Bill Presentation | ബിജെപി എംപിമാർക്ക് വിപ്പ്; സുപ്രധാന ബിൽ ലോക്സഭയിൽ അവതരിപ്പിക്കും?
● ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി മൂന്നു വരി വിപ്പ് നൽകി.
● സഭയിലുണ്ടാകണമെന്ന് കോൺഗ്രസും എംപിമാർക്കു വിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
● ബിൽ സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടേക്കുമെന്നാണ് സൂചന.
ന്യൂഡൽഹി: (KVARTHA) 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ' ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ചേക്കും. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രണ്ട് ബില്ലുകൾ നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അവതരിപ്പിക്കുമെന്നാണ് വിവരം.
ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി മൂന്നു വരി വിപ്പ് നൽകി. പിന്നാലെ ശിവസേനയും തങ്ങളുടെ എംപിമാർക്ക് ലോക്‌സഭയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്. സഭയിലുണ്ടാകണമെന്ന് കോൺഗ്രസും എംപിമാർക്കു വിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച ഈ ബിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. ബിൽ സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടേക്കുമെന്നാണ് സൂചന.
രാജ്യത്തെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നായിരുന്നു ഈ സമിതി ശുപാർശ ചെയ്തത്. ഈ സമിതി മാർച്ചിലാണ് റിപ്പോർട്ട് നൽകിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
#OneNationOneElection #BJP #LokSabha #ArjunRamMeghwal #SimultaneousElections #PoliticalNews