Controversy | കര്‍ണാടകയില്‍ വീണ്ടും ഭൂമി കൈമാറ്റ വിവാദം; മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബത്തെ ഉന്നംവെച്ച് ബിജെപി
ബെംഗളൂരു: (KVARTHA) കര്‍ണാടകയില്‍ വീണ്ടും ഭൂമി കൈമാറ്റം സംബന്ധിച്ച ആരോപണങ്ങള്‍ (Land Allotment Row) ഉയരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ (Mallikajrun Kharge) കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിനെതിരെയാണ് ബി.ജെ.പിയുടെ (BJP) ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഖാര്‍ഗെയുടെ മകന്‍ രാഹുല്‍ ഖാര്‍ഗെ നേതൃത്വം നല്‍കുന്ന സിദ്ധാര്‍ഥ വിഹാര ട്രസ്റ്റിന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് (Karnataka Industrial Area Development Board-KIADB) അനധികൃതമായാണ് ഭൂമി അനുവദിച്ചതെന്ന് ബി.ജെ.പിയുടെ രാജ്യസഭാ എം.പി. ലഹര്‍സിങ് സിറോയ (Lehar Singh Siroya) പറഞ്ഞു. ഭൂമി അനുവദിക്കല്‍ വിവാദത്തില്‍ ഖാര്‍ഗെയുടെ മന്ത്രി മകനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കര്‍ണാടക ഗവര്‍ണര്‍ക്ക് ഹര്‍ജി നല്‍കി.
ബെംഗളൂരുവിന് അടുത്തുള്ള ഹൈടെക് ഡിഫന്‍സ് എയ്‌റോസ്‌പെയ്‌സ് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കര്‍ സ്ഥലമാണ് ഈ ട്രസ്റ്റിന് നല്‍കിയതെന്നാണ് ആരോപണം. പട്ടികജാതി വിഭാഗക്കാര്‍ക്ക് അനുവദിക്കേണ്ട സ്ഥലമാണ് ഖാര്‍ഗെയുടെ കുടുംബം കൈമാറിയതെന്നും, ഇത് അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ലഹര്‍സിങ് സിറോയ ആരോപിച്ചു.
കെ.ഐ.എ.ഡി.ബി. ഭൂമി അനുവദിക്കപ്പെടാനായിട്ട് ഖാര്‍ഗെ കുടുംബം വ്യോമയാന വ്യവസായത്തിലേര്‍പ്പെട്ടിട്ടുണ്ടോയെന്നും, നിയമവിരുദ്ധമായ ഭൂമി കൈമാറ്റം ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും, നിശ്ചിത തുകയ്ക്ക്, ഇളവുകള്‍ ഒന്നുമില്ലാതെ തന്നെയാണ് ഭൂമി നല്‍കിയതെന്നും കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ മറുപടിയായി പറഞ്ഞു. ഖാര്‍ഗെയുടെ മറ്റൊരു മകനും, ട്രസ്റ്റ് അംഗവും കര്‍ണാടക ഐ.ടി. മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ, ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായെന്നും, നൈപുണ്യവികസന കേന്ദ്രം ആരംഭിക്കാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.
1994-ല്‍ രൂപവത്കരിക്കപ്പെട്ട ഈ ട്രസ്റ്റിന് കഴിഞ്ഞ മാര്‍ച്ചില്‍ ഭൂമി അനുവദിച്ചിരുന്നു. ഖാര്‍ഗെയുടെ ഭാര്യ രാധികാഭായ് ഖാര്‍ഗെ, മരുമകനായ ഗുല്‍ബര്‍ഗ എം.പി. രാധാകൃഷ്ണ, പ്രിയങ്ക് ഖാര്‍ഗെ എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍, രാഹുല്‍ ഖാര്‍ഗെയാണ് ചെയര്‍മാന്‍.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഭൂമി കൈമാറ്റ വിവാദത്തില്‍പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെയും ആരോപണങ്ങള്‍ ഉയരുന്നത്. സിദ്ധരാമയ്യയുടടെ ഭാര്യ പാര്‍വതിക്ക് മൈസൂരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
#KarnatakaPolitics #LandScam #KhargeFamily #CongressControversy #BJPAllegations #SiddaramaiahGovernment