Bypolls Result | ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വമ്പൻ മുന്നേറ്റം; 13ൽ 11 മണ്ഡലങ്ങളിലും ലീഡ്; എൻഡിഎ രണ്ടിടത്ത് മാത്രം
തമിഴ്‌നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ സ്ഥാനാർഥി അന്നിയൂർ ശിവ 10734 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.
ന്യൂഡെൽഹി: (KVARTHA) ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിൻ്റെ (Assembly Bypolls) വോട്ടെണ്ണൽ (Counting) പുരോഗമിക്കുമ്പോൾ പ്രതിപക്ഷമായ ഇൻഡ്യ മുന്നണിക്ക് (INDIA Bloc) മുന്നേറ്റം. കഴിഞ്ഞ മാസം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (Lok Sabha Elections) ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ പോയതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബിജെപിക്ക് (BJP) ഈ ഉപതിരഞ്ഞെടുപ്പ് അഗ്നിപരീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്.
നാല് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ ആധിപത്യമാണ് കാണുന്നത്. മധുപൂർണ താക്കൂർ ബാഗ്ദയിൽ 12,444 വോട്ടുകൾക്ക് പാർട്ടി മുന്നിട്ട് നിൽക്കുന്നു. രണഘട്ട്, മണിക്തല, റായ്ഗഞ്ച് എന്നിവിടങ്ങളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് ലീഡ് ചെയ്യുന്നത്.
ഉത്തരാഖണ്ഡിൽ രണ്ടിടത്തും കോൺഗ്രസാണ് മുന്നിൽ മംഗളൂരിൽ 12,540 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി ഖാസി നിസാമുദ്ദീൻ മുന്നിലും ബിഎസ്പി സ്ഥാനാർഥി ഉബേദുർ റഹ്മാൻ തൊട്ടുപിന്നിലും ബിജെപിയുടെ ഗുജ്ജർ നേതാവ് കർതാർ സിംഗ് ഭദാന മൂന്നാം സ്ഥാനത്തുമാണ്. ബദരീനാഥിൽ കോൺഗ്രസിൻ്റെ പുതുമുഖം ലഖ്പത് സിംഗ് ബുട്ടോളയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ രാജേന്ദ്ര ഭണ്ഡാരിയാണ് എതിരാളി.
പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി മൊഹീന്ദർ ഭഗത് വിജയത്തിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി സുരീന്ദർ കൗറിനെതിരെ 23,000-ത്തിലധികം വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണ്. ട്രെൻഡുകൾ അനുസരിച്ച് ബിജെപി സ്ഥാനാർത്ഥി ശീതൾ അംഗുറൽ മൂന്നാം സ്ഥാനത്താണ്.
ഹിമാചൽ പ്രദേശിലെ മൂന്ന് നിയമസഭാ സീറ്റുകളിൽ രണ്ടിടത്തും കോൺഗ്രസ് മുന്നിലാണ്. ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ ഉൾപ്പെടെയുള്ളവരാണ് ലീഡ് ചെയ്യുന്നത്. അഞ്ചാം ഘട്ട വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, സുകുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ തൻ്റെ തൊട്ടടുത്ത എതിരാളിയും ബിജെപി സ്ഥാനാർഥിയുമായ ഹോഷിയാർ സിങ്ങിനെക്കാൾ 636 വോട്ടിന് മുന്നിട്ട് നിൽക്കുന്നു.
നലഗഡ് നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹർദീപ് സിംഗ് ബാബ ബിജെപി സ്ഥാനാർത്ഥി കെ എൽ താക്കൂറിനെക്കാൾ 646 വോട്ടുകൾക്കും ഹമീർപൂർ നിയമസഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി ആശിഷ് ശർമ കോൺഗ്രസിൻ്റെ പുഷ്പീന്ദർ വർമയെക്കാൾ 743 വോട്ടിനും മുന്നിലാണ്.
മധ്യപ്രദേശിലെ അമർവാഡ സീറ്റിലും കോൺഗ്രസാണ് മുന്നിൽ. പാർട്ടി സ്ഥാനാർഥി ധീരൻ ഷാ സുഖ്റാം ദാസ് ഇൻവതി 4048 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു. ബീഹാറിലാണ് എൻഡിഎയ്ക്ക് മറ്റൊരു ആശ്വാസം. രുപൗലി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർത്ഥി കലാധർ മണ്ഡൽ 5038 വോട്ടുകൾക്ക് മുന്നിലാണ്. തമിഴ്‌നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ സ്ഥാനാർഥി അന്നിയൂർ ശിവ 10734 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.