Air Kerala | കപ്പലിൽ യാത്ര ചെയ്യണോ അതോ വിമാനത്തിൽ പോണോ? എയർ കേരളയ്ക്ക് അനുമതിയായെന്ന് കേട്ടപ്പോൾ പ്രവാസി മലയാളികളുടെ ആശങ്കകൾ
സർക്കാർ അനുമതി മാത്രമേ കൊടുക്കാവൂ. ഇതിൽ പാർട്ടിയും സർക്കാരും കൂടുതൽ ഇടപ്പെട്ടാൽ ലോക്കൽ സെക്രട്ടറി വരെ പൈലറ്റാവാം.
മിന്റാ മരിയ ജോസഫ്
(KVARTHA) എയർ കേരളയോ (Air Kerala), അതും ഇവിടെ, കണ്ടിരുന്നു തന്നെ കാണാം! ഏതു വാപ്പ വന്നാലും ഉമ്മാക്കാണ് കേട് എന്ന് പറഞ്ഞപോലെ ഏത് കമ്പനി വന്നാലും പ്രവാസികൾക്കാണ് (Expatraite) കേട്. ഇത് നിലവിൽ വന്നാൽ ഇപ്പോൾ 'വിജയകരമായി' ഓടിക്കൊണ്ടിരിക്കുന്ന കപ്പൽ സർവീസ് (Ship Service) നിശ്ചലമാവില്ലേ. കപ്പലിൽ പോണോ വിമാനത്തിൽ പോണോ, ആകെ കൺഫ്യൂഷനായി. കേരളം ആസ്ഥാനമായി ഒരു വിമാനകമ്പനി (Flight Company) വരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സെറ്റ് ഫ്‌ലൈ (Zettfly Aviation) ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകിയതോടെയാണ് ഏറെക്കാലമായുള്ള ഒരു സ്വപ്നം ചിറകുവിരിക്കുന്നത്. പ്രവാസി മലയാളികളായ ബിസിനസുകാർ ചേർന്ന് രൂപീകരിച്ച സെറ്റ് ഫ്ലൈ എന്ന കമ്പനിക്ക് കീഴിലാണ് ‘എയര്‍ കേരള’ പ്രവർത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്കിടയിൽ ആഭ്യന്തര സർവീസുകളാണ് ആദ്യം തുടങ്ങുകയെന്നും, ഇതിനായി മൂന്ന് വിമാനങ്ങൾ വാങ്ങുമെന്നും സെറ്റ് ഫ്ലൈ ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ പറയുന്നു.
വൈകാതെ തന്നെ അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാനും, സർവീസുകളുടെ എണ്ണം 20 ആയി ഉയർത്താനുമാണ് പദ്ധതി. നിർമാതാക്കളിൽ നിന്നും നേരിട്ട് വിമാനങ്ങൾ വാങ്ങാനും ശ്രമം നടത്തും. പ്രവാസി ഇന്ത്യക്കാർക്കുള്ള തങ്ങളുടെ സമ്മാനം എന്നാണ് എയർ കേരളയെ ഉടമകൾ വിശേഷിപ്പിച്ചത്. 2005ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടതാണ് ‘എയര്‍ കേരള’ വിമാന സര്‍വീസ്. എന്നാല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിക്കാതെ പോയതോടെ പദ്ധതി വെളിച്ചം കാണാതെ പോകുകയായിരുന്നു.
ഇതിനായി സർക്കാർ നിർമ്മിച്ച വെബ്സൈറ്റിന്റെ ‘എയര്‍കേരള ഡോട്ട് കോം’ എന്ന ഡൊമെയ്ന്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമയായ അഫി അഹമ്മദ് കഴിഞ്ഞ വർഷം 2.25 കോടി രൂപ നൽകി വാങ്ങിക്കുകയും ചെയ്തിരുന്നു. എന്തായാലും വാർത്ത സന്തോഷകരം തന്നെ. ഈ അവസരത്തിൽ പ്രവാസികളായ ചിലർ ഇത് സംബന്ധിച്ച് നടത്തിയ ആശങ്കകളും അഭിപ്രായങ്ങളും ആണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
1. സീസൺ സമയത്ത് അധിക സർവീസുകൾ നടത്താതെ ഉള്ളതിൽത്തന്നെ അഞ്ചും ആറും ഇരട്ടിതുക പിഴിഞ്ഞ് പാവം പ്രവാസികളെ ചൂഷണം ചെയ്യുന്ന മറ്റു വിമാനകമ്പനികളെപോലെതന്നെയായിരിക്കില്ലേ ഇവരുടെയും സ്ഥിതി? അതിൽനിന്നും വ്യത്യസ്തമായി നടത്താൻ ഇവരെക്കൊണ്ട് പറ്റുമോ? ഒരിക്കലുമുണ്ടായിരിക്കില്ല. ഏറെ കൊട്ടി ആഘോഷിച്ച അവധി കൂടുതലുള്ള സാധാരണക്കാർക്കും ടൂറിസ്റ്റുകൾക്കും ഉപകാരപ്രദമെന്ന് തോന്നിപ്പിച്ച കപ്പൽ സർവീസും ഇതോടുകൂടി ഇല്ലാതാകുമെന്നർത്ഥം.
