Criticism | മുകേഷിലൂടെ സർക്കാരിന് കിട്ടിയ പണി സിദ്ദീഖിന് തുണയായതെങ്ങനെ?
● ലൈംഗിക ആക്രമണ കേസിൽ താരങ്ങളുടെ രാഷ്ട്രീയ സ്വാധീനം ചൂണ്ടിക്കാട്ടി വിമർശനം
● താരങ്ങളുമായുള്ള സിപിഎമ്മിന്റെ അടുപ്പം പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് വഴിയൊരുക്കി എന്നും വിമർശനം.
ആദിത്യൻ ആറന്മുള
(KVARTHA) നടന്‍ മുകേഷിന്റെ അഭിനയം ഏറെ ഇഷ്ടമായത് കൊണ്ടാണ്, സിപിഐക്കാരനായ താരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സീറ്റ് നല്‍കി മത്സരിപ്പിച്ച് വിജയിപ്പിച്ച് എംഎല്‍എയാക്കിയത്. എന്നാല്‍ ആ മുകേഷ് കാരണം പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് നാണംകെട്ട് നില്‍ക്കുകയാണിപ്പോള്‍. മുകേഷിനെതിരെ നടി നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ജാമ്യം ലഭിച്ചെങ്കിലും അതിനെതിരെ അപ്പീല്‍ നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അടുത്ത ദിവസം അന്വേഷണ സംഘം മലക്കംമറിഞ്ഞു. അതിന് കാരണം സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടായിരുന്നുവെന്നാണ് വിമർശനം.
ഒരു ഇടതുപക്ഷ എംഎല്‍എ അറസ്റ്റിലായി അകത്ത് കിടന്നാല്‍ വലിയ നാണക്കേടായിരിക്കും. അങ്ങനെ മുകേഷിനെ സംരക്ഷിച്ചു. ഇതിനിടെ നടന്‍ സിദ്ധിഖിനെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം 28നായിരുന്നു അത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് അന്വേഷിച്ചത്. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി ഇടപെട്ടതോടെ സിദ്ധിഖിന്റെ കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഏറ്റെടുക്കുകയായിരുന്നു.
തെളിവുകള്‍ ഉണ്ടായിട്ടും സിദ്ധിഖിനെ ചോദ്യം ചെയ്യാനോ, അറസ്റ്റിന് നിയമപരമായ തടസ്സമില്ലാതിരുന്നിട്ടും അതിനോ എസ്‌ഐടി തയ്യാറായില്ല. അത് രാഷ്ട്രീയ തീരുമാനം ആണെന്ന് വ്യക്തമാണ്. കാരണം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സിദ്ധിനെ അറസ്റ്റ് ചെയ്യുകയും തങ്ങള്‍ക്കൊപ്പമുള്ള മുകേഷിനെ സംരക്ഷിക്കുകയും ചെയ്തത് രാഷ്ട്രീയമായും ജനകീയമായും വലിയ തിരിച്ചടിയാകുമെന്ന് സര്‍ക്കാരിനറിയാം. അതുകൊണ്ട് തങ്ങളുടെ പ്രഖ്യാപിത സ്ത്രീസംരക്ഷണ നയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്നാണ് ആരോപണം.
അതിജീവിതകള്‍ക്കൊപ്പമാണ് തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തന തലത്തില്‍ അതുണ്ടാകുന്നില്ല. അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ച് കൊല്ലം സര്‍ക്കാര്‍ പൂഴ്ത്തിവച്ചതും ഹൈക്കോടതി അതിരൂക്ഷമായി പലതവണ വിമര്‍ശിക്കുകയും ചെയ്തത്. ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ഈ സര്‍ക്കാര്‍ എന്തിനാണ് നിശബ്ദത പാലിച്ചതെന്നാണ് കോടതി ചോദിച്ചത്. വലിയ ജാഗ്രതക്കുറവുണ്ടായെന്നും വിമര്‍ശിച്ചു. മാത്രമല്ല ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും അതിലെ ആരോപണങ്ങളിന്മേല്‍ ആരെങ്കിലും പരാതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
അങ്ങനെയാണ് എസ്‌ഐടി ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം തുടങ്ങിയത്. അല്ലാതെ സര്‍ക്കാര്‍ സ്വമേധയാ തീരുമാനം എടുത്തതല്ല. ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ ഇടതുപക്ഷ ജനപ്രതിനിധികളായ ഗണേഷ്‌കുമാര്‍, അന്തരിച്ച മുന്‍ എംപി ഇന്നസെന്റ്, മുകേഷ്, കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി, ദേശാഭിമാനി അക്ഷരമുറ്റം അംബാസിഡര്‍ മോഹന്‍ലാല്‍ എന്നിവരും സര്‍ക്കാരിനെ സ്വാധീനിച്ചെന്ന ആക്ഷേപം ശക്തമാണ്. ഇവര്‍ക്കൊക്കെ സിപിഎമ്മുമായും സര്‍ക്കാരുമായും ഉള്ള ബന്ധം പൊതുസമൂഹത്തിന് നന്നായി അറിയാവുന്നതാണ്. ഇവരുടെ സ്വാധീനത്താല്‍ സ്ത്രീപക്ഷനിലപാടില്‍ വെള്ളം ചേര്‍ത്തെങ്കില്‍ അത് വലിയ വീഴ്ചയാണ്. അതിന് ഇന്നല്ലെങ്കില്‍ നാളെ സിപിഎം മറുപടി പറയേണ്ടിവരും.
