Criticism | പി സരിന്റെ ആരോപണങ്ങളും യാഥാർഥ്യങ്ങളും; സിപിഎം മൂന്നാമതുള്ള പാലക്കാട് സംഭവിക്കുന്നതെന്ത്?
● 2021 ലെ തെരഞ്ഞെടുപ്പിൽ ഷാഫി 3000 വോട്ടുകൾക്ക് മാത്രമാണ് വിജയിച്ചത്
● അന്ന് ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്ന് സരിന്‍
● ഇത്തവണ മൂന്ന് മുന്നണികളും പ്രതീക്ഷയിൽ
സോണിച്ചൻ ജോസഫ്
(KVARTHA) സി.പി.എം നേതൃത്വം അറിഞ്ഞാണോ ബി.ജെ.പി യെ സഹായിക്കാൻ സരിൻ നടത്തിയ ഈ ആരോപണമെന്ന് അവർ പറയട്ടെ. ഇങ്ങനെ പോയാൽ സി.പി.എമ്മിലെ നിഷ്പക്ഷ സഖാക്കൾ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്താൽ അതിൽ അത്ഭുതമൊന്നും കാണേണ്ടതില്ല എന്നതാണ് സത്യം. അങ്ങനെ യു.ഡി.എഫ് സ്ഥാനാർത്ഥി പാലക്കാട് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ പറഞ്ഞ ഒരു പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്നായിരുന്നു സരിന്‍ നേരത്തെ പറഞ്ഞത്.
'ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്കനുകൂലമായി ചെയ്ത വോട്ടാണ്. 2021ല്‍ ജനാധിപത്യ കേരളത്തിന് വേണ്ടിയാണ് ഇടതുപക്ഷം വോട്ട് മറിച്ചത്. ജനകീയ മുഖങ്ങളെ ഷാഫി നഗരസഭ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റുകയാണ്. ബിജെപിയുമായുള്ള ഡീലാണ് ഇതിന് പിന്നില്‍. ഇതിന്റെ പേരില്‍ പലരും പാര്‍ട്ടി വിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സഹാനുഭൂതി ഇല്ലായിരുന്നെങ്കില്‍ ഷാഫി എന്നേ തോറ്റു പോകുമായിരുന്നു', എന്നായിരുന്നു സരിന്‍ പറഞ്ഞത്.
ഈ അവസരത്തിൽ സരിനോട് ഒരറ്റ ചോദ്യം ഒരേയൊരു ചോദ്യം? സരിന്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ നിങ്ങൾ ഇപ്പോള്‍ പറയുന്ന ഒരു വാക്കെങ്കിലും മിണ്ടുമായിരുന്നോ? പാലക്കാട് എന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ഷാഫി പറമ്പിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് വെറും 3000 വോട്ടുകൾക്ക് മാത്രമാണ്. ബി.ജെ.പി യുടെ മെട്രോ മെൻ ശ്രീധരൻ ആണ് അവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്. സി.പി.എം സ്ഥാനാർത്ഥി അവിടെ മൂന്നാം സ്ഥാനത്തും എത്തുകയായിരുന്നു.
സി.പി.എമ്മിന് വലിയ വേരോട്ടമുള്ള പാലക്കാട് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയെ പിന്തള്ളി ബി.ജെ.പി സ്ഥാനാർത്ഥി എങ്ങനെ രണ്ടാം സ്ഥാനത്ത് എത്തി എന്നത് ചിന്തിക്കേണ്ടതാണെന്നും ശരിക്കും അന്ന് അവിടെ നടന്നത് സി.പി.എം - ബി.ജെ.പി ഡീൽ ആണോ എന്നും യുഡിഎഫ് പ്രവർത്തകർ ചോദിക്കുന്നു. പക്ഷേ, ഷാഫിയുടെ മണ്ഡലത്തിലെ വ്യക്തി പ്രഭാവം ഒന്നുകൊണ്ട് തന്നെ കുറഞ്ഞ ഭൂരിപക്ഷത്തിനാണെങ്കിലും കഴിഞ്ഞ തവണ അവിടെ നിന്നും വിജയിക്കുവാൻ സാധിച്ചു. ഷാഫിയുടെ ഭാഗത്ത് മറ്റാരെങ്കിലും ആയിരുന്നു പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ കനത്ത പരാജയം നേരിടുകയും ചെയ്യുമായിരുന്നു.
ഈ അവസരത്തിൽ ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമത്തിൽ ഒരു കോൺഗ്രസ് അനുഭാവി എഴുതിയ കുറിപ്പ് ഇങ്ങനെ: 'കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുകയും അതിന് വേണ്ടി ഏതറ്റം വരേ പോകാൻ ശ്രമിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബി.ജെ.പി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിന് വേണ്ടി പ്രാദേശിക തലത്തിൽ ചെറുതും വലുതുമായുള്ള കക്ഷികളുമായ് ഒന്നിച്ച് നിന്ന് കോൺഗ്രസിനെ പരാജയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതേ നിലപാട് തുടരുന്നവരാണ് കേരളത്തിലെ സി.പി.എം എന്നും പറയേണ്ടി വരും.
