Criticism | കേരളം കണ്ട ഏറ്റവും  മോശം മുഖ്യമന്ത്രിമാർ സി അച്യുതമേനോനും എ കെ ആൻ്റണിയുമാണോ? വിമർശനാത്മക വിലയിരുത്തൽ 

 
 C Achutha Menon and A K Antony - Kerala's Worst Chief Ministers
 C Achutha Menon and A K Antony - Kerala's Worst Chief Ministers

Image Credit: Facebook/ Cheriya Lokavum Valiya Manushyarum, A.K.Antony

● അച്യുതമേനോൻ ഭരണകാലത്ത് ഭൂപരിഷ്കരണ നിയമം നടപ്പാക്കി.
● ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഫലം എല്ലാവർക്കും ഒരുപോലെ പോലെ ലഭിച്ചില്ല
● എ കെ ആൻ്റണി മൂന്ന് തവണ കേരള മുഖ്യമന്ത്രിയായി
● കരുണാകരനോടുള്ള എതിർപ്പ് ആൻ്റണിക്ക് രാഷ്ട്രീയ നേട്ടം നൽകി


സോണി കല്ലറയ്ക്കൽ


(KVARTHA) സി അച്യുതമേനോനും എ കെ ആൻ്റണിയും വ്യക്തിപരമായി നല്ലവരായിരുന്നിരിക്കാം എന്നാൽ ഭരണാധികാരികൾ എന്ന നിലയിൽ രണ്ടും മോശമായിരുന്നു എന്ന് പറയേണ്ടി വരും. ഒറ്റവാക്കിൽ പറഞ്ഞാൽ കേരളം കണ്ടവരിൽ ഏറ്റവും മോശം മുഖ്യമന്ത്രിമാർ ആണ് ഇരുവരും! മറ്റുള്ളവർ പാർട്ടിക്ക് വേണ്ടി പോലീസിൻ്റെ കൈയ്യിൽ നിന്ന് മർദ്ദനമേറ്റും ജയിൽ ശിക്ഷ അനുഭവിച്ചു. അതിൻ്റെയൊക്കെ ആനുകൂല്യം പിടിച്ചു പറ്റി അധികാരത്തിൻ്റെ സുഖം അനുഭവിച്ചവരാണ് ഈ രണ്ട് മുഖ്യമന്ത്രിമാരും. ഇവർ തങ്ങളുടെ പാർട്ടിയുടെ യശസ്സ് ഉയർത്തുന്നതിൽ അല്ല പ്രയത്നിച്ചത്. മറിച്ച് സ്വന്തം ഇമേജ് വളർത്തുന്നതിൽ. അതിൽ രണ്ടു പേരും വിജയിക്കുകയും ചെയ്തു. 

ഏതൊരു ആളുകൾക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ ഇവരുടെ കാലത്തും ഇവർ ചെയ്തിട്ടുള്ളു . അതിനപ്പുറം മറ്റുള്ളവരുടെ എതിർപ്പുകൾ പേടിച്ച്  വിപ്ലവകരമായ പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിൽ ഒന്നും ശ്രദ്ധ ചെലുത്തിയുമില്ല. അതുകൊണ്ട് തന്നെ പബ്ലിക്കിൻ്റെ മുന്നിൽ കരുണാകരനോ പിണറായിക്കോ ഉമ്മൻ ചാണ്ടിയ്ക്കോ ഒന്നും ഉണ്ടാകാത്ത ഇമേജിൽ നിലനിൽക്കാനും എതിർപ്പുകൾ ഉണ്ടാകാതെ പിടിച്ച് മറ്റുള്ളവരുടെ മുന്നിൽ പുണ്യാളന്മാരാകാനും പറ്റി. കൃത്യമായി പറഞ്ഞാൽ ഒരു മികച്ച ഭരണാധികാരിക്ക് ഒരിക്കലും എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ട് പോകുവാൻ സാധ്യമല്ല. 

അങ്ങനെ ഇവർക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തി പോകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് അർത്ഥം ഇവർ ഒരിക്കലും മികച്ച ഭരണാധികാരികൾ ആയിരുന്നില്ലെന്നത് തന്നെ. വ്യക്തി വിശുദ്ധിയും ലളിതജീവിതവും നയിച്ചിരുന്ന കേരളാ മുഖ്യമന്ത്രിമാരിൽ സി അച്യുതമേനോന്റെയും എ കെ ആൻ്റണിയുടെയും സ്ഥാനം മുന്‍നിരയില്‍ ആണെന്നാണല്ലോ പലരും വിലയിരുത്തുന്നത്. അത് ശരിയായിരിക്കാം. അത് മാത്രം മതിയാകുമോ മികച്ച മുഖ്യമന്ത്രിയാകാൻ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇവർ കേരളം കണ്ട മികച്ച മുഖ്യമന്ത്രി എന്നൊക്കെ പറയുന്നതില്‍ യുക്തിയൊന്നുമില്ല. 

സി അച്യുത മേനോൻ്റെ കാര്യം തന്നെ എടുക്കാം. ഒരേ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഏറ്റവും മികച്ചയാളും  ആഭ്യന്തരമന്ത്രി ഏറ്റവും ക്രൂരനും ആകുന്നതെങ്ങനെ? നേട്ടങ്ങളൊക്കെ അച്യുതമേനോനും ആ ഭരണത്തിൻ്റെ   കോട്ടങ്ങളൊക്കെ കരുണാകരനുമാകുന്നതെങ്ങനെ? 1969 ഒക്ടോബർ 23 ന് കേരളാ  മുഖ്യമന്ത്രി സ്ഥാനം രാജി വച്ച ഇ എം എസ് നമ്പൂതിരിപ്പാട്  സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഡൽഹിയിലിരുന്ന അച്യുതമേനോൻ നവംബർ ഒന്നിന് കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന്. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന്റെ തണലില്‍ കേരളം ഭരിച്ച കമ്മ്യൂണിസ്റ്റ് നേതാവ്. അതിനപ്പുറം എന്ത് വിശേഷണമാണ് അച്യുതമേനോന് നൽകേണ്ടത്. 

അംഗരക്ഷകരും ആർഭാടവും ഇല്ലാതെ നാട്ടിൽ നടന്നിരുന്ന മുഖ്യമന്ത്രി എന്നതിന് അപ്പുറം എന്ത് വികസനമാണ് ഇദ്ദേഹത്തിൻ്റെ കാലത്ത് കേരളത്തിൽ നടന്നത്. ആൻ്റണിയുടെ അച്യുതമേനോൻ്റയും ഒക്കെ ലളിത ജീവിതം വ്യക്തി വിശുദ്ധി എന്നൊക്കെ പറയുന്നത് സ്വന്തം ഇമേജ് പൊതുസമൂഹത്തിൽ സൃഷ്ടിച്ച് അധികാരത്തിൽ എത്തുന്നതിനുള്ള ഒരു മുഖം മൂടി മാത്രമായിരുന്നുവെന്ന വിമർശനം ശക്തമാണ്. ആൻ്റണിയും അചുതമേനോനും ഒക്കെ അധികാരത്തിൻ്റെ തണലിൽ സുഖം പറ്റി ജീവിച്ചവർ മാത്രം. സ്വന്തം പാർട്ടിക്കോ കൂടെ നിൽക്കുന്നവർക്കോ യാതൊരു ഉപകാരവും ഇവരെക്കൊണ്ട് ഒട്ട് ഉണ്ടായിട്ടുമില്ല. 

അടിയന്തിരാവസ്ഥ കാലത്തെ നോക്കുകുത്തി എന്നല്ലാതെ അച്യുതമേനോനെ വിശേഷിപ്പിക്കാൻ മറ്റെന്താണ് ഉള്ളത്. അടിയന്തിരാവസ്ഥ കാലത്ത്  കക്കയം ക്യാമ്പിൽ രാജന്റെയും തിരുനെല്ലിക്കാട്ടിൽ വർഗ്ഗീസിന്റെയും ചോരവീണ ആ പഴയ കറുത്ത ദിനങ്ങളിൽ കെ കരുണാകരൻ ഒരു മദയാനയായിരുന്നെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ ആ മദയാനയെ നിയന്ത്രിച്ച ഒന്നാം പാപ്പാനായിരുന്നു സി അച്യുതമേനോൻ എന്നത് ആരും മറക്കരുത്. കരുണാകരനെ മാത്രം ഇതിൽ പഴിപറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് എന്നതും മനസ്സിലാകുന്നില്ല. ഒരു അച്ഛൻ മകനു വേണ്ടി തൻെറ ജീവിത കാലം മുഴുവൻ വിലപിച്ചു നടന്നതും നിയമ പോരാട്ടം നടത്തിയതും എങ്ങനെയാണ് മറക്കാൻ കഴിയുക. 

രാജൻ്റെ പിതാവ് ഈച്ചര വാര്യരെ ആരൊക്കെ മറന്നാലും സി അചുത മേനോൻ മറക്കരുതായിരുന്നു. ഈച്ചര വാര്യർ അച്യുതമേനോനൻ്റെ സുഹൃത്ത് കൂടിയായിരുന്നു. ആ പിതാവിൻ്റെ രോദനം അച്യുതമേനോൻ എന്ന മുഖ്യമന്ത്രി വളരെ നിസംഗതയൊടെയാണ് നോക്കി കണ്ടതെന്ന് പറയേണ്ടി വരും. കരുണാകരൻ പലപ്പോഴും അതിൽ ദു:ഖിക്കുന്നതെങ്കിലും കണ്ടിട്ടുണ്ട്. കരുണാകരൻ സൂപ്പർ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയി രാജവാഴ്ച നടത്തിയ കാലത്ത് എല്ലാത്തിനും മൗനാനുവാദം നൽകി നല്ല പിള്ള ചമഞ്ഞു മിണ്ടാതിരുന്ന ആളാണ് അച്യുതമേനോൻ എന്ന് വിമർശിക്കുന്നവരുണ്ട്. വ്യക്തിപരമായ വൈശിഷ്ഠങ്ങളെ ഉയർത്തി കാട്ടി അദ്ദേഹം ഭരണാധികാരി എന്ന നിലയിൽ പിന്തുടർന്ന പിന്തിരിപ്പൻ നയങ്ങളെയും സമീപനങ്ങളെയും തമസ്കരിക്കുകയാണ് പലരും.

അടിയന്തിരാവസ്ഥയുടെ കറുത്ത ചരിത്രത്തിലെ കൈയൊപ്പ് മാത്രം മതി അത് തിരിച്ചറിയാൻ. ആധുനിക കേരളത്തിൻ്റെ ശില്പി എന്നാണല്ലോ അച്യുതമേനോനെ വിശേഷിപ്പിക്കുന്നത്. സമഗ്ര ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്ന ആൾ എന്ന് നിലയിയിലാണല്ലോ അദ്ദേഹത്തെ പലരും വാഴ്ത്തി നടക്കുന്നത്. എന്നിട്ട് ജന്മിത്തം ഇവിടെ അവസാനിച്ചോ എന്നും പരിശോധിക്കേണ്ടതാണ്. അന്നത്തെ ജന്മിമാരേക്കാൾ ശതകോടീശ്വരന്മാരായില്ലേ, ജന്മിമാർക്കെതിരെ പടവാളെടുത്തവർ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുറെ പാവങ്ങളെ നിത്യ ദാരിദ്രത്തിലേക്ക് തള്ളിവിടാനല്ലാതെ ലക്ഷ്യം കാണാൻ ആ വിപ്ലവകാരിക്ക് കഴിഞ്ഞോ? അതിലും മഹത്തായത് എം എൻ ഗോവിന്ദൻ നായരുടെ ലക്ഷം വീട് പദ്ധതി ആയിരുന്നില്ലേ. 

