Controversy | അന്‍വറിന്റെ യുദ്ധം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങുന്നു? ഫ്യൂസൂരി വിട്ട് മുഖ്യമന്ത്രി;  പൊട്ടിച്ച വെടികള്‍ ഏറ്റില്ല

 
Anwar’s Political Move and Allegations
Anwar’s Political Move and Allegations

Photo Credit: Screenshot from a Facebook/ PV Anvar

പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കൾ അൻവറിനെ പിന്തുണച്ചുവെന്നും പറയുന്നു 

നവോദിത്ത് ബാബു 


കണ്ണൂര്‍: (KVARTHA) നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനായ പി ശശിയെയാണെന്ന് അണിയറ സംസാരം. ഇതു വൈകാതെ തനിക്കെതിരെ തിരിയാമെന്നു നേരത്തെ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു അന്‍വറിന്റെ ഫ്യൂസൂരി വിട്ടതെന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിക്കുന്ന അതീവഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്‍ബലമേകാന്‍ അന്‍വറിന്റെ കൈയ്യില്‍ തെളിവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

അതുകൊണ്ടു തന്നെയാണ്  തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനെയും തല്‍സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ സേനയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഉദ്യോഗസ്ഥനെതിരെ നടത്തുന്ന നടപടികള്‍ പ്രഹസനമാകുമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പി ശശി, സര്‍ക്കാരില്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന ആരോപണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തനെതിരെ നടപടിയെടുക്കാന്‍ നിലവില്‍ എം.വി ഗോവിന്ദന് ധൈര്യമില്ല.

അതുകൊണ്ടു തന്നെയാണ് എന്തും ഏതും ആര്‍ക്കെതിരെയും വിളിച്ചു പറയുന്ന ഇടതുമുന്നണിയിലെ പോസ്റ്റ് ബോയിയായ പി.വി അന്‍വറിനെ തന്നെ ശശിക്കും എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനുമെതിരെ കളത്തിലിറക്കിയത്. ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിച്ചു മാധ്യമ ശ്രദ്ധനേടാന്‍ അന്‍വറിനു കഴിഞ്ഞിരുന്നുവെങ്കിലും അതിനുമപ്പുറത്തേക്ക് കാര്യങ്ങളൊന്നും നീങ്ങിയില്ല. പത്തനംതിട്ട എസ്.പി സുര്‍ജിത്ത് ദാസിന്റെ ഫോണ്‍  സംഭാഷണം പുറത്തുവിട്ടല്ലാതെ മറ്റൊരു തെളിവും അന്‍വറിന്റെ കൈവശമില്ലാത്തത് ആരോപണങ്ങള്‍ ദുര്‍ബലമാക്കി. 

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയെന്നാണ് അന്‍വര്‍ പറയുന്നത്. ഇതോടെ തന്റെ ഒന്നാംഘട്ട പോരാട്ടം അവസാനിപ്പിച്ചുവെന്നു പറയുന്ന അന്‍വര്‍ നടപടിയെടുക്കേണ്ടതും പാര്‍ട്ടിയും സര്‍ക്കാരുമാണെന്നുമാണ് വിശ്വസിക്കുന്നത്. പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ അന്‍വറിന്റെ പിന്നിലുണ്ടെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കടന്നാക്രമണം നടത്തുന്നതിന് ഇവരാണ് അന്‍വറിനെ പിന്‍തുണച്ചതെന്നാണ് അഭ്യൂഹം. 

പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന് അന്‍വര്‍ തന്റെപരാതി തെളിവുകള്‍ സഹിതം കൈമാറുമെന്നാണ് പറയുന്നത്. ഇതില്‍ പാര്‍ട്ടിക്ക്  നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും വരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാരിനെ തിരുത്താനും പ്രേരിപ്പിക്കുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ.

#KeralaPolitics, #AnwarAllegations, #ChiefMinister, #PoliticalDrama, #PShashi, #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia