Criticism | ഡല്‍ഹിയില്‍ ആം ആദ്മിയുമായി പോര്; കോണ്‍ഗ്രസ് ബിജെപിയുടെ പണം വാങ്ങിയോ?

​​​​​​​

 
 AAP_Congress_Political_Clash
 AAP_Congress_Political_Clash

Photo Credit: X/ Delhi Congress, Arvind Kejriwal

● ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തർക്കം 
● കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് എഎപി 
● ഇന്ത്യാ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ശക്തമാകുന്നു

ആദിത്യൻ ആറന്മുള 

(KVARTHA) ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയുള്ള പോര് ബിജെപിക്ക് അനുകൂലമാകും എന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് പ്രകടനപദ്ധതിയില്‍ നിരവധി ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയ്ക്ക് പരാതി നല്‍കുകയും അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷ്ണര്‍ എന്നിവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസ് മുമ്പും സമാനമായ രീതിയില്‍ ആംആദ്മിയെ വെട്ടിലാക്കിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതും മൂന്ന് നേതാക്കളെ ഇഡി അറസ്റ്റു ചെയ്തതും. കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചെങ്കിലും വിചാരണ നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എഎപി പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ യോജനയ്ക്കായി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സന്ദീപ് ദീക്ഷിതിന്റെ പ്രധാന ആരോപണം. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി ഭരിക്കുന്ന പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പണം അനധികൃതമായി എത്തിക്കുന്നെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് ബിജെപിയുടെ ബിടീമായി മാറിയെന്നും ബിജെപി കോണ്‍ഗ്രസിന് വലിയതോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും കെജ്‌രിവാള്‍ ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ബിജെപിയാണ് വഹിക്കുന്നതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിലൂടെ ഞങ്ങള്‍ കണ്ടെത്തി. സന്ദീപ് ദീക്ഷിതിന് ബിജെപി ധനസഹായം നല്‍കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. എഎപി ദേശവിരുദ്ധരാണെന്ന് കോണ്‍ഗ്രസ് കരുതുന്നുവെങ്കില്‍, പിന്നെ എന്തിനാണ് അവര്‍ ഞങ്ങളുമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ചത്? എന്നും അദ്ദേഹം ചോദിച്ചു.

എഎപി ദേശവിരുദ്ധരാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ആരോപിച്ചതോടെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഇന്ത്യാ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് എഎപി ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് അധികാരത്തിലേറാമെന്ന അമിത ആത്മവിശ്വാസം നിമിത്തം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഎപി തീരുമാനിച്ചത്. 

കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്താനും ഡല്‍ഹിയില്‍ ബി.ജെ.പിയെ വിജയിപ്പിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുമായി ചില പരസ്പര ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയില്ലെങ്കില്‍ 24 മണിക്കൂറിനകം അജയ് മാക്കനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എഎപി പരാജയപ്പെട്ടെന്നും മലിനീകരണം, നഗര സൗകര്യങ്ങള്‍, ക്രമസമാധാനം എന്നീ വിഷയങ്ങളിലെ കെടുകാര്യസ്ഥതയ്ക്കും ആപ്പിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് ഡല്‍ഹി കോണ്‍ഗ്രസ് ധവളപത്രം പുറത്തിറക്കി. ജന്‍ലോക്പാല്‍ സമരത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലെത്തിയ പാര്‍ട്ടി അഴിമതി വിരുദ്ധ ഓംബുഡ്സ്മാനെ സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് എഐസിസി ട്രഷറര്‍ അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം തെറ്റാണെന്നും അജയ് മാക്കന്‍ ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. 

2013ല്‍ ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ പിന്തുണയാണ് ഡല്‍ഹിയുടെയും കോണ്‍ഗ്രസിന്റെയും ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും പറഞ്ഞു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പരാജയത്തോടെ അസ്വസ്ഥരായ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ എങ്ങനെയും അധികാരം തിരിച്ച് പിടിക്കാനാണ് ഇത്തരം കളികള്‍ കളിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസും ഉന്നയിക്കുന്നത് ഇന്ത്യ സംഖ്യത്തില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. നിലവില്‍ ആര്‍ജെഡി, എന്‍സിപി, ടിഎംസി എന്നിവര്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വരുകയും ഇന്ത്യാസഖ്യത്തിന്റെ നേതൃസ്ഥാനം കോണ്‍ഗ്രസില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 
കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയിലെ എഎപി സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്‍മെന്റും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. എന്നാല്‍ ഡല്‍ഹിയിലെ ജനം ഇതെല്ലാം തള്ളിക്കളയുമെന്നാണ് എഎപി പറയുന്നത്. ബിജെപി എഎപി അനുഭാവികളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. അതിനിടെയിലാണ് കോണ്‍ഗ്രസ് കൂടി ഭരണകക്ഷിയെ പ്രതിരോധത്തിലാക്കുന്നത്. 

കോണ്‍ഗ്രസ് അധ്യക്ഷനോ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെടിവയ്പ്പ് ഉണ്ടായപ്പോള്‍ രാഹുല്‍ഗാന്ധി ഒറ്റയ്ക്ക് പോയതിനെ സമാജ് വാദി പാര്‍ട്ടി എതിര്‍ത്തിരുന്നു. ഇന്ത്യാസഖ്യത്തിലുള്ളവര്‍ ഒറ്റയ്ക്കല്ലേ പോകേണ്ടത് എന്നാണ് അഖിലേഷ് യാദവ് ചോദിച്ചത്. കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നിലപാടുകളില്‍ സഖ്യകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നിലപാട് എങ്ങനെയാണ് പ്രതിഫലിക്കുകയെന്ന് പ്രവചിക്കാനാകില്ല.

#DelhiPolitics #AAPvsCongress #IndiaAlliance #Kejriwal #ElectionNews #BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia