Akash Thillankery | തുറന്ന ജീപ്പിൽ 'നരസിംഹമായി' സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു; നെഗറ്റീവ് പബ്ലിസിറ്റി പോസിറ്റീവായി ആഘോഷിക്കാൻ ആകാശ് തില്ലങ്കേരിയുടെ തന്ത്രമോ?
ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ ചെയ്ത മോട്ടോർ വാഹന വകുപ്പ് സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ ഈടാക്കാനും തീരുമാനിച്ചു
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പണത്തിൻ്റെ പുളപ്പിൽ തിമിർത്തു കളിക്കുന്ന സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘ നേതാവെന്ന് ആരോപണമുള്ള യുവാവിന് സോഷ്യൽ മീഡിയയിൽ (Social Media) ലഭിക്കുന്നത് വീര പരിവേഷം. ആകാശ് തില്ലങ്കേരി വീണ്ടും വിവാദങ്ങളിൽ നിറയുന്നതോടെ നെഗറ്റീവ് പബ്ലിസിറ്റി പോസ്റ്റീവായി മാറിയിരിക്കുകയാണ്.
ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ആകാശ് തില്ലങ്കേരി (Akash Thillankery) വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘത്തിന് 'കൊടുവള്ളി സ്വർണം പൊട്ടിക്കൽ സംഘവുമായി' ബന്ധമുണ്ടെന്ന ഡി.വൈ.എഫ്.ഐ (DYFI) മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസിൻ്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ആകാശ് തില്ലങ്കേരിയുടെ തുറന്ന ജീപ്പ് യാത്രയിലൂടെ പുറത്തുവരുന്നതെന്നാണ് വിമർശനം.
നരസിംഹത്തിലെ (Narasimham) മംഗലശേരി നീലകണ്ഠനെ കുറിച്ചു എൻഎഫ് വർഗീസ് (N F Varghese) പറയുന്ന ഡയലോഗ് ബിജിഎമ്മിട്ടാണ് നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ ആകാശ് തില്ലങ്കേരിയുടെ തുറന്ന യാത്ര. യൂത്ത് കോൺഗ്രസ് (Youth Congress) നേതാവ് ഫർസീൻ മജീദ് ഇക്കാര്യത്തിൽ പരാതി നൽകിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന പരാതിയിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി (High Court of Kerala) ഉത്തരവിട്ടിട്ടുണ്ട്.
വിവാദ യാത്രയിൽ നിയമ നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മീഷണര്‍ക്ക് ഹൈകോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നേരത്തെ ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയിൽ മോട്ടോർ വാഹന വകുപ്പും (MVD) നടപടിയെടുത്തിരുന്നു. ജീപ്പ് ഉടമയുടെ ആർസി ബുക്ക് (RC Book) റദ്ദാക്കാൻ ശുപാർശ ചെയ്ത മോട്ടോർ വാഹന വകുപ്പ് സീറ്റ് ബെൽറ്റ് (Seat Belt) ഇടാത്തതിന് പിഴ (Fine) ഈടാക്കാനും തീരുമാനിച്ചു.
മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിന്റെ അന്വേഷണ ചുമതല എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് നൽകി. രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് (Shuhaib Murder Case) പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം (Panamaram, Wayanad) നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി. മലപ്പുറം സ്വദേശിയുടെ വാഹനത്തിലായിരുന്നു ആകാശ് തില്ലങ്കേരിയുടെ സാഹസികയാത്ര.