Allegation | പ്രതിപക്ഷ പ്രതിഷേധങ്ങളെ അക്രമാസക്തമായി ബിജെപി നേരിടുന്നോ?
● ഇന്ത്യ സഖ്യം ബിജെപിയെ പാർലമെന്റ് അക്രമത്തിന് കുറ്റപ്പെടുത്തി
● രാഹുൽ ഗാന്ധിയെ ലക്ഷ്യമാക്കിയുള്ള ഗൂഢാലോചനയാണെന്ന ആരോപണം
● അംബേദ്കർ വിവാദം, മണിപ്പൂർ സംഭവങ്ങൾ എന്നിവയിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ലക്ഷ്യം
അർണവ് അനിത
(KVARTHA) അദാനിക്കെതിരായ കുറ്റപത്രം മുതല്‍ അംബേദ്കര്‍ക്കെതിരായ പരാമര്‍ശം വരെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പല തവണ ട്രെഷറി ബെഞ്ച് സഭ നിര്‍ത്തിവെക്കേണ്ടിവന്നു. ജനശ്രദ്ധതിരിക്കാനായി ബിജെപി ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെയും പല സംസ്ഥാനങ്ങളിലും അക്രമസംഭവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
ഡിസംബര്‍ 19 ന് ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ ആസൂത്രിതമായി അക്രമാസക്തമായ രംഗങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയെ ചുമലില്‍ കെട്ടിവയ്ക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും ഇൻഡ്യ സഖ്യം ആരോപിക്കുന്നു. തങ്ങളുടെ വനിതാ എംപിമാരില്‍ ഒരാള്‍ക്ക് നേരെ രാഹുല്‍ ഗാന്ധി മോശം പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.
സംഭവത്തില്‍ എഫ്‌ഐആര്‍ ഇടുകയും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ദേശീയ വനിതാ കമ്മീഷനും കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള ബിജെപി എംപിയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അവര്‍ ആദിവാസി സമൂഹത്തില്‍ പെട്ടതായതിനാല്‍ എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമത്തിന് കീഴിലുള്ള വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
ഇൻഡ്യ സഖ്യത്തിന്റെ ആരോപണം ഇങ്ങനെ:
'ആരോപണം ആധികാരികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രണ്ട് ബിജെപി എംപിമാരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രതാപ് സാരംഗി എന്ന എംപിയുടെ നെറ്റിയിലെ ചെറിയ ബാന്‍ഡേജ് ക്രമേണ തലപ്പാവ് പോലെ വളര്‍ന്നു. ഇവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ആശുപത്രി മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള പൊറാട്ട് നാടകം കളിക്കാനും ബിജെപിക്ക് യാതൊരു ഉളുപ്പുമില്ല', ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ ഈ കേസ് വിദഗ്ധമായി ആസൂത്രണം ചെയ്തതാണ്. അദ്ദേഹം കുറച്ചുകാലമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് ബിജെപിയെയും ആര്‍എസ്എസിനെയും വെട്ടിലാക്കിയിരിക്കുകയാണ്. അതിനാല്‍ ഗോത്രവിഭാഗത്തില്‍ പെട്ട ഒരു വനിതാ എംപിയെ മര്‍ദ്ദിച്ചെന്ന് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് ബിജെപി കരുതുന്നത്.
മണിപ്പൂരിലെ അക്രമങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ നിരന്തരം ആകര്‍ഷിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ നിരന്തരം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡില്‍ നിന്നുള്ള ഒരു വനിതാ എംപിയെ ബിജെപി കരുവാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ഏറ്റവും വലിയ സഹായികളും പ്രചാരകരുമായ ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുമെന്നും ഈ തരംതാണ പരിപാടി സത്യമാക്കി മാറ്റുമെന്നും ബിജെപിക്ക് ഉറപ്പുണ്ട്.
ഡോ. ബി.ആര്‍ അംബേദ്കര്‍ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും പ്രതിരോധത്തിലായിരുന്നു. ഡോ. ബി.ആറിനെ ആദരിക്കുന്നവരെക്കുറിച്ച് പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ധിക്കാരപരവും നിന്ദ്യവുമായ പരാമര്‍ശത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബിജെപി നിര്‍ബന്ധിതരായി. ഈ വിഷയം പ്രതിപക്ഷം ആയുധമാക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ബിജെപിക്ക് സ്വയം പ്രതിരോധം തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ ആക്രോശത്തോടെ നേരിടുകയായിരുന്നു. കാരണം ഏത് പ്രതിഷേധത്തെയും തകര്‍ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അക്രമമാണ്.
നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം എല്ലാ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെയും അക്രമത്തിലൂടെയാണ് ബിജെപി നേരിടുന്നത്. 2017 ഡിസംബറില്‍ ഭീമ കൊറേഗാവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. സര്‍ക്കാരിനെ വിമര്‍ശിച്ചവരെ ഈ അക്രമത്തിന് ഉത്തരവാദികളാക്കി ജയിലിലടച്ചു. 2018 ഏപ്രിലില്‍ ദളിതര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ദളിത് പ്രക്ഷോഭകര്‍ക്ക് നേരെയും അക്രമം ഉണ്ടായി. പോലീസും മറ്റ് ശക്തികളും ഒരുമിച്ചാണ് അക്രമം നടത്തിയത്. അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടില്ല. പകരം നൂറുകണക്കിന് ദളിതര്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി.
