Assembly Result | ഒഡീഷയില്‍ 25 വര്‍ഷം നീണ്ട 'നവീന്‍ യുഗം' അവസാനിക്കുന്നുവോ? നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പട് നായിക്കിന്റെ ബിജു ജനതാദളിനെ നിഷ്പ്രഭമാക്കി ബിജെപി അധികാരത്തിലേക്ക്
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 74 സീറ്റുകള്‍
ബിജെഡി 56 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു
കോണ്‍ഗ്രസ് 12 സീറ്റുകളിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു
ഭുവനേശ്വര്‍: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളിനെ (ബിജെഡി) നിഷ് പ്രഭമാക്കി ബിജെപി അധികാരത്തിലേക്ക്. ഒഡീഷയില്‍ 25 വര്‍ഷം നീണ്ട ഭരണം കാഴ്ചവച്ച നേതാവാണ് നവീന്‍ പട് നായിക്. വാശിയേറിയ പോരാട്ടം നടക്കുന്ന ഇവിടെ ആകെയുള്ള 147 സീറ്റുകളില്‍ 76 ഇടത്തും ബിജെപി സ്ഥാനാര്‍ഥികളാണ് മുന്നില്‍. ഇവിടെ കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.
ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 12 സീറ്റുകളിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. രണ്ടിടത്ത് സ്വതന്ത്രന്‍മാരും മുന്നിലാണ്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെഡി 112 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. ബിജെപിക്ക് 23 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്.
ലോക് സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഇവിടെ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 21 സീറ്റുകളില്‍ 18 ഇടത്തും അവര്‍ മുന്നിലാണ്. രണ്ടു സീറ്റുകളില്‍ ബിജെഡിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നിലാണ്.
ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൂടി വിജയിച്ചിരുന്നെങ്കില്‍ ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയാകുന്ന വ്യക്തി എന്ന റെകോഡ് നവീന്‍ പട് നായിക് സ്വന്തമാക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ റെകോഡ് സ്വപ്നം തച്ചുടച്ചുകൊണ്ടാണ് ഒഡിഷയില്‍ ബിജെപി ഭരണത്തിലേക്ക് അടുക്കുന്നത്.
ഒഡിഷയിലെ ബിജെഡിയുടെ പരാജയത്തില്‍ പാര്‍ടിയിലെ രണ്ടാമന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വികെ പാണ്ഡ്യന് നേരെയാകും ചോദ്യം ഉയരുക എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തമിഴ്നാട് സ്വദേശിയായ ഈ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ നവീന്‍ പട്നായികിന്റെ വലംകൈ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ തമിഴ് സ്വത്വത്തെ ആക്രമിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ഒഡിഷയിലെ പ്രചാരണം.