Criticism | പി പി ദിവ്യയും കൊടകരയും 'ഒഴിപ്പിക്കാന്‍' നടത്തിയ പൊറാട്ട് നാടകം ബൂമറാങ് ആകുമോ?
● പാലക്കാട് നടന്ന സംഭവങ്ങൾ രാഷ്ട്രീയ ചൂടേറ്റി
● സംഭവം കൊടകര കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കെ
● പൊലീസിന്റെ നീക്കം വിവാദമായി.
ആദിത്യൻ ആറന്മുള
(KVARTHA) അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് പലപ്പോഴും സിപിഎമ്മിന് തിരിച്ചടിയായിട്ടുള്ളത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് എതിരാളിയാണെങ്കിലും നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബിജെപിയുടെ വരവ് തടയേണ്ടത് ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യാവശ്യമാണ്. ഇക്കാര്യം സിപിഎമ്മിന് അറിയാമെങ്കിലും കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് അവര്‍ അടുത്തകാലത്തായി പിന്തുടരുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ എപ്പിസോഡാണ് പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പാതിരാ നാടകം.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയും സിപിഎമ്മും ഒരു പോലെ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു അസാധാരണ സംഭവം നടക്കുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ ഒന്നേകാല്‍ കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. 41 കോടി 40 ലക്ഷം രൂപ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി നേതാക്കള്‍ക്ക് വിതരണം ചെയ്‌തെന്ന് ധര്‍മരാജന്റെ മൊഴിയുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേസെടുക്കാന്‍ സിപിഎം തയ്യാറായില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ശേഷം തുടര്‍ന്നുള്ള അന്വേഷണത്തിന് ഇഡി പോലുള്ള ഏജന്‍സി വേണമെന്നാണ് ആവശ്യപ്പെട്ടത്.
ഇഡി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇതേക്കുറിച്ച് സിപിഎം യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ലായിരുന്നു. കരുവന്നൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിപിഎം പുനരന്വേഷണത്തിന് തയ്യാറായത്. സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിനെതിരെ രംഗത്ത് വന്നതും കൊടകരയും കൂടിയായപ്പോള്‍ കെ.സുരേന്ദ്രനും സംഘവും വലിയ പ്രതിസന്ധിയിലായി.
എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും പ്രതിഷേധം നേരിടുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണ്. ഇതെല്ലാം മറയ്ക്കാനും വിവാദം കൊഴുപ്പിച്ച്, ജനശ്രദ്ധതിരിച്ച് വോട്ട് നേടാനുമുള്ള സിപിഎം തന്ത്രം തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് പാലക്കാട് നടന്നത്.
എല്ലാ നേതാക്കളുടെയും മുറികളില്‍ പരിശോധന നടന്നെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസുകാരുടെ മുറിയില്‍ റെയ്ഡ് നടത്താന്‍ മാത്രം എന്തിന് തിടുക്കംകാട്ടി. അത് അവര്‍ രാഷ്ട്രീയ ആയുധം ആക്കുകയും ചെയ്തു. അതിനെ നേരിടാന്‍ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പാഞ്ഞെത്തുന്നു. ഇവരെങ്ങനെ പരിശോധനാ വിവരം അറിഞ്ഞു. അതിനര്‍ത്ഥം ഇതെല്ലാം വളരെ ആസൂത്രണത്തോടെ ചെയ്ത കാര്യങ്ങളാണെന്നാണ്. ബിജെപി വനിതാ നേതാക്കളുടെ മുറിയില്‍ ബലംപ്രയോഗിച്ച് അകത്ത് കടക്കാതിരുന്ന പൊലീസ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ അതിന് ശ്രമിച്ചു.