മറ്റൊന്ന് ഒരു വിഭാഗത്തെ തകർത്ത് മറ്റൊരു തോട്ടം മുതലാളി വർഗ്ഗത്തെ സൃഷ്ടിച്ച ഭൂപരിഷ്ക്കരണ നിയമം എന്നും പറയേണ്ടി വരും. അച്യുതമേനോൻ്റെ, ഭൂപരിഷ്കരണത്തിൻറെ ഗുണഫലം നിഷേധിക്കപ്പെട്ട, പുലയ സമുദായത്തിൻ്റെയും  പറയ സമുദായത്തിനെയും  കാഴ്ച പ്പാടിലൂടെയും വീക്ഷിക്കണം. 1973ൽ 54 ദിവസം നീണ്ടു നിന്ന സർക്കാർ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിന് ആദ്യമായി ഡൈസ്നോൺ ഏർപ്പെടുത്തിയ നടപടിയുടെ ഭാഗത്തു നിന്നും വീക്ഷിക്കണം. രാജനെ ഉരുട്ടി ക്കൊന്ന, പുലിക്കോടൻ നാരായണനെ സംരക്ഷിച്ച നടപടിയുടെ ഭാഗത്തു നിന്നും വീക്ഷിക്കണം. 

കരിനിയമങ്ങൾ നടപിലാക്കി നിരവധി പേരെ ഇല്ലാതാക്കിയവരെ കേരള ശിൽപിയെന്ന് പറയാമോ. പിന്നെ മുല്ലപ്പെരിയാർ ഡാം എന്ന ഡെമോക്ലസിന്റെ വാൾ മലയാളിയുടെ തലയ്ക്ക് മേലെ അനന്തമായി തൂക്കാൻ കാരണക്കാരൻ എന്നുകൂടി അദ്ദേഹത്തെ ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ. കേവലം 50 വർഷക്കാലം മാത്രം ആയുസുള്ള  മുല്ലപെരിയാർ ഡാം തമിഴ്നാടിന്  തീറെഴുതി നൽകിയത് അച്യുതമേനോൻ്റെ  കാലത്താണ്. അച്യുതമേനോൻ ഇല്ലാത്ത മുല്ലപ്പെരിയാർ കരാർ പുന:സൃഷ്ടിച്ചു. 1944 -ൽ സി.പി രാമസ്വാമി അയ്യർ കേസ് വാദിച്ച് പഴയ കരാർ അസാധുവാക്കിയിരുന്നതാണ് എന്നോർക്കണം. അതിൻ്റെ ഫലമോ ഇന്ന് ആർക്കും മുല്ലപ്പെരിയാർ ഡാമിൽ തൊടാൻ പറ്റാത്ത അവസ്ഥ. 

ആധുനിക കേരളത്തിൻ്റെ ശില്പി എന്നാണ് അച്യുതമേനോനെപ്പറ്റി പലരും പറയുന്നത്. അങ്ങനെ ഒരു കേരളമുണ്ടോ? ആധുനിക കേരളം എന്നുന്നുണ്ടെങ്കിൽ പഴയ കേരളം  എങ്ങനെയായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ എന്നുപറയുന്നവരെങ്കിലും വിശദീകരിച്ചാൽ നന്നായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ അർദ്ധ - ഫാഷിസ്റ്റ് വാഴ്ചയിൽ സഖ്യ കക്ഷിയായി, പൗരാവകാശങ്ങൾ മുഴുവനും സസ്പെൻറ് ചെയ്ത അടിയന്തരാവസ്ഥയെ പിൻതുണച്ച്, ഉരുട്ടി കൊലകളും, കൊടിയ മർദ്ദനങ്ങളും, നടത്തിയ, 'നാവടക്കൂ, പണിയെടുക്കൂ' എന്ന അടിയന്തിരാവസ്ഥ മുദ്രാവാക്യം നടപ്പിൽ വരുത്തിയ ഗവൺമെന്റിന്റെ മുഖ്യമന്ത്രിയായിരുന്നു സി അച്യുതമേനോൻ. 

