Conflict | ഒടുവില്‍ കെ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് വി മുരളീധരനും, ലക്ഷ്യം സംസ്ഥാന ബിജെപിയിലെ കടിഞ്ഞാണ്‍?
-
പാലക്കാട് തോൽവി
-
ബിജെപിയിൽ പിളർപ്പ്
-
കെ സുരേന്ദ്രനും വി മുരളീധരനും തമ്മിലുള്ള തർക്കം
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) പാലക്കാട് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കലുഷിതമായ സംസ്ഥാനബി.ജെ.പി രാഷ്ട്രീയത്തില്‍ വന്‍ ട്വിസ്റ്റ്. മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അകന്നതോടെയാണ് ബി.ജെ.പിയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയത്. പരസ്പരം തള്ളി പറയാന്‍ മത്സരിക്കുകയാണ് ഇരു നേതാക്കളും. ഈ അകല്‍ച്ച മുതലെടുത്ത് സുരേന്ദ്രനെ മാറ്റാനായി കരുക്കള്‍ നീക്കുകയാണ് പി കെ കൃഷ്ണദാസ് നേതൃത്വം നല്‍കുന്ന എതിര്‍ വിഭാഗം.
തന്റെ കേന്ദ്രത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് മുരളീധരന്‍ കെ സുരേന്ദ്രനെ സീനിയോറിറ്റി മറികടന്ന് സംസ്ഥാന അധ്യക്ഷനാക്കിയത്. എം.ടി രമേശിനെ പോലുള്ള സീനിയര്‍ നേതാക്കളെ അവഗണിച്ചായിരുന്നു സംസ്ഥാനത്തെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കെ. സുരേന്ദ്രന് ലഭിച്ചത്. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ നേരത്തെ കേരളത്തിന് പരിചിതമായിരുന്നു കെ സുരേന്ദ്രന്‍. അതിശക്തമായ ഇടപെടലുകള്‍ വഴി യുവമോര്‍ച്ചയെ ഒരു സമര സംഘടനയാക്കി മാറ്റാന്‍ സുരേന്ദ്രന് കഴിഞ്ഞു.
വി മുരളീധരനെന്ന കേന്ദ്രസഹമന്ത്രിയും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ ഗോഡ്ഫാദര്‍ ഒരുക്കി പടവുകളിലൂടെയായിരുന്നു സുരേന്ദ്രന്റെ വളര്‍ച്ച. സുരേന്ദ്രനായി എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, ജി പത്മകുമാര്‍, അഡ്വ. ഗോപാലകൃഷ്ണന്‍, എ ആര്‍ രാധാകൃഷ്ണന്‍ തുടങ്ങി പാര്‍ട്ടി നേതൃനിരയിലെ നേതാക്കളെയെല്ലാം മുരളീധരന്‍ ഡല്‍ഹിയിലെ സ്വാധീനം ഉപയോഗിച്ച് മൂലയിരുത്തി. മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസിന് നാമമാത്രമായ സ്ഥാനം കൊണ്ടു തൃപ്തിപ്പെടെണ്ടി വന്നു.
ഇപ്പോള്‍ വി. മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മടങ്ങിവരുന്നതിന് കെ സുരേന്ദ്രനെ തന്നെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ്. മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞു കൊണ്ടു രാജി സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ചത് ഫലത്തില്‍ കെ സുരേന്ദ്രന് തുണയായി മാറിയിരിക്കുകയാണ്. വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും കെ സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതോടെ മുരളീധരന്റെ നീക്കങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാവുന്നത്.
പാലക്കാട് തോല്‍വിയില്‍ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജാവദേക്കറിന്റെ ട്വീറ്റ്. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെ, നില്‍ക്കണോ പോണോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുന്നുണ്ട്.
സുരേന്ദ്രനെ മാറ്റി, വി മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്. പിന്നാലെ സംസ്ഥാന ബിജെപിയിലെ പോരില്‍ വി മുരളീധരനുമായുള്ള അകല്‍ച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം.
നേരത്തെ വി മുരളീധരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ആരും മുരളീധരന്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു കുത്ത്. അന്ന് പിറവത്ത് ബിജെപിക്ക് കിട്ടിയ 2000 വോട്ടുകളുടെ എണ്ണം പറഞ്ഞുള്ള സുരേന്ദ്രന്റെ മറുപടി, മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കൂടിയാണെന്നാണ് വിലയിരുത്തല്‍.
#KeralaBJP, #BJP, #KSurendran, #VMuraleedharan, #KeralaPolitics, #IndianPolitics