Investigation | മാസപ്പടിക്കേസിൽ കുരുങ്ങി മുഖ്യമന്ത്രിയുടെ മകൾ; പ്രതിരോധത്തിൽ സിപിഎമ്മും സർക്കാരും; വിദേശ യാത്രകളിലെ സ്പോൺസർഷിപ്പും അന്വേഷണ പരിധിയിൽ
● വീണാ വിജയന്റെ വിദേശ യാത്രകൾ അന്വേഷിക്കുന്നു.
● സിഎംആർഎൽ വീണയുടെ യാത്രാ ചെലവുകൾ വഹിച്ചുവെന്ന് ആരോപണം.
● സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിലും അന്വേഷണം തുടരും.
കണ്ണൂർ: (KVARTHA) മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസംചോദ്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ തായ്ക്കണ്ടിയുടെ വിദേശ യാത്രകളും അന്വേഷിക്കുന്നതോടെ വെട്ടിലാവുന്നത് സി.പി.എമ്മും സർക്കാരും. ഈ യാത്രകളിലെ സ്പോൺസർഷിപ്പുകൾ ആരാണെന്നാണ് അന്വേഷിക്കുക. തുടർച്ചയായ വിവാദങ്ങളുടെ കരി നിഴൽ വീണ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെയാണ് ഇക്കാര്യവും ചെന്നെത്തുന്നത്.
മുഖ്യമന്ത്രിയുടെ മകൾ, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുടെ ഭാര്യ ബിസിനസ് സംരംഭകയെന്ന നിലയിൽ വീണാ വിജയൻ ഗൾഫിലും മറ്റു രാജ്യങ്ങളിലേക്കും നടത്തിയ യാത്രകളാണ് പരിശോധിച്ചു വരുന്നത്. ഈ യാത്രകളുടെ ചിലവ് സ്വയം വഹിച്ചതാണോ അതോ സ്പോൺസേർഡ് യാത്രകളാണോയെന്നാണ് അന്വേഷിച്ചു വരുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്നാണ് പ്രാഥമിക അന്വേഷണ വിവരം.
വീണയുടെ വിദേശ, രാജ്യാന്തരയാത്രകൾ താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ തേടിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഇവർ വിശദാംശങ്ങൾ നൽകാൻ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. വീണയുടെ യാത്രകളിൽ പിതാവിൻ്റെയും ഭർത്താവിൻ്റെയും അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോയെന്ന കാര്യമാണ് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത്.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായിരിക്കുകയാണ്. സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ വിവരശേഖരണം പൂർത്തിയായിട്ടുണ്ട്.
അതേസമയം, സിഎംആർഎല്ലിന്റെ മറ്റ് ഇടപാടുകളിൽ അന്വേഷണം തുടരും. വീണാ വിജയന് പുറമേ രാഷ്ട്രീയ പാർട്ടികളിലെ ഉന്നതനേതാക്കൾക്ക് പണം നൽകിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം നടത്തിവരുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി നടത്തിയ ചോദ്യം ചെയ്യൽ രണ്ടു കമ്പനികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണെന്ന വിശദീകരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വിശദീകരിച്ചതെങ്കിലും പാർട്ടിക്ക് അത്ര വേഗം വിവാദങ്ങളിൽ നിന്നും തലയൂരാൻ കഴിയില്ലെന്നാണ് സൂചന.
#MassPayoffCase, #VeenaVijayan, #KeralaPolitics, #CPM, #CentralAgency, #Investigation