കോൺഗ്രസ്സിലെ കരുണാകര വിഭാഗത്തിനെതിരായ ഗ്രൂപ്പ് വഴക്കിൻ്റെ ഗുണഭോക്താവായ ആൻറണി എന്നും മാധ്യമപരിലാളന നിർലോഭം അനുഭവിച്ച വ്യക്തിയാണ്. ജീവിതത്തിലൊരിക്കലും മാധ്യമ വിചാരണക്ക് ആൻറണിയെ വിധേയമാക്കിയിട്ടില്ല എന്നതാണ് വാസ്തവം. കരുണാകരനോടുള്ള എതിർപ്പ് പലർക്കും ഉണ്ടായപ്പോൾ അതിൻ്റെ ഗുണം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചത് ആൻ്റണിയ്ക്കാണ്. ശരിക്കും ഊതിപ്പെരുപ്പിക്കപ്പെട്ട ബലൂൺ ആണ് ആൻ്റണി. അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്കൊപ്പം പാറപോലെ ഉറച്ചു നിന്ന ആൻറണി രാജൻ കേസുൾപ്പെടെയുള്ള  സംഭവങ്ങൾ മുതലെടുത്തു മുഖ്യമന്ത്രിയായി. പക്ഷെ 1982ൽ ഇന്ദിരാഗാന്ധി ശക്തയായപ്പോൾ നഗ്നമായ രാഷട്രീയ കാലുമുറ്റം നടത്തി 19 മാസം മാത്രം പ്രായമായ നായനാർ മന്ത്രിസഭയെ അട്ടിമറിച്ചു. 

ചാരക്കേസ്സിൻ്റെ ഗുണഭോക്താവായി കരുണാകരനെ അട്ടിമറിച്ച് അധികാരം  പിടിച്ച് മുഖ്യമന്ത്രിയായ ആൻറണി ദില്ലിയിൽ നിന്നു ഒറ്റക്ക് ഒരു പ്രത്യേക വിമാനത്തിൽ യാത്ര ചെയ്ത് ലളിത ജീവിതത്തിൻ്റെ മാതൃകയായി. കേരള മുഖ്യമന്ത്രി സ്ഥാനം 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ നഷ്ടപ്പെട്ട ആൻ്റണിക്ക് കേന്ദ്രമന്ത്രിയാകാൻ യാതൊരു മനസാക്ഷിക്കുത്തുമുണ്ടായില്ല. കേരളത്തിൽ താൻ നയിച്ച തെരഞ്ഞെടുപ്പിൽ ഒരൊറ്റ കോൺഗ്രസ് എം പി പോലും ജയിക്കാതിരുന്നിട്ടും കേന്ദ്രമന്ത്രിസഭയിൽ ചേരാൻ മടിയുണ്ടായില്ല. അതും തങ്ങളെ തോല്പിച്ച സിപിഎം പിന്തുണയോടെ. നീണ്ട പതിനേഴു കൊല്ലം അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഇതു മൂലം  എത്ര യുവാക്കൾക്ക് സ്ഥാനങ്ങൾ നിഷേധിക്കപ്പെട്ടത്. കോൺഗ്രസ്സിലെ യുവാക്കൾ നിശബ്ദമായി സഹിച്ചത് ഓർക്കണം. 

അഞ്ച് രൂപയ്ക്ക് കിട്ടുന്ന ചാരായം കൊണ്ട് തൊഴിലാളികൾ തൃപ്തരായിരുന്നു. ആദർശധീരനാകാനായി ആൻ്റണി ചാരായം നിരോധിച്ചു. തൊഴിലാളികൾക്ക് വിദേശമദ്യത്തിനായി ഇപ്പോൾ ദിവസവും 500 രൂപ വേണമെന്നായിരിക്കുന്നു. അതിന് വേണ്ടി കൂലി കൂടി. 500 രൂപയുടെ വിദേശ മദ്യവും മീഥൈൽ ആൽക്കഹോൾ ആണെന്നത് മറക്കേണ്ട. നിറത്തിനും പായ്ക്കിംഗിലും മാത്രമേ വ്യത്യാസമുള്ളു. ഇന്ന് ഇപ്പോൾ കർഷകരുടെയും തൊഴിലാളികളുടെ പണം എത്തുന്നത് മദ്യവ്യവസായികൾക്കാണ്. ആൻ്റണി ചെയ്ത ദ്രോഹം അല്ലെ ഇത് എന്ന് ചിന്തിക്കണം. 

സ്വന്തം കാര്യങ്ങൾ സംരക്ഷിക്കാൻ അല്ലാതെ കൂടെയുള്ളവരെ സഹായിക്കാനും വളർത്താനും ആൻ്റണി തുനിഞ്ഞിട്ടില്ലെന്ന് ഓർക്കണം. ഉദാഹരണം വളരെക്കാലം കൂടെ നടന്ന ചെറിയാൻ ഫിലിപ്പ് തന്നെ. അദ്ദേഹം പിന്നീട് കോൺഗ്രസുമായും ആൻ്റണിയുമായും തെറ്റി സിപിഎം സന്തത സഹചാരിയാകുന്നതും പിന്നീട് നാം കണ്ടതാണ്. ദീർഘനാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായുമൊക്കെ അധികാരത്തിൻ്റെ സുഖം അനുഭവിച്ച ആൻ്റണി കേരള വികസനത്തിനായി എന്തു ചെയ്തു എന്നും ആലോചിക്കണം. അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലയിൽ ശരിക്കും ഒരു പരാജയം തന്നെയായിരുന്നു. സ്വന്തം ഇമേജ് വളർത്താൻ അദ്ദേഹം ആദർശ ധീരൻ്റെ വേഷവും കെട്ടി. ഇപ്പോൾ മകൻ അനിൽ ആൻ്റണി ബി.ജെ.പിയിലും.

ഇനി അച്യുതമേനോൻ മന്ത്രി സഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന വില്ലൻ എന്ന പരിവേഷം ചിലരൊക്കെ ചാർത്തി കൊടുത്ത കെ കരുണാകരനെ ഒന്ന് വിലയിരുത്താം. കരുണാകരൻ കേരളത്തിൽ ഏറ്റവും വിമർശിക്കപ്പെട്ട വ്യക്തിയാണ്. എന്നാൽ ഏറ്റവും പ്രാപ്തനായ മുഖ്യമന്ത്രിയായിരുന്നു കരുണാകരൻ. കേരളത്തിലെ കോൺഗ്രസിനെ അധോഗതിയിൽ നിന്ന് ഉയർത്തി അധികാരത്തിൽ എത്തിച്ച വ്യക്തിയാണ് കരുണാകരൻ. കരുണാകരനെപ്പറ്റി മാധ്യമങ്ങളും മറ്റും പറയുന്നതുപോലെ എയർപോർട്ട് മാത്രമായിരുന്നില്ല അദ്ദേഹത്തിൻ്റെ സംഭാവന. കേരളത്തിൽ ഇന്നു കാണുന്ന പല കോളേജുകളും യൂണിവേഴ്സിറ്റികളും റോഡുകളും മെഡിക്കൽ കോളേജുകളും ഉണ്ടായത് കരുണാകരൻ്റെ കാലത്താണ്. 

കർണാടക സർക്കാരിൻ്റെ എതിർപ്പ് മറികടന്ന് ബാണാസുര സാഗർ അണക്കെട്ട് നിർമ്മിച്ചതാണ് കരുണാകരൻ്റെ മറ്റൊരു സംഭാവന. പട്ടിക ജാതിക്കാർക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിയത് കരുണാകരൻ എന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹം പട്ടികജാതി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്ത സമയത്താണ് സ്വയം വ്യവസായം തുടങ്ങാൻ ആദ്യമായി തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് 25000 രൂപ വായ്പ അനുവദിച്ചത്. സാഹിത്യകാരന്മാർക്ക് ചികിത്സാസഹായം തുടങ്ങിയതും കരുണാകരൻ്റെ കാലത്തായിരുന്നു. 

