Political Shift | സമുദായ സംഘടനകള്‍ ഇടതിനെ കൈവെടിയുന്നു, കോണ്‍ഗ്രസിനൊപ്പമോ?

 
Kerala Community Political Shift
Kerala Community Political Shift

Photo Credit: Facebook/ Ramesh Chennithala

● ശബരിമല സമരവും രണ്ടാം പിണറായി സര്‍ക്കാരിനോടുള്ള എതിര്‍പ്പുമാണ് കോണ്‍ഗ്രസിന് അനുഗ്രഹമായത്. 
● 2026ല്‍ മുഖ്യമന്ത്രി കസേര ഉറപ്പിക്കാന്‍ സതീശന്‍ എല്ലാ കളികളും പയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു തിരിച്ചടി കോണ്‍ഗ്രസിന് പുറത്തുനിന്ന് ഉണ്ടായത്. 

ദക്ഷാ മനു 

തിരുവനന്തപുരം: (KVARTHA) 2011ന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് വളരെ ദുര്‍ബലമായി തുടരുകയാണ്. ഇതിനിടെ 2019ലും 2024ലും ലോകസ്ഭാ തെരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം നേടിയെങ്കിലും അത് കോണ്‍ഗ്രസിനോടുള്ള പ്രതിബദ്ധതകൊണ്ട് ജനങ്ങള്‍ നല്‍കിയ പിന്തുണയായിരുന്നില്ല. ശബരിമല സമരവും രണ്ടാം പിണറായി സര്‍ക്കാരിനോടുള്ള എതിര്‍പ്പുമാണ് കോണ്‍ഗ്രസിന് അനുഗ്രഹമായത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ നിരുത്തരവാദപരമായ കാര്യങ്ങളാണ് കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം ലഭിക്കാന്‍ സഹായകമായത്. 

നേരെ മറിച്ച് സിപിഎം മണ്ഡലത്തിലെ പ്രമുഖനായ നേതാവിനെ കളത്തിലിറക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന് പകരം പലപ്പോഴും നേതാക്കള്‍ തമ്മില്‍ തല്ലുകയും പരസ്യമായി വിഴുപ്പലക്കുകയും അസഭ്യം പറയുകയുമാണ് ചെയ്തിരുന്നത്. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയം ഡിസിസി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും പരസ്പ്പരം മൈക്കിന് അടിപിടി കൂടിയത് എല്ലാവരും കണ്ടതാണ്. കെപിസിസി പ്രസിഡന്റ് നടത്തിയ പദയാത്ര ആലപ്പുഴയിലെത്തിയപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് സതീശന്‍ എത്താന്‍ വൈകിയതിനാല്‍ കെ.സുധാകരന്‍ തെറിവിളിക്കുന്നത് ചാനല്‍ മൈക്കിലൂടെ കേരളം മുഴുവന്‍ കേട്ടതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയിട്ടും കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന ഹസന്‍ മാറാന്‍ തയ്യാറാകാതിരിക്കുകയും സതീശനും മറ്റുചിലരും സുധാകരനെ നീക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തെങ്കിലും വിജയിച്ചില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കെ.സുധാകരന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മാറ്റാനും സതീശനും സംഘവും ശ്രമിച്ചെങ്കിലും രമേശ് ചെന്നിത്തലയും ശശി തരൂരും അടക്കമുള്ള വിരുദ്ധചേരി എതിര്‍പ്പുമായി രംഗത്തെത്തി. 

2026ല്‍ മുഖ്യമന്ത്രി കസേര ഉറപ്പിക്കാന്‍ സതീശന്‍ എല്ലാ കളികളും പയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു തിരിച്ചടി കോണ്‍ഗ്രസിന് പുറത്തുനിന്ന് ഉണ്ടായത്. രമേശ് ചെന്നിത്തലയുമായി അകന്നിരുന്ന എന്‍എസ്എസും എസ്എന്‍ഡിപി യോഗവും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണെന്ന് പരസ്യമായി പ്രസ്താവിച്ചു. മാത്രമല്ല, സതീശനെതിരെ വെള്ളാപ്പള്ളി രൂക്ഷവിമര്‍ശനവും നടത്തി. ഇതോടെ ചിത്രത്തിലില്ലാതിരുന്ന ചെന്നിത്തല താരമായി മാറിയിരിക്കുകയാണ്. 

2013ല്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതോടെ എന്‍എസ്എസ് ജനറല്‍സെക്രട്ടറി എതിര്‍പ്പ് അറിയിക്കുകയും അങ്ങനെ ചെന്നിത്തല ആഭ്യന്തരമന്ത്രി ആവുകയുമായിരുന്നു. എന്‍എസ്എസ് രമേശിന് പിന്തുണയുമായി എത്തിയെങ്കിലും അപകടം മണത്തറിഞ്ഞ അദ്ദേഹം താന്‍ ഒരു സമുദായത്തിന്റെയും ആളല്ലെന്ന് പരസ്യമായി വ്യക്തമാക്കി. അന്ന് മുതല്‍ ചെന്നിത്തലയുമായി സമുദായം അകല്‍ച്ചയിലായിരുന്നു. ആ പിണക്കം മാറിയത് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയ്ക്ക് ഗുണമായേക്കും. 

മൈക്രോഫൈനാന്‍സ് കേസില്‍ ചെന്നിത്തല വെള്ളാപ്പള്ളിയെ ദ്രോഹിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ചെന്നിത്തലയെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. നിലവില്‍ കോണ്‍ഗ്രസില്‍ ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണുള്ളത്. സമുദായത്തെ തഴയുന്ന നേതാക്കളുടെ നിലപാടിനെ വെള്ളാപ്പള്ളി പലപ്പോഴും കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ് കൂടിക്കാഴ്ചയ്ക്ക് അനുമതിതേടിയിട്ടും വെള്ളാപ്പള്ളി കൊടുത്തിരുന്നില്ല.

2021ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തന്നെ തുടരണമെന്ന് ഉമ്മന്‍ചാണ്ടി തന്റെ ഗ്രൂപ്പുകാരോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. ദേശീയനേതൃത്വം സതീശനെ പിന്തുണച്ചതോടെ എ, ഐ ഗ്രൂപ്പിലുള്ള പലരും സതീശനെ പിന്തുണയ്ക്കുകയായിരുന്നു. പ്രതിപക്ഷനേതാവെന്ന നിലയില്‍ രമേശ് മികച്ച പ്രകടനമാണ് നടത്തിയത്. 

അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരിനെതിരെ സ്പ്രിംഗ്ലര്‍ അടക്കമുള്ള അഴിമതിയാരോപണങ്ങള്‍ പുറത്തുകൊണ്ടുവന്നത് ശരിയാണെന്ന് പിന്നീട് കോടതി തന്നെ പറയുകയും കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. നിലവില്‍ ചെന്നിത്തലയ്‌ക്കൊപ്പം മുമ്പുണ്ടായിരുന്ന പലരും ഇല്ല. ഐ ഗ്രൂപ്പ് സജീവമല്ലെന്ന് അര്‍ത്ഥം. എന്നാല്‍ രണ്ട് പ്രബല സമുദായങ്ങള്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ചതോടെ ഐ ഗ്രൂപ്പ് ശക്തമാകാന്‍ സാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം എ ഗ്രൂപ്പും നിര്‍ജീവമാണ്.

സിപിഎം ഭൂരിപക്ഷ സമുദായങ്ങളോട് അടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ചെന്നിത്തലയ്ക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. സിപിഎം  ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് പരസ്യമായല്ലെങ്കിലും ആക്ഷേപമുള്ള രണ്ട് സമുദായങ്ങളാണ് ചെന്നിത്തലയെ പിന്തുണച്ചിരിക്കുന്നത്. സിപിഎമ്മാകട്ടെ കടുത്തന്യൂനപക്ഷ വിരുദ്ധതയിലേക്ക് നീങ്ങുകയുമാണ്. രാഹുല്‍ഗാന്ധിയുടെ വിജയം മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണയാണെന്ന് പിബി അംഗം എ.വിജയരാഘവന്റെ പ്രസ്താവന ഇതിന്റെ ഏറ്റവും പുതിയ ഉദാരഹണമാണ്. 

സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ എല്ലാ സമുദയാങ്ങളുടെയും അതൃപ്തിക്ക് കാരണമായി. തൃശൂര്‍ പൂരം കലക്കിയ സംഭവങ്ങളിലും സുരേഷ് ഗോപിയുടെ വിദ്വേഷ പ്രസംഗത്തിലും പൂരപ്പറമ്പില്‍ ആംമ്പുലന്‍സില്‍ ചെന്നതും അടക്കമുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ല. സ്വര്‍ണംപൊട്ടിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിം യുവാക്കളെ വേട്ടയാടിയെന്ന് പിവി അന്‍വര്‍ ആരോപിക്കുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ നോക്കുകയാണ് സര്‍ക്കാര്‍. ഹിന്ദു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചതിൽ ആരോപണ വിധേയനായ വ്യവസായവകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണനെതിരെ യാതൊരു നടപടിയുമില്ല. ഇക്കാര്യങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം കടുത്ത എതിര്‍പ്പിലാണ്. ഇതെല്ലാം കോണ്‍ഗ്രസിനും ചെന്നിത്തലയ്ക്കും അനുഗ്രഹമായേക്കും.

 #KeralaPolitics #Congress #RameshChennithala #PoliticalShift #2026Election #CommunitySupport

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia