BJP | കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പിടിമുറുക്കാൻ അരയും തലയും മുറുക്കി ബിജെപി ഇറങ്ങുന്നു; ആധിപത്യത്തിനായുള്ള ശ്രമങ്ങളിൽ സംഭവിക്കുകയെന്ത്?
കണ്ണൂരും കാസർകോട്ടും ദേശീയ കൗൺസിൽ അംഗം പികെ കൃഷ്ണദാസിന് ചുമതല നൽകിയിട്ടുണ്ട്
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി തീരുമാനിച്ചതോടെ രാഷ്ട്രീയ സംഘർഷമുണ്ടാകുമോയെന്ന ആശങ്ക ജനങ്ങളിൽ ശക്തമാകുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് പ്രവർത്തനം ശക്തമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ഇതിനായി കണ്ണൂരും കാസർകോട്ടും ദേശീയ കൗൺസിൽ അംഗം പികെ കൃഷ്ണദാസിന് ചുമതല നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തലശേരി തിരുവങ്ങാട് സ്വദേശിയാണ് മുൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ പി കെ കൃഷ്ണദാസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരിയിൽ കൃഷ്ണദാസിനെ മത്സരിപ്പിക്കാനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചുമതല മുതിർന്ന നേതാവായ എംടി രമേശിന് നൽകിയിട്ടുണ്ട്.
പാലക്കാട് പി രഘുനാഥിനും ചേലക്കരയിൽ കെകെ അനീഷ്‌കുമാറിനുമാണ് ചുമതല. ഇതു കൂടാതെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ട് ഇറങ്ങണമെന്ന് നിർദേശവും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഉദുമ മുതൽ തലശേരി വരെയുള്ള പ്രദേശങ്ങളിൽ വോട്ട് വർധനവുണ്ടായ പശ്ചാത്തലത്തിലാണ് വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിർണായക ശക്തിയാവാൻ ബിജെപി ലക്ഷ്യമിടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടിസ്ഥാന ഹിന്ദുവിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്ന് പാർട്ടിക്ക് ലഭിച്ചത് സംസ്ഥാന നേതൃത്വത്തിൽ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിൽ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഒൻപതിടത്ത് രണ്ടാമതും എത്തി. 121 ഇടങ്ങളിലും എൽഡിഎഫ് പിന്നിൽ പോയെന്ന് മാത്രമല്ല, ഇതിൽ 13 ഇടത്തും മൂന്നാമതായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് എൽഡിഎഫും 41 സീറ്റ് യുഡിഎഫുമാണ് നേടിയിരുന്നത്.
എൻഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉൾപെടെ ഒൻപതു മണ്ഡലങ്ങളിലാണ് ബിജെപി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെ ജനരോഷം ആവർത്തിക്കുമെന്നും ഇതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ. എന്നാൽ തിരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയുണ്ടായെങ്കിലും ഇപ്പോഴും അതിശക്തമാണ് സിപിഎം പാർട്ടി ഗ്രാമങ്ങൾ. ഇവിടെ കാവിക്കൊടി പാറിക്കാൻ ബിജെപി ഇറങ്ങുന്നത് കണ്ണൂരിൻ്റെ മണ്ണിനെ കൂടുതൽ സംഘർഷഭരിതമാക്കുമോയെന്ന ആശങ്ക ജനങ്ങൾക്കിടെയിലുണ്ട്.