അന്ന് മാർകിസ്റ്റ് പാർട്ടിക്ക് വേണ്ടി തെരുവുകൾ തോറും നടന്ന് കരുണാകരനെ ആക്ഷേപിച്ച വൈക്കം ചന്ദ്രശേഖരൻ നായർക്കും ഈ ചികിത്സാസഹായം കരുണാകരൻ നൽകുകയുണ്ടായി എന്നത് ചരിത്രം. ചിത്രാഞ്ജലി സ്റ്റുഡിയോയും കരുണാകരൻ്റെ സംഭാവന തന്നെയാണ്. എന്നാൽ ഇതിനെയൊക്കെ പിന്നീട് പലരും വില കുറച്ചു കാണിച്ചു കൊണ്ട് അച്യുതമേനോനെയും ആൻ്റണിയെയും ഒക്കെ വെറുതെ  ഊതിപ്പെരുപ്പിക്കുകയായിരുന്നു. ഇതാണ് യാഥാർത്ഥ്യം. 

സി അച്യുതമേനോനും എ കെ ആൻ്റണിയും കേരള രാഷ്ട്രീയത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാക്കളാണ്. അവരെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലപ്പോഴും പക്ഷപാതപരവും വിവാദപരവുമാകാം. ചിലർ അവരെ ലളിത ജീവിതം നയിച്ച, വ്യക്തിശുദ്ധിയുള്ള മാതൃകാ ഭരണാധികാരികളായി വാഴ്ത്തുമ്പോൾ, മറ്റുചിലർ അവരെ അവസരവാദികളും, വികസനത്തിന് കാര്യമായ സംഭാവനകൾ നൽകാത്തവരുമായി വിമർശിക്കുന്നു.

അച്യുതമേനോൻ്റെ ഭരണകാലത്ത് ഭൂപരിഷ്കരണം പോലുള്ള സുപ്രധാന നിയമങ്ങൾ നടപ്പിലാക്കിയെങ്കിലും, അതിന്റെ പൂർണതയെക്കുറിച്ചും, അതിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭിച്ചോ എന്നതിനെക്കുറിച്ചും ഇന്നും സംശയങ്ങൾ നിലനിൽക്കുന്നു. അടിയന്തരാവസ്ഥ കാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളും വിമർശിക്കപ്പെട്ടിട്ടുണ്ട്.

എ കെ ആൻ്റണിയുടെ ഭരണവും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ചിലർ അദ്ദേഹത്തെ മികച്ച ഭരണാധികാരിയായി കാണുമ്പോൾ, മറ്റുചിലർ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളെയും വിമർശിക്കുന്നു. ചാരായ നിരോധനം, ഐടി മേഖലയുടെ വളർച്ച തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ ചെലുത്തിയെങ്കിലും, മറ്റു പല പ്രധാന വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഭരണത്തിന് കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനങ്ങളുണ്ട്.

ഏറ്റവും വലിയ കാര്യം, ഈ നേതാക്കളെ വിലയിരുത്തുമ്പോൾ അവരുടെ വ്യക്തിപരമായ ഗുണങ്ങളെയും, രാഷ്ട്രീയ നിലപാടുകളെയും വേർതിരിച്ചു കാണേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായി നല്ല ആളായിരുന്നത് കൊണ്ട് മാത്രം ഒരാൾ മികച്ച ഭരണാധികാരിയാകണമെന്നില്ല. ഭരണാധികാരി എന്ന നിലയിൽ അവരുടെ പ്രവർത്തനങ്ങളെയും, അവർ കൈകാര്യം ചെയ്ത വിഷയങ്ങളെയും, അവരുടെ ഭരണത്തിന്റെ ഫലങ്ങളെയും അടിസ്ഥാനമാക്കി വേണം അവരെ വിലയിരുത്താൻ. ആരാണ് മോശം മുഖ്യമന്ത്രിമാരെന്ന് വായനക്കാർക്ക് വിലയിരുത്താം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A critical evaluation of C Achutha Menon and A K Antony's tenure as Chief Ministers of Kerala, focusing on their leadership flaws and lack of substantial reforms.

#KeralaPolitics #CachuthaMenon #AKAntony #KeralaChiefMinisters #PoliticalCriticism #Leadership

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia