സംവരണം തട്ടിയെടുക്കരുതെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എട്ടാമത്തെ പ്രമേയം. വളരെ നല്ലകാര്യമാണ്, കാരണം മതം പ്രത്യേക പദവികളുടെയോ വിവേചനത്തിന്റെയോ അടിസ്ഥാനമാകില്ല.
സ്ത്രീകള്‍ നയിക്കുന്ന വികസനത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാകണം എന്നതാണ് ഒമ്പതാം പ്രമേയം. സ്ത്രീകള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന ആവശ്യമാണ്. സ്ത്രീ ശാക്തീകരണത്തിനാണ് എല്ലാ സര്‍ക്കാരുകളും മുന്‍ഗണന നല്‍കേണ്ടത്, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റം ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുത്. സമൂഹമാധ്യമങ്ങളില്‍ രാവും പകലും സ്ത്രീകളെ അധിക്ഷേപിക്കുന്ന സൈബര്‍ പോരാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാന വികസനത്തിലൂടെ രാഷ്ട്രത്തിന്റെ വികസനം, ഇതായിരിക്കണം നമ്മുടെ വികസനമന്ത്രം എന്നതാണ് പത്താം പ്രമേയം. 2014-ല്‍ താന്‍ അധികാരത്തിലേറിയപ്പോള്‍ ഉയര്‍ത്തിയ ആശയം 'സഹകരണ ഫെഡറലിസം' എന്നാണെന്ന് പ്രധാനമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടുമുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചു.
ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ലക്ഷ്യം പരമപ്രധാനമായിരിക്കണമെന്ന് പതിനൊന്നാം പ്രമേയത്തില്‍ മോദി പറഞ്ഞു. ഐക്യം ഉള്‍ക്കൊള്ളുന്ന ഏക് ഭാരത്, ഗാന്ധിയന്‍ ധാര്‍മ്മികതയുടെ കുലീനത വിളിച്ചോതുന്ന ശ്രേഷ്ഠ ഭാരതം എന്നിവയെ ഇന്ത്യയിലാരും എതിര്‍ക്കില്ല. അനുകമ്പയ്ക്കും സഹിഷ്ണുതയ്ക്കും സ്‌നേഹത്തിനും ക്ഷമയ്ക്കും പേരുകേട്ട നാടാണ് ഇന്ത്യ. രാജ്യത്തുള്ളവരെല്ലാം പ്രധാനമന്ത്രിയുടെ ആഹ്വാനം ശ്രദ്ധിക്കുകയും സമാധാനപരവും ഉന്നതവുമായ നിലനില്‍പ്പിനായി പ്രവര്‍ത്തിക്കുകയും ചെയ്യും.
ഈ പ്രമേയങ്ങളുമായി ഒരുമിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍, 140 കോടി രാജ്യക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കും. പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കവികളെയും എഴുത്തുകാരെയും അഭിഭാഷകരെയും പ്രതിപക്ഷനേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കാര്യമല്ല. 84 വയസ്സുള്ള മാന്യനായ ഒരു സന്നദ്ധപ്രവര്‍ത്തകന് അസുഖം കാരണം ഗ്ലാസില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഴിയാത്തതിനാല്‍ സ്‌ട്രോയ്ക്ക് വേണ്ടി കരഞ്ഞുവിളിക്കുകയും ജയിലില്‍ കിടന്ന് മരിക്കുകയും ചെയ്യുന്ന അവസ്ഥ ശ്രേഷ്ഠ ഭാരതത്തിന് നല്ലതല്ല. പൗരന്മാരുടെ രാഷ്ട്രീയ അവബോധം നിയന്ത്രിക്കപ്പെടുകയും സ്വാതന്ത്ര്യങ്ങള്‍ വികൃതമാക്കപ്പെടുകയും ചെയ്യുന്നത് അഭികാമ്യമല്ല. ഇപ്പോള്‍ ഭരണകര്‍ത്താക്കളുടെ വിസ്മൃതിയില്‍ കിടക്കുന്ന എണ്ണമറ്റ ക്ഷേമ പദ്ധതികളുടെ വാഗ്ദാനങ്ങള്‍ പോലെ ഈ 11 പ്രമേയങ്ങളും മറവിയുടെ മലവെള്ളപ്പാച്ചിലില്‍ ഒഴുകാന്‍ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
കടപ്പാട്: ദ വയര്‍
#Modi, #India, #Reforms, #Democracy, #Proposals, #Governance