Appointment | എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; പരിശോധന സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭ, മറ്റ് തീരുമാനങ്ങള്‍ 

 
Ajit Kumar Gets DGP Post Amidst Controversy
Ajit Kumar Gets DGP Post Amidst Controversy

Photo Credit: Facebook/M R Ajith Kumar IPS

● നിക്ഷേപക സംഗമം 2025 ഫെബ്രുവരിയില്‍ നടക്കും.
● കൈനൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 10 കോടി രൂപ.
● മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി.

തിരുവനന്തപുരം: (KVARTHA) വിവിധ ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. പരിശോധന സമിതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. 

തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളില്‍ നിലവില്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

ഈയിടെ ചേര്‍ന്ന ഐപിഎസ് പരിശോധനാ സമിതി, അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. യുപിഎസ്സി ആണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയതാണ് പരിശോധന സമിതി. 

അതേസമയം, എം ആര്‍ അജിത്കുമാറിനെ കൂടാതെ 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് സുരേഷിനും ഡിജിപി റാങ്ക് നല്‍കും. നിലവില്‍ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.

പരിശോധനാ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച മറ്റ് പോലീസ് ഉന്നത സ്ഥാനക്കയറ്റങ്ങള്‍; 

എ ഡി ജി പി പദവിയിലേക്ക് (2000 ബാച്ച്)
1. തരുണ്‍ കുമാര്‍

ഐ ജി പദവിയിലേക്ക് (2007 ബാച്ച്)
1. ദേബേഷ് കുമാര്‍ ബഹ്‌റ
2. ഉമ
3. രാജ്പാല്‍മീണ
4. ജയനാഥ് ജെ

ഡി ഐ ജി പദവിയിലേക്ക് (2011 ബാച്ച്)
1. യതീഷ് ചന്ദ്ര
2. ഹരി ശങ്കര്‍
3. കാര്‍ത്തിക് കെ
4. പ്രതീഷ് കുമാര്‍
5. ടി നാരായണ്‍

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ: 

നിക്ഷേപക സംഗമം ഫെബ്രുവരിയില്‍

2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസലുകള്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വന്‍കിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.

ചെങ്കല്‍ ഖനനം: മൈനര്‍  മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി

ചെങ്കല്‍ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തും.  ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി നിരക്ക് നിലവിലെ 48 രൂപയില്‍ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കല്‍ ഖനനത്തിന് (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) മാത്രം ഫിനാന്‍ഷ്യല്‍ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയില്‍ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബില്‍ഡിംഗ് സ്റ്റോണ്‍)) റോയല്‍റ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകള്‍ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കല്‍ മേഖലയിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. 

പത്തുകോടി രൂപയുടെ ഭരണാനുമതി

മണാലി നദിക്ക് കുറുകെയുള്ള കൈനൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്ന പ്രവര്‍ത്തിക്ക് 10 കോടി രൂപക്ക് ഭരണാനുമതി നല്‍കുന്നതിന് അംഗീകാരം നല്‍കി.

മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിച്ചു

വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തില്‍  അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് - നജീബ് എം.കെ, കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - ആര്‍ ജയശങ്കര്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് - ബി. ശ്രീകുമാര്‍, കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - മാത്യു സി. വി.

ശമ്പള പരിഷ്‌കരണം

കിന്‍ഫ്രയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാര്‍ശ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നല്‍കാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

#Kerala #DGP #AjitKumar #appointment #controversy #IPS #government #investment #summit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia