Reaction | സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ജ്യോതികുമാർ ചാമക്കാല എന്തുപ്രതികരിക്കും? നെറ്റിസൻസിന്റെ ആകാംക്ഷയ്ക്ക് ഉത്തരമായി!
● രണ്ടുപേരും തമ്മിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്
● രാഷ്ട്രീയ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാമെന്ന് നെറ്റിസൻസ്
● പഴയ ദൃശ്യങ്ങൾ വീണ്ടും വൈറൽ
തിരുവനന്തപുരം: (KVARTHA) സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല എന്തുപ്രതികരിക്കുമെന്ന ആകാംക്ഷയിലായിരുന്നു നെറ്റിസൻസ്. മുൻപ് ഒരു ചാനൽ ചർച്ചയിൽ സന്ദീപ് വാര്യറും ജ്യോതികുമാർ ചാമക്കാലയും തമ്മിൽ ഉണ്ടായ പോര് വൈറലായിരുന്നു. നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് ചാമക്കാലയെ സന്ദീപ് വാര്യർ 'തെമ്മാടി' എന്ന് വിളിച്ചതും, അതിനോടുള്ള ചാമക്കാലയുടെ പ്രതികരണവും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
'ഒരു എതിരാളി കുറഞ്ഞുപോയതിന്റെ വിഷമം'
ഇപ്പോഴിതാ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ ജ്യോതികുമാർ ചാമക്കാല നിലപാട് വ്യകതമാക്കിയിരിക്കുകയാണ്. ഒരു എതിരാളി കുറഞ്ഞുപോയതിന്റെ വിഷമമാണുള്ളതെന്നാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച് ജ്യോതികുമാർ ചാമക്കാല പറഞ്ഞത്. അദ്ദേഹം സന്ദീപിനെ ഒരു പ്രതിഭാധനനായ വ്യക്തിയായി ചിത്രീകരിച്ചു. സന്ദീപ് കാര്യങ്ങൾ നന്നായി പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിൽ പ്രാവീണ്യം നേടിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ തന്നെപ്പോലെ തന്നെ പരിധി വിട്ട് സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ചാമക്കാല പറഞ്ഞു.
'എന്നാ പിന്നെ അങ്ങിനെയാകട്ടെ', എന്ന അടിക്കുറിപ്പോടെ സന്ദീപുമൊത്തുള്ള ചിത്രവും ജ്യോതികുമാർ ഫേസ്ബുക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. 'രാഷ്ട്രീയം ഇതാണ്, ഇന്നത്തെ ശത്രുക്കൾ നാളത്തെ മിത്രങ്ങൾ, ഇന്നത്തെ മിത്രങ്ങൾ നാളത്തെ ശത്രുക്കളും എന്നാണ് നെറ്റിസൻസ് പ്രതിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ നിരന്തരം മാറിവരുന്നു. ഇന്നൊരു കക്ഷിയുമായി രൂക്ഷമായ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്, നാളെ അതേ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നത് അസാധാരണമല്ല. എന്തായാലും ചാനൽ ചർച്ചയിൽ മുമ്പ് ഇരുവരും തമ്മിലുള്ള പോരിന്റെ ദൃശ്യങ്ങൾ വീണ്ടും വൈറലയിട്ടുണ്ട്.