കേരളത്തിന് പുറത്ത് ഇന്ത്യാ മുന്നണിയുമായ് സഹകരിക്കുന്ന സി.പി.എം കേരളത്തിൽ ബി.ജെ.പി നയം പിൻതുടരുന്നവരാണ് എന്നാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. കോൺഗ്രസിനെ പരാജയപെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ. അതിന് വേണ്ടി ആരുടെയും കൂടെ കൂടി അവർ തിരഞ്ഞെടുപ്പിന് ഒരുങ്ങും. രണ്ട് പേരിലറിയ പെടുകയും എന്നാൽ ഒരേ ലക്ഷ്യത്തിന് വേണ്ടി (കോൺഗ്രസ് മുക്ത ഭാരതം) നിലകൊള്ളുകയും ചെയ്യുന്നവർ മാറി മാറി പറയുന്നു. കോൺഗ്രസ് ബി.ജെ. പി ധാരണ ഉണ്ടെന്ന്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ന്റിനെ പാലക്കാട് കൊണ്ടുവന്ന് മത്സരിപ്പിച്ച് ബി.ജെ.പി കോൺഗ്രസ് ധാരണയിൽ തോൽപ്പിക്കാൻ ആണെന്ന് പ്രചരിപ്പിക്കുമ്പോൾ അത് വിശ്വസിക്കാൻ മാത്രം ബുദ്ധി ഇല്ലാത്തവരല്ല മലയാളികൾ. എന്നാൽ ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവർ കോൺഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന രണ്ട് പേർ പാലക്കാട് കോൺഗ്രസിനെ തോൽപ്പിക്കാൻ കൈകോർക്കുന്നു എന്ന് പറയുമ്പോൾ അവിശ്വസിക്കേണ്ടതില്ല. കാരണം അവരുടെ രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസിൻ്റെ തകർച്ചയാണ് എന്നത് തന്നെ'.
ഇപ്പോൾ ഡോ. സരിൻ്റെ അവസ്ഥയെന്ന് പറയുന്നത് ആൾക്കൂട്ടത്തിൽ പെട്ടുപോയ കുറുക്കന്റെ അവസ്ഥയാണ്. ഒന്നും നടക്കില്ല എന്ന് കാണുബോൾ കണ്ടവരെയും നിന്നവരെയും എല്ലാം കടിക്കുക എന്നല്ലാതെ വേറെ വഴി ഇല്ലല്ലോ. ഇപ്പോൾ മതേതര വോട്ടുകൾ ഷാഫിയ്ക്ക് മറിഞ്ഞു എന്നും സരിൻ തിരുത്തി പറയുന്നു. ശരിയാണ് കേരളത്തിൽ വളരെ അധികം ദുരുപയോഗം അല്ലെങ്കിൽ ദുർവ്യാഖ്യാനം ചെയ്യുന്ന വാക്ക് ആണ് മതേതരം എന്ന വാക്ക്. ഈ അവസരത്തിൽ ഒരു കാര്യം ഷാഫി എങ്ങനെ വടകരയിൽ പോയി ഷൈലജ ടീച്ചറെ പോലെ ഒരാളെ തോൽപ്പിച്ചു.? അതും ഒന്നരലക്ഷം വോട്ടിനു? അതാണ് ജനകീയത!
ഇപ്പോൾ കോൺഗ്രസിൽ നിന്ന് സരിൻ സീറ്റ് കിട്ടാത്തതുകൊണ്ട് മാത്രം ഇടതുപക്ഷത്തേയ്ക്ക് പോയി.. ചിഹ്നമില്ലാതെ മത്സരിക്കുന്നു. സിപിഎമ്മിലും ഇല്ലേ യുവാക്കൾ, അവരുടെ അവസരം നിഷേധിക്കപ്പെട്ടില്ലേ? അതേസമയം പാലക്കാടിനെ ഇളക്കിമറിച്ച റോഡ് ഷോയുമായാണ് പി സരിൻ കളം നിറഞ്ഞതെന്നും പ്രവർത്തകർ ഒന്നടങ്കം അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുന്നുവെന്നും ഇടത് അനുകൂലികൾ പറയുന്നു.
ഇതിനു പുറമെ, സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ പൊട്ടിത്തെറിയും ബിജെപിയിലെ അസ്വസ്ഥതകളും സരിന് അനുകൂലമായ ഘടകങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നു.
സരിൻ ഐഎഎസ് ഉദ്യോഗം രാജിവച്ചെന്നും അദ്ദേഹത്തിന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് കൈവിട്ട മണ്ഡലം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഇങ്ങനെ മൂന്ന് പ്രധാന പാർട്ടികൾ ശക്തമായി തന്നെ രംഗത്തുണ്ട്. ഓരോരുത്തരും തങ്ങളുടെ ശക്തികൾ കൊണ്ട് ജയിക്കാൻ പരിശ്രമിക്കും. അന്തിമമായി ആർക്ക് വിജയം ലഭിക്കുമെന്ന് കണ്ടറിയാൻ കാത്തിരിക്കണം. ഈ തിരഞ്ഞെടുപ്പ് ഏറെ ആവേശകരവും പ്രധാനവുമായിരിക്കും.
#ParkerSarin #CPI #BJP #PalakkadElections #UDF #KeralaPolitics