Warning | സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് അർജുൻ ആയങ്കി; പാർട്ടിക്കെതിരെ തിരിഞ്ഞാൽ നേരിടുമെന്ന് നേതൃത്വം, വീണ്ടും സ്വർണ കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ പടയൊരുക്കം

 
Arjun Ayanki Disowns CPM; Leadership Warns of Action, Intensifies Fight Against Gold Smuggling Gan
Arjun Ayanki Disowns CPM; Leadership Warns of Action, Intensifies Fight Against Gold Smuggling Gan

KVARTHA File

● പാർട്ടിക്കെതിരെ നിന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ജയരാജൻ മുന്നറിയിപ്പ് നൽകി. 
● അർജുൻ ആയങ്കി ക്വട്ടേഷന് പുതിയ സ്ഥലങ്ങൾ തേടുകയാണെന്ന് സി.പി.എം ആരോപിച്ചു. 
● എകെജി സെന്റർ ആക്രമണക്കേസ് പ്രതിക്കൊപ്പമുള്ള വീഡിയോയെ ഐ.പി. ബിനു വിമർശിച്ചിരുന്നു. 
● താൻ ഇപ്പോൾ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്ന് അർജുൻ ആയങ്കി പ്രതികരിച്ചു.

കണ്ണൂർ: (KVARTHA) കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ മുന്നറിയിപ്പുമായി സി.പി.എം. ആയങ്കിയായാലും കോയങ്കിയായാലും പാർട്ടിക്കെതിരെ നിന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. അർജുൻ ആയങ്കിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം നേതാവ് ഐ പി ബിനുവിന് പിന്തുണയുമായാണ് എം വി ജയരാജൻ രംഗത്തെത്തിയത്. ബിനു പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തിയാണെന്നും ആയങ്കിയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാൻ ബിനുവിനെ കിട്ടില്ലെന്നും എം വി ജയരാജൻ പറഞ്ഞു.

ക്വട്ടേഷന് പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് അർജുൻ ആയങ്കി. സി.പി.എം എന്ന പാർട്ടി ആയങ്കിമാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി. പാർട്ടിക്കെതിരെ ആയങ്കിയല്ല കോയങ്കിയായാലും ശക്തമായി നേരിടും. ആയങ്കിയുടെ മുൻ ഭാര്യ എന്തുകൊണ്ടാണ് അകന്നുപോയതെന്ന് അയാൾ തന്നെയാണ് വ്യക്തമാക്കേണ്ടത്. രാമനാട്ടുകര വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചത് ആയങ്കിയുടെ സ്വർണ കടത്തിനായുള്ള പരക്കം പാച്ചിൽ കാരണമാണ്. ഇനിയെങ്കിലും ഈ കാര്യം ആയങ്കി തിരിച്ചറിയണം. കണ്ണൂരിൽ ഇതൊന്നും നടക്കില്ലെന്ന് കണ്ടിട്ടാണ് പുതിയ മേച്ചിൽപുറങ്ങൾ തേടി ആയങ്കി മറ്റൊരു സ്ഥലത്തേക്ക് പോയത്. ഒരിടത്തും ഇനി ക്വട്ടേഷൻ പണി നടക്കില്ല. പാർട്ടി പുറത്തിറക്കിയ 25 ക്വട്ടേഷൻ ഗുണ്ടകളുടെ ലിസ്റ്റിൽ പേരുള്ളയാളാണ് ആയങ്കിയെന്നും ജയരാജൻ പറഞ്ഞു.

എകെജി സെന്റർ ആക്രമണക്കേസ് പ്രതിക്കൊപ്പം അർജുൻ ആയങ്കിയുടെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടായിരുന്നു ഐ പി ബിനു വിമർശിച്ചത്. പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആയങ്കിമാർ ശ്രമിക്കുന്നുവെന്നും വെല്ലുവിളിക്കാനാണ് ഉദ്ദേശമെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും ഐ പി ബിനു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാവപ്പെട്ട പ്രസ്ഥാനത്തിന്റെ ജീവനായ സഖാക്കളെ പിൻപറ്റി ചില ദുരുദ്ദേശങ്ങൾ നടപ്പാക്കാമെന്ന് കരുതിയാൽ അതിനെ മുളയിലെ നുള്ളുക തന്നെ ചെയ്യുമെന്നും ഐ പി ബിനു പറഞ്ഞു.

ഇതിന് പിന്നാലെ ഐ പി ബിനുവിന് മറുപടിയുമായി അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു. താൻ ഇപ്പോൾ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നായിരുന്നു അർജുൻ ആയങ്കി പറഞ്ഞത്. തനിക്ക് എല്ലാ പാർട്ടിയിലും ഉൾപ്പെട്ട സുഹൃത്തുക്കൾ ഇപ്പോഴുണ്ട്. പാർട്ടി തന്നെ വർഷങ്ങൾക്ക് മുൻപേ തള്ളിപ്പറഞ്ഞതാണ്. എകെജി സെൻ്ററിൽ ബോംബെറിഞ്ഞ വ്യക്തിയെ വ്യക്തിപരമായി പരിചയമില്ല. സുഹൃത്തിൻ്റെ സുഹൃത്താണയാൾ. അതുകൊണ്ടുതന്നെ സുഹൃത്തിന്റെ കൂടെ വരുന്നവരുടെ ചരിത്രം പരിശോധിച്ചിട്ടല്ല കൂടെ ഇരുന്നത്. താനിപ്പോൾ ഒരു സ്വതന്ത്ര വ്യക്തിയാണ്. പാർട്ടിയുടെ യാതൊരുവിധ ഘടകത്തിലുമില്ലെന്നും അർജുൻ ആയങ്കി വ്യക്തമാക്കിയിരുന്നു.

CPM leader MV Jayarajan warned Karipur gold smuggling case accused Arjun Ayanki that the party would take strong action if he goes against it. This came after Ayanki disowned CPM and defended his association with an AKG Centre attack case accused. Jayarajan supported IP Binu's criticism of Ayanki and reiterated CPM's stance against quotation gangs, stating Ayanki is on their list of 25 goons.

#ArjunAyanki #CPM #MVJayarajan #GoldSmuggling #KeralaPolitics #IPBinu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia