Protest | എം വി ഗോവിന്ദൻ്റെ സ്വപ്നപദ്ധതിയായ നാടുകാണി സഫാരി പാർക്കിനെതിരെ പ്രതിഷേധവുമായി എഐടിയുസി
18 തൊഴിലാളികൾ ഇവിടെ ജോലി ചെയ്തു വരുന്നുണ്ട്. ഇവരുടെ തൊഴിൽ നഷ്ടപ്പെടുത്തിയുള്ള പദ്ധതി ഇവിടെ അനുവദിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു
തളിപ്പറമ്പ്: (KVARTHA) മണ്ഡലത്തിലെ സർക്കാർ പദ്ധതിക്കെതിരെ സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി രംഗത്തുവന്നത് വിവാദമായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സ്വപ്നപദ്ധതിയായ നാടുകാണി സഫാരി പാർക്കിനെതിരെയാണ് എ.ഐ.ടി.യു.സി പ്രക്ഷോഭവുമായി രംഗത്ത് വരുന്നത്. നാടുകാണി പ്ലാന്റേഷൻ ഭൂമിയിൽ കോടികൾ ചെലവഴിച്ചു മൃഗശാല സ്ഥാപിക്കാനാണ് തളിപ്പറമ്പ് മണ്ഡലം എം.എൽ.എയായ എം.വി ഗോവിന്ദൻ്റെ പദ്ധതി. ഇതിന് സർക്കാർ അനുമതിയും ഫണ്ടും ലഭിച്ചു മുൻപോട്ടു പോകുന്നതിനിടെയാണ് പുതിയ സംഭവ വികാസം.
ജൂൺ 14ന് രാവിലെ 10 മണി മുതൽ വൈകുന്നേരം നാലു മണി വരെ തളിപ്പറമ്പ് സ്ക്വയറിൽ എ.ഐ.ടി.യു.സി സത്യഗ്രഹം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ സി.പി മുരളി, ഗോവിന്ദൻ പള്ളിക്കര എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. 18 തൊഴിലാളികൾ ഇവിടെ ജോലി ചെയ്തു വരുന്നുണ്ട്. ഇവരുടെ തൊഴിൽ നഷ്ടപ്പെടുത്തിയുള്ള പദ്ധതി ഇവിടെ അനുവദിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് എഐടിയുസിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു. ഇപ്പോൾ ബജറ്റിൽ രണ്ടു കോടിരൂപ സർക്കാർ അനുവദിച്ചതോടെയാണ് സിപിഐയുടെ തൊഴിലാളി യുനിയൻ രംഗത്തു വന്നത്. മുൻ റവന്യു മന്ത്രിയായ കെ.പി രാജേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നതെന്നതിനാൽ വിഷയം ഇതിനകം എൽ.ഡി.എഫിൽ ചർച്ചയായിട്ടുണ്ട്. നാടുകാണി എസ്റ്റേറ്റ് പ്ലാന്റേഷൻ നിലനിർത്തുകയാണ് തങ്ങളുടെ ആവശ്യമെന്ന് യൂനിയൻ പ്രസിഡൻ്റ് പി ഷീബയും സെക്രട്ടറി കുര്യാക്കോസും പറഞ്ഞു.