Criticism | സത്യസന്ധരായ സിവില്‍ സര്‍വീസുകാരുടെ ആത്മാഭിമാനത്തിന്റെ രക്തസാക്ഷിയാണ് നവീന്‍ ബാബുവെന്ന് വി ടി ബല്‍റാം
● ഇടതുപക്ഷ ഭരണം സര്‍ക്കാര്‍ ജീവനക്കാരുടെ ദുരിത കാലഘട്ടത്തിലൂടെ.
● സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു.
● എഡിഎമ്മിന്റെ മരണത്തെക്കുറിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്.
കണ്ണൂര്‍: (KVARTHA) സത്യസന്ധമായി ജോലി ചെയ്യുന്ന സിവില്‍ സര്‍വീസുകാരുടെ ആത്മാഭിമാനത്തിന്റെ രക്തസാക്ഷിയാണ് കണ്ണൂരിലെ മുന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയിരുന്ന നവീന്‍ ബാബുവിന്റെ മരണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം പൊലീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ട് വര്‍ഷത്തെ ഇടതുപക്ഷ ഭരണം സര്‍ക്കാര്‍ ജീവനക്കാരുടെ ദുരിത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഭരണപക്ഷ യൂണിയനുകള്‍ പോലും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായി ജോലി ചെയ്യുന്ന സിവില്‍ സര്‍വീസ് ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. സത്യസന്ധമായി ജോലി ചെയ്തതിന്റെ പേരില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സിവില്‍ സര്‍വീസുകാരുടെ ആത്മാഭിമാനത്തിന്റെ രക്തസാക്ഷിയാണ് നവീന്‍ ബാബുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ ഭരണച്ചുമതലയില്‍ രണ്ടാമനായിരുന്ന എഡിഎമ്മിന്റെ മരണത്തെക്കുറിച്ച് ഇനിയും വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. ജീവനക്കാര്‍ അത്രയധികം മാനസിക പിരിമുറുക്കത്തിലാണ് ജോലി ചെയ്യുന്നതെന്നും ബല്‍റാം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.പി. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. അനീസ് മുഹമ്മദ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, ബി. ഗോപകുമാര്‍, ബീന പൂവ്വത്തില്‍, പി.ഐ. സുബൈര്‍ കുട്ടി, സി. ബ്രിജേഷ്, സംസ്ഥാന സെക്രട്ടറി സി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
#civilservant #mentalhealth #kannur #kerala #politics #india #news