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കോടതി കര്‍ശന നടപടി എടുത്തത് കൊണ്ട് മാത്രമാണ് താരത്തിന് ആ കേസില്‍ നിന്ന് ഊരിപ്പോകാനാകാത്തത്. മമ്മൂട്ടിയുടെ മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട് മുമ്പ് ചില വിവാദങ്ങളുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അന്ന് ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം കയര്‍ത്തുസംസാരിക്കുകയാണ് ചെയ്തത്, വിഎസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി. പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നടന്മാരായ ജയറാം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്.
ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാലും പ്രചരണത്തിനെത്തി. ഇന്നസെന്റ് മത്സരിച്ചപ്പോള്‍ മമ്മൂട്ടി പോയിരുന്നു. താരസംഘടനയായ എഎംഎംഎ സിപിഎമ്മിന്റെ സ്വാധീനത്തിലാണെന്ന ആക്ഷേപം എകെ ബാലന്‍ സിനിമാ മന്ത്രിയായിരുന്ന കാലത്ത് ഉയര്‍ന്നിരുന്നു. വലിയ ജനസ്വാധീനമുള്ള താരങ്ങളുമായുള്ള സിപിഎമ്മിന്റെ ബന്ധം പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് വഴിയൊരുക്കി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. സംവിധായകന്‍ രഞ്ജിത്ത് ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തി രംഗത്ത് വന്നതിന് പിന്നാലെയാണ് രണ്ടാമൂഴത്തില്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തെത്തിയത്.
നിരവധി അരാഷ്ട്രീയ സിനിമകള്‍ ഒരുക്കിയ രഞ്ജിത്തിനെ പോലൊരാളെ ആ സ്ഥാനത്ത് കൊണ്ടുവന്നതിനെ ഇടത് സിനിമാ പ്രവര്‍ത്തകരായ വി.കെ ജോസഫ് അടക്കമുള്ളവരില്‍ അതൃപ്തിയുളവാക്കിയിരുന്നു. രഞ്ജിത് നിമിത്തം സര്‍ക്കാര്‍ എത്ര തവണ നാണംകെട്ടു. എന്നിട്ടും സംരക്ഷിക്കുന്ന സമീപനമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സ്വീകരിച്ചത്.
സിനിമാപ്രവര്‍ത്തകരുമായി സിപിഎം അടുപ്പം സ്ഥാപിക്കുകയോ, അവരെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിലോ, സ്ഥാനമാനങ്ങള്‍ നല്‍കുന്നതിലോ തെറ്റില്ല. എന്നാല്‍ അവര്‍ കാണിക്കുന്ന ഇടത്പക്ഷ വിരുദ്ധനിലപാടുകളെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനില്ല. തെറ്റ് കാണിച്ചാല്‍ പുറത്താക്കുന്നതിനൊപ്പം നിയമനടപടികള്‍ക്ക് വിധേയമാക്കണം. അതാണ് ഇടതുപക്ഷ നയം. താരങ്ങള്‍ക്ക് വേണ്ടി അതില്‍ വെള്ളം ചേര്‍ത്താല്‍ യഥാര്‍ത്ഥ ഇടത് വിശ്വാസികളായ ജനം അകലും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലതുപക്ഷശക്തികള്‍ക്ക് അത് ഗുണം ചെയ്യും.
#Mukesh #KeralaPolitics #Allegations #WomenRights #SITInvestigation #PinarayiVijayan