Budget | സ്വർണത്തിനും വെള്ളിക്കും മൊബൈൽ ഫോണിനും വില കുറയും; കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം
ന്യൂഡെൽഹി: (KVARTHA) സ്വർണത്തിൻ്റെയും വെള്ളിയുടെയും മൊബൈൽ ഫോണിന്റെയും കസ്റ്റംസ് തീരുവ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഈ നടപടി സ്വർണത്തിൻ്റെയും വെള്ളിയുടെയും മൊബൈൽ ഫോണിന്റെയും വില കുറയാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചു. പ്ലാറ്റിനത്തിൻ്റെ കസ്റ്റംസ് തീരുവ 6.4 ശതമാനമായി നിശ്ചയിച്ചു. മൊബൈൽ ഫോണുകളുടെയും ചാർജറുകളുടെയും കസ്റ്റംസ് നികുതി 15 ശതമാനമായി കുറച്ചു. മൊബൈൽ ചാർജറുകളുടെയും കസ്റ്റംസ് തീരുവ കുറയ്ക്കും.
കാൻസർ രോഗികൾക്കുള്ള മൂന്ന് മരുന്നുകളെ കൂടി കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കും. എക്‌സ്‌റേ ട്യൂബുകൾക്കും ഫ്ലാറ്റ് പാനൽ ഡിറ്റക്ടറുകൾക്കും കസ്റ്റംസ് തീരുവ കുറയ്ക്കും. 2023ലെ ബജറ്റിൽ, ഇന്ത്യയിൽ മൊബൈൽ ഫോൺ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാമറ ലെൻസുകൾ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളുടെ ഇറക്കുമതി നികുതി കുറയ്ക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഫോണുകൾക്കും വൈദ്യുത വാഹനങ്ങൾക്കുമുള്ള അവശ്യ ഘടകമായ ലിഥിയം അയൺ ബാറ്ററികളുടെ നികുതി നിരക്കും ധനമന്ത്രി വെട്ടിക്കുറച്ചിരുന്നു. കമ്പനികൾക്ക് ഇന്ത്യയിൽ ഫോൺ നിർമ്മിക്കുന്നത് വിലകുറഞ്ഞതാക്കാനാണ് ഈ നയ മാറ്റം ലക്ഷ്യമിടുന്നത്. 2024ലെ സാമ്പത്തിക സർവേ കാണിക്കുന്നത് ഇന്ത്യയുടെ ജിഡിപി ഈ വർഷം 6.5-7% ഇടയിൽ വളരുമെന്നും ചില്ലറ പണപ്പെരുപ്പം 2023-24 കാലയളവിൽ 5.4% ആയി കുറഞ്ഞുവെന്നുമാണ്. മുമ്പ് ഇത് 6.7% ആയിരുന്നു.