Allegation | 'അംഗീകാരമില്ലാത്ത കോഴ്സിൽ വിദ്യാർഥികൾക്ക് വ്യാജ അഡ്മിഷൻ നൽകി', കണ്ണൂർ സർവകലാശാലക്കെതിരെ ആരോപണങ്ങളുമായി കെ എസ് യു നേതാവ്
● 'കെ-റീപ് സോഫ്റ്റ്‌വെയറിലാണ് ക്രമക്കേട് നടന്നത്'.
● സർവകലാശാല മഹാരാഷ്ട്ര കമ്പനിയുടെ നിയന്ത്രണത്തിലെന്ന് ആരോപണം.
● '31 വിദ്യാർത്ഥികൾക്കാണ് വ്യാജ പ്രവേശനം നൽകിയത്'.
കണ്ണൂർ: (KVARTHA) കണ്ണൂർ സർവകലാശാലയ്ക്കെതിരെ ആരോപണങ്ങളുമായി കെ.എസ്.യു നേതാവ്. സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജിൽ യൂണിവേഴ്സിറ്റി അഫിലിയേഷൻ നൽകാത്ത ബി.കോം (സി എ) കോഴ്സിൽ വിദ്യാർത്ഥികൾക്ക് വ്യാജ അഡ്മിഷൻ നൽകുകയും ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുകയും സർവകലാശാല തന്നെ ഔദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് തെളിവുകൾ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.
വയനാട് ഡബ്ല്യൂഎംഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കെ-റീപ് വഴി ക്രമക്കേടുകൾ നടന്നതെന്നും സർവകലാശാല ചട്ടങ്ങൾ മുഴുവൻ കാറ്റിൽ പറത്തി ഈ വർഷം ബി.കോം (സി എ) കോഴ്സ് ആരംഭിച്ചെന്ന പേരിൽ മുപ്പത്തൊന്ന് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയുടെ ഏക ജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയിട്ടില്ലാത്ത ഈ വിദ്യാർത്ഥികൾ സർവകലാശാല പോലും അറിയാതെ കെ-റീപ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എക്സാം രജിസ്ട്രേഷൻ നടത്തി. കെ-റീപ് വഴി തന്നെ അംഗീകാരമില്ലാത്ത കോഴ്സിൽ വ്യാജ അഡ്മിഷൻ നൽകിയ വിദ്യാർത്ഥികളുടെ പരീക്ഷ ഫലം യൂണിവേഴ്സിറ്റി തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചുവെന്നും ഷമ്മാസ് ആരോപിച്ചു.
കെ-റീപിന്റെ മറവിൽ എന്തും നടക്കും എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നതെന്നും സർവകലാശാലയുടെ പൂർണ നിയന്ത്രണം മഹാരാഷ്ട്രയിലെ കമ്പനിക്കാണെന്നും
സർവകലാശാല കേവലം നോക്കുകുത്തിയായി മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ആകെ തകർന്നുവെന്നും പി മുഹമ്മദ് ഷമ്മാസ് കുറ്റപ്പെടുത്തി.
എം.കെ.സി.എൽ എന്ന മഹാരാഷ്ട്ര കമ്പനിയുടെ പിന്തുണയുണ്ടെങ്കിൽ ഒരു തരത്തിലുള്ള അംഗീകാരവും ഇല്ലെങ്കിലും ആർക്കും കോളജുകളും കോഴ്സുകളും ആരംഭിച്ച് വിദ്യാഭ്യാസ കച്ചവടം നടത്താം എന്നതിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഒരുതരത്തിലുള്ള സുതാര്യതയും സുരക്ഷിതത്വവും ഇല്ലാത്ത മഹാരാഷ്ട്ര കമ്പനിയെ എല്ലാം ഏൽപ്പിച്ചതിന് പിന്നിൽ അടിമുടി ദുരൂഹതയുണ്ട്.
വിദ്യാർത്ഥികളുടെ ഭാവിയെ വെച്ചുകൊണ്ടുള്ള സർക്കാറിന്റെ കച്ചവടം അനുവദിക്കില്ലെന്നും പുറത്തുവന്നത് ക്രമക്കേടിന്റെ ഒരു ഭാഗം മാത്രമാണെന്നും പരീക്ഷാഫലം തന്നെ ചോരുന്ന സാഹചര്യം ഉണ്ടായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അംഗീകാരമില്ലാത്ത കോഴ്സിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ സംഭവത്തിലെ മുഴുവൻ ക്രമക്കേടുകളും പുറത്ത് വരണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
കണ്ണൂർ സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ ചാപ്റ്റർ അഞ്ചിലെ 9 (സി) യിൽ അഫിലിയേഷൻ സംബന്ധിച്ച് വ്യക്തമായി പറഞ്ഞിട്ട് പോലും ആരുടെ നിർദേശപ്രകാരം കോളേജ് വ്യാജ പ്രവേശനം നടത്തി, വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷൻ നടത്താൻ അനുമതി നൽകിയത് ആര്, ഈ വിദ്യാർത്ഥികൾ പരീക്ഷ രജിസ്റ്റർ ചെയ്തത് സർവ്വകലാശാല അറിഞ്ഞിരുന്നോ, കെ-റീപ് വഴി റിസൾട്ട് പ്രഖ്യാപിച്ചപ്പോഴെങ്കിലും സർവ്വകലാശാല സംഭവം അറിഞ്ഞോ, സർവ്വത്ര പരാതികളും ആക്ഷേപവും ഉയർന്ന് വരികയും ബോധ്യപ്പെടുകയും ചെയ്ത കെ-റീപ് പദ്ധതി മഹാരാഷ്ട്ര കമ്പനി മുഖേനെ തന്നെ നടപ്പിലാക്കണമെന്നുള്ളത് ആരുടെ താല്പര്യമാണെന്നും ഷമ്മാസ് ചോദിച്ചു.
ഒരു സുരക്ഷിതത്വവും ഇല്ലാത്ത കെ-റീപ് സോഫ്റ്റ്‌വെയറിനെ മറയാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടം നടത്തുന്നതിന് ചുക്കാൻ പിടിക്കുന്ന പലരും കണ്ണൂർ സർവകലാശാലയുടെ സുപ്രധാന പദവികളിലുണ്ടെന്നും ഷമ്മാസ് കുറ്റപ്പെടുത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, സംസ്ഥാന കമ്മിറ്റി അംഗം ആകാശ് ഭാസ്കരൻ, ജില്ലാ വൈസ് പ്രസിഡന്റും സെനറ്റ് അംഗവുമായ ആഷിത്ത് അശോകൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#KannurUniversity #FakeAdmission #KSU #EducationFraud #KeralaEducation #HigherEducation