Protest | 'സംഘപരിവാർ അജണ്ടയുടെ ഭാഗം', യുജിസിയുടെ പുതിയ കരട്‌ ചട്ടത്തിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി 

 
CM Pinarayi Vijayan Against UGC Draft Regulations
CM Pinarayi Vijayan Against UGC Draft Regulations

Photo Credit: Facebook/ Pinarayi Vijayan

● 'കേന്ദ്ര ഇടപെടൽ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്'
● 'സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഗൂഢപദ്ധതി'
●  'രാജ്യത്തെ ജനാധിപത്യ ശക്തികൾ രംഗത്തുവരണം'

തിരുവനന്തപുരം: (KVARTHA) ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസിയും കേന്ദ്ര സർക്കാരും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, വർഗീയവൽക്കരണം, കേന്ദ്രീകരണം എന്നീ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ നിർദേശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം ചാൻസലറുടെ മാത്രം അധികാരത്തിൽ ഒതുക്കാനുള്ള പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണ്. ഗവർണറുടെ പ്രവർത്തനങ്ങൾ മന്ത്രിസഭയുടെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ഇത് ലംഘിക്കുന്നു. സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം കേന്ദ്ര സർക്കാർ താല്പര്യപ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളിയാണ്.

അക്കാദമിക പരിചയമില്ലാത്തവരെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമിക്കാനുള്ള നിർദേശം സർവകലാശാല ഭരണ തലപ്പത്തേക്ക് സംഘപരിവാർ അനുഭാവികളെ എത്തിക്കാനുള്ള എളുപ്പ വഴിയാണ്. സംസ്ഥാന സർവകലാശാലകളുടെ സർവാധികാരിയായി ചാൻസലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി കരട് ചട്ടഭേദഗതിയിലെ സംഘപരിവാർ അജണ്ടക്കെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികൾ രംഗത്തുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

#UGC, #HigherEducation, #Kerala, #PinarayiVijayan, #EducationPolicy, #SaveHigherEducation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia