Allegation | 'ഗോവയിലെ 40 എഎപി സ്ഥാനാർഥികൾക്ക് 90 ലക്ഷം രൂപ വീതം നൽകാമെന്ന് കേജ്‌രിവാൾ വാഗ്ദാനം നൽകി, പണം ലഭിച്ചത് സൗത്ത് ഗ്രൂപ്പിൽ നിന്ന്', കോടതിയിൽ സിബിഐ
* 'ഗോവ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച പണമെല്ലാം ഡൽഹി എംഎൽഎ ദുർഗേഷ് പഥക്കിൻ്റെ നിർദേശപ്രകാരമായിരുന്നു'
ന്യൂഡൽഹി: (KVARTHA) 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിലെയും ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥികൾക്ക് 90 ലക്ഷം രൂപ വീതം നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചൊവ്വാഴ്ച റൂസ് അവന്യൂ കോടതിയെ അറിയിച്ചു. സൗത്ത് ഗ്രൂപ്പിൽ നിന്ന് പണം വന്നതിന് തെളിവുണ്ടെന്നും കേന്ദ്ര ഏജൻസി പറഞ്ഞു.
'ദുർഗേഷ് പഥക്കിനായിരുന്നു ഗോവ തിരഞ്ഞെടുപ്പിൻ്റെ ചുമതല. ഗോവ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച പണമെല്ലാം ദുർഗേഷ് പഥക്കിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു. ഡൽഹിയിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. സൗത്ത് ഗ്രൂപ്പിൽ നിന്നാണ് പണം എത്തിയതെന്നതിന് തെളിവുമുണ്ട്', സിബിഐ വാദങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
ഡൽഹി മദ്യ നയ അഴിമതിക്കേസിൽ കേജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെയുള്ള അനുബന്ധ കുറ്റപത്രത്തിൽ സിബിഐയുടെ വാദങ്ങൾ പരിഗണിക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കെജ്‌രിവാൾ സ്ഥാനാർത്ഥികളോട് പറഞ്ഞതായും സിബിഐയെ പ്രതിനിധീകരിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) ഡിപി സിംഗ് പറഞ്ഞു.
കേജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടണമെന്ന അപേക്ഷയും സിബിഐ സമർപ്പിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഎപി ഉപയോഗിച്ച പണം സൗത്ത് ഗ്രൂപ്പിൽ നിന്ന് ലഭിച്ച 45 കോടി രൂപ കൈക്കൂലിയാണെന്ന് സിബിഐയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും നേരത്തെ ആരോപിച്ചിരുന്നു.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ജൂൺ 26 ന് മുഖ്യമന്ത്രിയെ സിബിഐ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂലൈ 12 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
#ArvindKejriwal #AAP #GoaElections #CBI #Corruption #India