Announcement | നിര്‍ണായക നീക്കത്തിനൊരുങ്ങി വിജയ്; തമിഴക വെട്രി കഴകത്തിന്റെ പതാക ഉടന്‍ പുറത്തിറക്കും; മഞ്ഞയും വാകപ്പൂവും പ്രതീകമായേക്കും
ചെന്നൈ: (KVARTHA) തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന തമിഴ്‌നാട് വെട്രി കഴകം (Tamilaga Vettri Kazhagam) തങ്ങളുടെ പാർട്ടി പതാക പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 22ന് ചെന്നൈയ്ക്കു സമീപം പനയൂരിൽ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ വിജയ് (Vijay), തന്‍റെ പാർട്ടി പതാക (Flag) പുറത്തിറക്കും.
പുതിയ പതാകയിൽ മഞ്ഞ നിറവും വാകപ്പൂവും ഉണ്ടാകുമെന്നാണ് സൂചന. തമിഴ്‌നാട്ടിൽ സമത്വത്തിന്റെ പ്രതീകമായാണ് മഞ്ഞ നിറം കണക്കാക്കുന്നത്. കാര്‍ഷിക സമ്പൽ സമൃദ്ധിയുടെ പ്രതീകമായി വാകപ്പൂവിനെയും കാണുന്നു. ഈ രണ്ട് ചിഹ്നങ്ങളും തമിഴ്‌നാട് വെട്രി കഴകത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്.
തിങ്കളാഴ്ച പൗർണമി ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് മഞ്ഞ നിറത്തിലുള്ള കൊടി ഉയർത്തിയിരുന്നു. ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങിലേക്ക് തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഭാരവാഹികളെ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 22ന് വിഴുപുരം ജില്ലയിലെ വിക്രവണ്ടിയിൽ ആദ്യ സംസ്ഥാന സമ്മേളനം നടത്താനുള്ള തീരുമാനവും പാർട്ടി എടുത്തിട്ടുണ്ട്.
വിജയ് അഭിനയിക്കുന്ന 'ഗോട്ടി' എന്ന ചിത്രത്തിന്റെ റിലീസിനോട് ചേർന്ന് പാർട്ടി പ്രചാരണം ശക്തമാക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം. സെപ്റ്റംബർ 5ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഫ്‌ലക്‌സ് ബോർഡുകളോടൊപ്പം പാർട്ടി പതാക വ്യാപകമായി സ്ഥാപിക്കാനുള്ള നിർദേശവും പാർട്ടി ഭാരവാഹികൾ നൽകിയിട്ടുണ്ട്.
അന്തരിച്ച ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്തിന്റെ ചെന്നൈയിലെ വസതിയിൽ വിജയ് സന്ദർശനം നടത്തി. വിജയകാന്തിനെ 'ഗോട്ടി' സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി അവതരിപ്പിക്കാൻ അനുമതി നൽകിയതിന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തിനോട് വിജയ് നന്ദി അറിയിച്ചിട്ടുണ്ട്.
#Vijay, #TamilNaduPolitics, #NewParty, #TamilagaVetriKazhagam, #Flag, #Goti