Remembrance | ദേശീയ പുനരർപ്പണ ദിനം: ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 വർഷം; രാജ്യം മറക്കില്ല ഉരുക്ക് വനിതയെ
● ഇന്ദിരാഗാന്ധി ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ആയിരുന്നു.
● 1984-ല്‍ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു കൊല്ലപ്പെട്ടു.
● അടിയന്തരാവസ്ഥ കറുത്ത അധ്യായങ്ങളിൽ ഒന്നായിരുന്നു.
കനവ് കണ്ണൂർ
(KVARTHA) ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ആധുനിക ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിയായിട്ട് 40 വർഷം. മരിക്കുന്നതിന് തൊട്ടു തലേദിവസം ഒറീസ്സയുടെ തലസ്ഥാനമായ കട്ടക്കിൽ വച്ച് തന്റെ അന്ത്യം ദീർഘദൃഷ്ടിയിൽ കണ്ടതുപോലെ പറഞ്ഞ വാക്കുകൾ അറം പറ്റിയതുപോലെ സംഭവിച്ച ദിവസം. എന്റെ ഓരോ തുള്ളി ചോരയും രാഷ്ട്രത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും എന്ന് പറഞ്ഞ് 24 മണിക്കൂർ തികയും മുമ്പ് അവർ പറഞ്ഞതുപോലെ സംഭവിച്ചു.
അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ ഭിന്ദ്രൻ വാലയുടെ നേതൃത്വത്തിൽ താവളമാക്കിയ ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്നും ക്ഷേത്രം വിമോചിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട് ചില തീവ്ര സിഖ് മത വിശ്വാസികളിൽ ഇന്ദിരാഗാന്ധിയോടുള്ള അസഹിഷ്ണുത അവരിൽ പ്രതികാര മനസ്തിഥി സൃഷ്ടിച്ചിട്ടുണ്ട് എന്നും അതിനാൽ സുരക്ഷാ സ്റ്റാഫിൽ നിന്നും അവരെ മാറ്റണമെന്നും നിർദ്ദേശം വന്നപ്പോൾ അതിന് പൂർണമായും അവഗണിച്ച ഇന്ദിരാഗാന്ധി, എന്റെ നാട്ടുകാരെ അവരുടെ മതവിശ്വാസത്തിന്റെ പേരിൽ ഞാൻ അന്യനായി കണ്ടാൽ പിന്നെ ഞാൻ വിശ്വസിക്കുന്ന മതേതരത്വത്തിന് എന്ത് പ്രസക്തി എന്ന് ചോദിച്ചത് ചരിത്രം.
പക്ഷേ മനസ്സിൽ പകയുടെ ഇരമ്പലുകൾ സൂക്ഷിക്കുന്ന വ്യക്തികളുടെ മുമ്പിൽ ഇന്ദിരാഗാന്ധിയുടെ നിലപാടിന് വിലയില്ലായിരുന്നു. അതിൽ പെട്ട രണ്ടുപേർ ചേർന്ന് യന്ത്രത്തോക്ക് ഉപയോഗിച്ച് ഇന്ദിരാഗാന്ധിയുടെ നെഞ്ചിലേക്ക് എത്ര റൗണ്ട് വെടിവെച്ചു എന്ന് അവർക്ക് പോലും അറിയില്ലായിരുന്നു. അരിപ്പ വീണ പോലുള്ള ശരീരവുമായി ഇന്ദിരാഗാന്ധി ഭൂമിയിലേക്ക് നിലം പതിച്ചപ്പോൾ അവർ ഒരു ആത്മ സംതൃപ്തിയിൽ ആയിരുന്നു. മനസ്സിലെ പ്രതികാരം തീർത്ത ആത്മസംതൃപ്തി. പക്ഷേ അത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടായിരുന്നു എന്ന സത്യം മത തീവ്രവാദം മനസ്സിലേറ്റിയവർക്കു മനസ്സിലാവില്ലല്ലോ?
'ഞങ്ങൾക്കു ചെയ്യാനുള്ളത് ചെയ്തു, ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്തോളൂ', എന്ന് പറഞ്ഞു ആ സുരക്ഷാ ഭടന്മാർ നിർവികാരരായി നിൽക്കുകയായിരുന്നു. ഇന്ത്യയുടെ പ്രിയദർശിനിയുടെ ചരമദിനമാണ് ദേശീയ പുനർപ്പണ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു. 1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്.
1959 ൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്റെ മരണ ശേഷം ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു. കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചു.
ഇന്ദിരാഗാന്ധിയുടെ നയങ്ങളോടുള്ള ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ സമ്പൂർണ വിപ്ലവ പരിപാടിയിൽ പ്രതിഷേധിച്ചു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം ഉറപ്പിക്കുക എന്ന ആവശ്യവുമായി1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു ജനാധിപത്യ ഭരണാധികാരി എന്ന നിലയിലുള്ള അവരുടെ എല്ലാ ഗുണമേന്മകളും ഇല്ലാതാക്കിയ ഒന്നായിരുന്നു. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിര പ്രിയദർശിനിയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത് മുൻപന്തിയിലായിരുന്ന ജവഹർലാൽ നെഹ്രുവിന്റെയും കമല നെഹ്രുവിന്റേയും മകളായി 1917 നവംബർ 19നാണ് ഇന്ദിര പ്രിയദർശിനി ജനിച്ചത്. ഫിറോസിനെ 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുൻപായി ഇന്ദിര വിവാഹം ചെയ്തു. പാർസി യുവാവായ ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹം ജവഹർലാഹലിന് താൽപര്യമില്ലായിരുന്നെങ്കിലും, മകളുടെ ആഗ്രഹത്തിന് അദ്ദേഹം എതിരുനിന്നില്ല. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഫിറോസും ഇന്ദിരയും താമസിയാതെ തടവിലായി. 1944-ൽ രാജീവ് ഗാന്ധിക്കും 1946-ൽ സഞ്ജയ് ഗാന്ധിക്കും ജന്മംനൽകി.
1964-ൽ നെഹ്രു അന്തരിച്ചു. ഇന്ദിര രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി തന്റെ മന്ത്രിസഭയിൽ ഇന്ദിരയെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു ഇത്. ഭരണരംഗത്ത് ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഇന്ത്യാ-പാക് സമാധാന ശ്രമങ്ങൾക്കിടയിൽ ലാൽ ബഹാദൂർ ശാസ്ത്രി സോവിയ റ്റ് യൂണിയനിലെ താഷ്ക്കൻറിൽ വച്ച് മരണമടഞ്ഞു. ഇന്ദിരയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് അതോടെ ശക്തിയേറി.
മൊറാർജി ദേശായി ഇന്ദിരക്കെതിരേ മത്സരിക്കാൻ തീരുമാനിച്ചു. ദേശായിക്ക് തിരഞ്ഞെടുപ്പിൽ 169 വോട്ടുകൾ ലഭിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി 355 വോട്ടുകൾ നേടി ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി. ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഒന്നാണ് വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം. പതിനാല് വാണിജ്യ ബാങ്കുൾ ഇന്ദിരാ സർക്കാർ ദേശസാൽക്കരിച്ചു.
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ മറ്റൊരു സംഭവം. ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. അന്നത്തെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ദിരയെ ദുർഗ്ഗാദേവിയോടാണ് ഉപമിച്ചത്. 1974 ൽ രാജസ്ഥാനിലെ പൊക്രാൻ മരുഭൂമിയിൽ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി. ‘ബുദ്ധൻ ചിരിക്കുന്നു’ എന്നു രഹസ്യ പേരിട്ടതായിരുന്നു ഈ പരീക്ഷണം. 1971-ലെ യുദ്ധത്തിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുകയും സമ്പദ്‌വ്യവസ്ഥ വൻപിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു.
1977-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു, ഇന്ദിരാഗാന്ധി റായ്ബറേലി മണ്ഡലത്തിൽ ജനതാപർട്ടി സ്ഥാനാർത്ഥിയായ രാജ്നാരായണനോട് പരാജയപ്പെട്ടു. തുടർന്ന് ജനതാപാർട്ടിയിലെ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു.
ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്ദിരയെ, പ്രസിഡണ്ട് വി.വി. ഗിരി രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്നം നൽകി ആദരിച്ചു. 2011-ൽ ബംഗ്ലാദേശ് സർക്കാർ അവരുടെ പരമോന്നത ബഹുമതിയായ, ബംഗ്ലാദേശ് ഫ്രീഡം ഹോണർ മരണാനന്തരമായി നൽകി ആദരിച്ചിട്ടുണ്ട്.
#IndiraGandhi #IronLady #NationalReformationDay #IndianHistory #Tribute