Hema Report | 'മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതിയുമായി വന്നാല്‍ ഇടപെടലുണ്ടാകും'; എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
'പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്'
തിരുവനന്തപുരം: (KVARTHA) ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ - സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടും. അതിനുള്ള നിശ്ചയ ദാര്‍ഢ്യം തെളിയിച്ച സര്‍ക്കാരാണ് ഇത്. ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ഹേമ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം, മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യവും ഉണ്ട്.
എന്നാല്‍, നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തു ഉയര്‍ന്ന ഒരു വിഷയവും നിയമ നടപടി ഇല്ലാതെ പോയിട്ടില്ല. വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസ് എടുത്ത നിലപാട് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. പീഡന പരാതികളില്‍ നടിമാര്‍ നല്‍കുന്ന പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകന്‍ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷം പരാതി നല്‍കി.
ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താല്‍പ്പര്യത്തോടെ സമ്മര്‍ദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു. പോക്സോ കേസില്‍ മറ്റൊരു നടനെതിരെയും,പീഡന പരാതിയില്‍ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്.
ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകര്‍പ്പവകാശ ലംഘനം സൈബര്‍ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയില്‍ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നല്‍കിയ പരാതിയില്‍ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു.
നടിയെ ഫോണിലൂടെ തുടര്‍ച്ചയായി ശല്യം ചെയ്ത സംഭവത്തില്‍ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.