Election Result | മഹാരാഷ്‌ട്രയിൽ കനലൊരുതരി! ബിജെപി കുതിപ്പിലും സീറ്റ് നിലനിർത്തി സിപിഎം
● ബിജെപിയുടെ വിനോദ് സുരേഷ് മേധയെയാണ് പിന്നിലാക്കിയത്.
● തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം.
● പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൻ്റെ ഔദ്യോഗിക പിന്തുണയോടെയാണ് സിപിഎം മത്സരിക്കുന്നത്.
മുംബൈ: (KVARTHA) മഹാരാഷ്‌ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സഖ്യത്തിന്റെ കുതിപ്പിനിടയിലും ദഹാനുവിൽ സിപിഎം സ്ഥാനാർഥി വിനോദ് നിക്കോള വിജയം ഉറപ്പിച്ചു. 12 റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയപ്പോൾ 5133 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. ബിജെപിയുടെ വിനോദ് സുരേഷ് മേധയെയാണ് പിന്നിലാക്കിയത്.
അതേസമയം, നാസിക് ജില്ലയിലെ കൽവാൻ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ജെ പി ഗാവിത് ആദ്യ ഘട്ടത്തിൽ ലീഡ് ചെയ്തപ്പോൾ പിന്നീട് പിന്നാക്കം പോയി. എൻസിപി (അജിത് പവാർ) സ്ഥാനാർഥി നിതിൻ പവാർ ആണ് 5669 വോട്ടുകൾക്ക് മുന്നിൽ. നിതിൻ പവാർ 80177, ജെ പി ഗാവിത് 74508 എന്നിങ്ങനെയാണ് വോട്ട് നില.
പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൻ്റെ ഔദ്യോഗിക പിന്തുണയോടെയാണ് സിപിഎം മത്സരിക്കുന്നത്. പട്ടികവർഗ സംവരണ മണ്ഡലമായ ദഹാനുവിലെ സിറ്റിംഗ് എംഎൽഎ കൂടിയാണ് വിനോദ് നിക്കോള. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം.
ദഹാനുവിലെ ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി വർഷങ്ങളായി പ്രവർത്തിക്കുന്ന എഐകെഎസ്, കഷ്ടകാരി സംഘടന തുടങ്ങിയവയും സിപിഎം പാർട്ടിയും ചേർന്ന് നടത്തിയ താഴേത്തട്ടിലെ പ്രവർത്തനങ്ങൾ സിപിഎമ്മിന് ജനങ്ങളുടെയിടയിൽ വലിയ സ്വാധീനം നേടിക്കൊടുത്തു.
പ്രത്യേകിച്ചും, 1975-ലെ വാർലി ഗോത്രവർഗ കലാപത്തിൽ ശ്യാംറാവു പരുലേക്കർ, ഗോദാവരി പരുലേക്കർ തുടങ്ങിയ എഐകെഎസ് നേതാക്കൾ വഹിച്ച നേതൃത്വം ഇടതുപക്ഷത്തിന് ദഹാനുവിലെ ആദിവാസി സമൂഹത്തിൽ ശക്തമായ അടിത്തറ കെട്ടിപടുക്കാൻ സഹായിച്ചു.
ചരിത്രപരമായി കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലത്തിൽ, സിപിഎം ഇവിടെ നേരത്തെ മൂന്ന് തവണ വിജയിച്ചു - 1978, 2009, 2019 വർഷങ്ങളിലായിരുന്നു ഇത്. മുംബൈയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിർത്തിയോട് അടുത്താണ്. ദഹാനു നഗരമേഖലയിൽ ബിജെപിക്ക് മുൻതൂക്കമുണ്ട്. എന്നാൽ ആദിവാസി ആധിപത്യ മേഖലകളിൽ സിപിഎമ്മിനാണ് സ്വാധീനം.
#VinodNikole, #CPI(M), #MaharashtraElection, #Dahanu, #ElectionResults, #Maharashtra