2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ സര്‍ക്കാരും ബിജെപിയും ആര്‍എസ്എസും അവരുടെ മറ്റ് സംഘടനകളും അക്രമത്തിലൂടെയാണ് അതിനെ നേരിട്ടത്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരെ പലതവണ അക്രമം നടക്കുന്നത് രാജ്യം കണ്ടു. ഷഹീന്‍ ബാഗ് സമരകേന്ദ്രങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടെ ആക്രമണങ്ങള്‍ നടന്നു. കര്‍ഷകകര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തിക്രി, സിംഗു അതിര്‍ത്തിയില്‍ ധര്‍ണയിരുന്നപ്പോഴും അക്രമം നടത്തി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലും സര്‍ക്കാര്‍ വിമര്‍ശകര്‍ക്ക് നേരെ നടന്ന അക്രമാസക്തമായ ആക്രമണങ്ങള്‍ എടുത്ത് പറയേണ്ടതാണ്.
അക്രമം ആശയക്കുഴപ്പത്തിലേക്കും സംശയത്തിലേക്കും നയിക്കും. രണ്ട് വാദങ്ങള്‍ ഉയരും. ആദ്യം ആരോപണം ഉന്നയിക്കുന്നയാള്‍ക്കാണ് മുന്‍തൂക്കം. മറുഭാഗം വിശദീകരണം നല്‍കണം. ബിജെപിക്ക് ഇതറിയാം, എല്ലാ പൊതുപ്രതിഷേധങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും അക്രമം സൃഷ്ടിച്ച് പുകമറ സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നത്. അതോടെ എന്തിന് വേണ്ടിയാണോ പ്രതിഷേധം നടത്തിയത് ആ വിഷയം ചര്‍ച്ചയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു, അക്രമം മാത്രം അവശേഷിക്കുന്നു.
ഇതുവരെ ഇതെല്ലാം തെരുവിലായിരുന്നെങ്കില്‍ ബിജെപി ഇപ്പോള്‍ അക്രമം പാര്‍ലമെന്റിലാക്കിയിരിക്കുകയാണ്. പാര്‍ലമെന്റിനുള്ളില്‍ അധിക്ഷേപകരവും അശ്ലീലവുമായ പെരുമാറ്റത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ബിജെപി എംപിമാര്‍ നടത്തിയിട്ടുണ്ട്. വാക്കാലുള്ള അധിക്ഷേപം ഡിസംബര്‍ 19-ന് ശാരീരിക അക്രമമായി മാറി. ഇതിന് മുമ്പ് മറ്റ് സര്‍ക്കാരുകളുടെ കാലത്ത് പ്രതിപക്ഷം നൂറുകണക്കിന് തവണ പ്രതിഷേധിക്കുന്നത് ജനം കണ്ടതാണ്. എപ്പോഴെങ്കിലും ഒരു ഭരണകക്ഷി ഈ രീതിയില്‍ പ്രതിഷേധത്തെ നേരിട്ടിട്ടുണ്ടോ?
ഭരണകക്ഷി എപ്പോഴും കൂടുതല്‍ സംയമനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ ബി.ജെ.പി അങ്ങനെയല്ല. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 19ന് ബിജെപി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തവണയും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ ബിജെപി നെറികെട്ട രാഷ്ട്രീയം കളിക്കുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന ഒരു സ്പീക്കറുമുണ്ട്.
ബിജെപി അനുകൂല മാധ്യമങ്ങള്‍ ആവേശത്തോടെയാണ് രാഹുലിനെതിരായ പ്രചരണം നടത്തുന്നത്. ബിജെപിയുടെ ഈ മ്ലേച്ഛമായ ഗൂഢാലോചനയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ബിജെപിയുടെ നീചമായ പ്രവര്‍ത്തികളെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പ്രതിഷേധിക്കേണ്ടത് ജനാധിപത്യത്തിലും പ്രതിപക്ഷത്തിന്റെ അവകാശത്തിലും വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്.
പ്രതിപക്ഷത്തെ നിര്‍വീര്യമാക്കാനും സര്‍ക്കാര്‍ സംവിധാനം പിടിച്ചെടുക്കാനും മാത്രമാണ് ബിജെപി പാര്‍ട്ടി ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, സര്‍ക്കാരിന്റെ തെറ്റായ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടുകയും അവരെ ഉത്തരവാദിത്തമുള്ളവരാക്കാനുമുള്ള സംവിധാനത്തെ ഇല്ലാതാക്കുകയാണ് ബിജെപി ചെയ്യുന്നത്'.
#BJP, #IndiaAlliance, #ParliamentViolence, #RahulGandhi, #Ambedkar, #Manipur, #Protest, #IndiaPolitics