സിപിഎം ഭരിക്കുമ്പോള്‍ അവരുടെ അനുമതിയില്ലാതെ പൊലീസ് പരിശോധനയ്ക്ക് എത്തുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷനാണ് പൊലീസിന്റെ ചുമതലയെന്ന വാദം നിരത്തിലായും ആരും വിശ്വസിക്കില്ല. കാരണം അങ്ങനെയെങ്കില്‍ റെയ്ഡ് വിവരം എഡിഎം അറിയണ്ടേ, അതുണ്ടായില്ല. പക്ഷെ, ഡിവൈഎഫ്‌ഐക്കാരും യുവമോര്‍ച്ച പ്രവര്‍ത്തകരും അറിഞ്ഞു. എന്നിട്ട് അവര്‍ ഒരുമിച്ച് നിന്ന് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതൊക്കെ വല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആയിരുന്നെങ്കില്‍ സംഗതി ജോറാകുമായിരുന്നു.
പാലക്കാട്ടെ കോണ്‍ഗ്രസില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നു. സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയെന്ന ആക്ഷേപമാണ് ആദ്യം ഉയര്‍ന്നത്. അതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആരോപണങ്ങളുയര്‍ന്നു. രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഷാഫിക്കെതിരെ ആഞ്ഞടിച്ച ശേഷം പാര്‍ട്ടിവിട്ടു. ഡിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും ഷാഫിക്കെതിരെ രംഗത്ത് വന്നു. മറ്റാരെയും വളരാന്‍ ഷാഫി സമ്മതിക്കില്ലെന്നായിരുന്നു പ്രധാന കുറ്റപ്പെടുത്തല്‍.
തൊട്ടുപിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഏകപക്ഷീയമായി കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിനെഴുതിയ കത്ത് പുറത്തുവന്നു. അതോടെ പ്രതിപക്ഷനേതാവിനും കെ.സുധാകരനും എതിരെ ശക്തമായ വികാരമാണ് മണ്ഡലത്തിലും പുറത്തുമുണ്ടായത്. അങ്ങനെ കോണ്‍ഗ്രസില്‍ വിഭാഗീയത കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് സിപിഎമ്മിന്റെ പാതിരാ നാടകവണ്ടി എത്തുന്നത്. ആ വണ്ടി പക്ഷെ, കോണ്‍ഗ്രസുകാരെ ഒന്നിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.
പിപി വിദ്യയുടെ വിഷയമായാലും കൊടകര കേസായാലും ജനഹിതം അനുസരിച്ച് അവ കൈകാര്യം ചെയ്യാതെ ജനങ്ങളെ പൊട്ടന്മാരാക്കാന്‍ നോക്കുന്ന ഇത്തരം ചീഞ്ഞബുദ്ധി ആരുടെ തലയില്‍ ഉദിച്ചതായാലും അത് സിപിഎമ്മിന് നല്ലതല്ല. കോന്നി ഏര്യാ സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ പറഞ്ഞത്, പിപി ദിവ്യ എന്റെ ഘടകത്തിലായിരുന്നെങ്കില്‍ ആ പാര്‍ട്ടിക്കുള്ളില്‍ അവര്‍ കാണില്ലായിരുന്നു എന്നാണ്. അതുപോലെ ആര്‍ജ്ജവമുള്ള നേതാക്കള്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയില്‍ ഇല്ലാതെ പോകുന്നു എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്.
എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പരസ്യമായി പറയുമ്പോഴും അണിയറയില്‍ പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും അതുണ്ടാകും. കേസ് ഏത് വിധേനയും അട്ടിമറിക്കാന്‍ അവര്‍ ഏതറ്റംവരെയും പോകും. കാരണം പിപി ദിവ്യ വെറുമൊരു ടൂള്‍ മാത്രമാണ്, നവീന്‍ ബാബുവിനെ അപമാനിച്ച് യാത്രയയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ കണ്ണൂര്‍ ജില്ലയിലെ ചില ഉന്നതനേതാക്കളുണ്ടെന്ന ആരോപണം കെ.സുധാകരനടക്കം ഉന്നയിച്ചിട്ടുണ്ട്.
നേതാക്കളും പാര്‍ട്ടിയും സര്‍ക്കാരും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ന്യായമായി പരിഹരിക്കാതെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്നത് സിപിഎമ്മിന് ഗുണകരമല്ല. കാരണം തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കുന്നു. അതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരും. ജനം കരുതിയിരിക്കുകയാണ്.
#KeralaPolitics #PPDivya #KodakaraCase #CPM #Corruption #Election