Conflict | ഏഷ്യാനെറ്റുമായി തുറന്ന യുദ്ധത്തിനോ ബിജെപി? ചാനൽ തനിക്ക് 5 കോടിയുടെ മാനനഷ്ട കേസ് അയച്ചതായി സന്ദീപ് വാര്യർ; പാട്ടകുലുക്കിയിട്ടായാലും കേസ് നടത്തും, മാപ്പ് പറയില്ലെന്ന് കെ സുരേന്ദ്രൻ
● യുവജനോത്സവം അവതാരകനായ ഷിഹാസിനെതിരായ പരാമർശമാണ് വിവാദത്തിന് കാരണം.
● ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദീപ് വാര്യരെ പിന്തുണച്ചു.
● ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ളതാണ്.
തിരുവന്തപുരം: (KVARTHA) ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ യുവജനോത്സവം അവതാരകനായ ഷിഹാസിനെതിരെയുള്ള പരാമർശത്തിൽ ബിജെപി നേതാവ് സന്ദീപ് ജി വാര്യർക്ക് എതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് ഏഷ്യാനെറ്റ് നൽകിയെന്നാണ് പുറത്തുവന്നിരിക്കുന്നത്.
സന്ദീപ് വാര്യർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഏഷ്യാനെറ്റ് ജിഹാദി പോസ്റ്റർ ബോയ് ഷിഹാസിനെ തുറന്നു കാണിച്ചതിന് എനിക്ക് അഞ്ചു കോടി രൂപയുടെ മാനനഷ്ട വക്കീൽ നോട്ടീസ് ആണ് ഏഷ്യാനെറ്റ് മാനേജ്മെൻറ് അയച്ചിരിക്കുന്നത്. അത്രയും രൂപ കൈവശമില്ല. വല്ലതും കുറച്ചു തരുമോ.
ജിഹാദിയെ ജിഹാദി എന്ന് വിളിച്ചപ്പോൾ ഏഷ്യാനെറ്റിന് എന്തിനാണ് പൊള്ളുന്നത് ? ഒരു മാധ്യമ സ്ഥാപനത്തിന് സംഘി എന്ന് വിളിക്കാമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ ജിഹാദി എന്നും വിളിക്കാം', എന്നാണ് സന്ദീപ് വാര്യർ ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചത്.
കെ സുരേന്ദ്രന്റെ പിന്തുണ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദീപ് വാര്യരെ പിന്തുണച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിനെ രൂക്ഷമായി വിമർശിച്ചു. സന്ദീപ് വാര്യർ ഒരു മാപ്പും പറയില്ലെന്നും, അർബൻ നക്സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാന മാധ്യമങ്ങളിൽ പിടിമുറുക്കുന്നതെന്ന് ചർച്ച ചെയ്യാമെന്നും സുരേന്ദ്രൻ പറഞ്ഞു.
'സന്ദീപ് വാര്യർക്കെതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് ഏഷ്യാനെറ്റ് ന്യൂസ് നൽകി എന്നറിഞ്ഞു. സന്ദീപ് ഒരു മാപ്പും പറയുന്നില്ല. കേസ് നടക്കട്ടെ. അർബൻ നക്സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാനമാധ്യമങ്ങളിൽ പിടിമുറുക്കുന്നതെന്ന് നമുക്കു ഓപ്പൺ കോടതിയിൽ തന്നെ ചർച്ച ചെയ്യാം. പാട്ടകുലുക്കിയിട്ടായാലും പാർട്ടി കേസ് നടത്തും', അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കി.
തുറന്ന യുദ്ധത്തിനോ?
ഏതാനും വർഷങ്ങളായി ഏഷ്യാനെറ്റും ബിജെപിയും ഏഷ്യാനെറ്റ് തമ്മിൽ അത്ര രസത്തിലല്ല മുന്നോട്ട് പോകുന്നത്. ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്‌കരിക്കുകയാണെന്നും അവരുടെ ചർച്ചകളിൽ ബിജെപി പ്രതിനിധികളാരും പങ്കെടുക്കുകയില്ലെന്നും പാർട്ടി നേതൃത്വം വാർത്താസമ്മേളനം നടത്തി നേരത്തെ പറഞ്ഞിരുന്നു. വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നതെന്നായിരുന്നു അവരുടെ ആരോപണം. യുവജനോത്സവം പരിപാടിയില്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന രീതിയില്‍ ഷിഹാസ് ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് ബിജെപി നേതാക്കളെ പ്രകോപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ പരിപാടിയിൽ നടന്ന ചില ചർച്ചകളെ തുടർന്നാണ് തർക്കം വീണ്ടും ഉടലെടുത്തത്. സുരേന്ദ്രൻ ഈ ചർച്ചകളെ പിതൃശൂന്യമായ മാധ്യമപ്രവർത്തനം എന്ന് വിശേഷിപ്പിച്ചിരുന്നു. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളിലും ആർഎസ്എസ് ബന്ധത്തിലും നിയമസഭയിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിൽ മഞ്ചേശ്വരം കോഴക്കേസിൽ ഏഷ്യാനെറ്റും ഗൂഢാലോചനയിൽ ഭാഗമായിരുന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണവും പരാമർശിച്ചിരുന്നു. ഇതിന് രൂക്ഷമായാണ് സുരേന്ദ്രൻ ഫേസ്ബുകിൽ മറുപടി നൽകിയത്.
'മിസ്റ്റർ വിനു വി ജോൺ താങ്കൾ അന്തസ്സുള്ള ഒരു മാധ്യമപ്രവർത്തകനായിരുന്നെങ്കിൽ ഇന്നത്തെ പെയ്ഡ് അന്തിച്ചർച്ചയിൽ പേരിനെങ്കിലും ഒരു ബി.ജെ.പി. വക്താവിനെ വിളിക്കണമായിരുന്നു. അതും ബി. ജെ. പി സംസ്ഥാന പ്രസിഡണ്ടിനെതിരെയുള്ള ഒരു കേസ് ചർച്ച ചെയ്യുമ്പോൾ. താങ്കളടക്കം നാലു കോൺഗ്രസ്സുകാർ ഏകപക്ഷീയമായി പുലമ്പിയ കാര്യങ്ങൾക്കെല്ലാം വസ്തുനിഷ്ഠമായ മറുപടിയുണ്ട്. അത് നാളെ ജനങ്ങളോട് പറയാം. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇതാണ് പിതൃശൂന്യമായ മാധ്യമപ്രവർത്തനം. പിന്നെ സംഘി എന്നൊക്കെ പറയുന്ന താങ്കൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോ?', എന്നായിരുന്നു പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോര് അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെ കൂടുതൽ രൂക്ഷമാക്കുകയാണ്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒരാൾ ചെയർമാനായുള്ള ചാനലുമായുള്ള ഈ നിയമ പോരാട്ടം എങ്ങനെയായിരിക്കും അവസാനിക്കുക എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
#AsianetNews #BJP #KeralaPolitics #DefamationCase #MediaControversy #IndiaNews