2. ആര് സർവീസ് നടത്തിയാലും സീസൺ സമയത്ത് ടിക്കറ്റ് ചാർജ് കൂടും. ബില്യൺ കണക്കിന് തുക മുടക്കുന്നവർക്ക് നിലനിൽപ്പും ലാഭവും വേണമല്ലോ? ടിക്കറ്റ് ചാർജ് കുറയും എന്ന പ്രതീക്ഷ ഗൾഫ് സെക്ടറിൽ പുലർത്താതിരിക്കുന്നതാണ് അഭികാമ്യം.
3. ആദ്യകാലത്ത് വിമാനത്തിൽ യാത്രചെയ്‌തിരുന്നവർക്ക് ഒരുനേരം ഭക്ഷണം, ചായ കോഫി, സ്നാക്സ്, തണുപ്പിൽ പുതച്ചിരിക്കാൻ ഒരു പുതപ്പ്, മുഖം ഫ്രഷാകാൻടിഷ്യൂ പേപ്പർ ഇതു പോലുള്ളവ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ചെറിയ ബോട്ടിൽ വെള്ളം (Water Bottle) കിട്ടിയാലായി. എന്നിട്ടും പ്രവാസികൾക്ക് ഒരുപരാധിയുമില്ല. പ്രയാസമാനുഭവിക്കുന്നവൻ എന്നും അനുഭവിച്ചു കൊണ്ടിരിക്കും. മറുഭാഗത്തു ചൂഷണക്കാരുടെ എണ്ണം കൂടുന്നു എന്നതിലുപരി ഒന്നുമില്ല.
4. ഇതിനും യൂണിയനുകൾ (Union) ഉണ്ടാവില്ലേ? വിമാനത്തിനകത്ത് മൂന്നു പാർട്ടിക്കാരുടെയും കൊടികളും നേതാക്കന്മാരുടെ ഫോട്ടോകളും എല്ലാം ഉണ്ടാകില്ലേ? എപ്പോഴാണ് മിന്നൽ പണിമുടക്ക് (Strike) പ്രഖ്യാപിക്കുന്നത് എന്നുകൂടി കരുതിയിരിക്കണം.
5. ഒരു പൊതുഗതാഗത സംവിധാനത്തെ മര്യാദയ്ക്ക് നടത്താൻ കഴിവില്ലാത്ത ഭരണാധികാരികൾ തന്നെ അല്ലേ ഇതും നടത്തുന്നത്. നമ്മുടെ നികുതിപ്പണം (Tax) കുറച്ച് കൈകളിൽ കൂടി എത്തപ്പെടും അത്ര തന്നെ.
6. സർക്കാർ അനുമതി മാത്രമേ കൊടുക്കാവൂ. ഇതിൽ പാർട്ടിയും സർക്കാരും കൂടുതൽ ഇടപെട്ടാൽ ലോക്കൽ സെക്രട്ടറി വരെ പൈലറ്റാവും (Pilots).
7. ഏതു ഫ്ലൈറ്റ് വന്നാലും അതിൽ യാത്ര ചെയ്യുന്നവർക്ക് മുഴുവൻ ഭക്ഷണം (Food) കൊടുക്കണം. ഇതിനായി ആദ്യത്തെ തന്നെ നിരക്ക് ഈടാക്കിയാലും പ്രശ്നമില്ല. ഇപ്പോൾ 3 സീറ്റിൽ നടുവിൽ ഇരിക്കുന്ന ആളുകൾ ഫുഡ് കഴിക്കുമ്പോൾ മറ്റുള്ള 2 യാത്രകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു.
8. ഇതുപോലെ തന്നെയാണ്, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ്, ഇൻഡിഗോ ഇവരെല്ലാം ആരംഭിച്ചത്. എല്ലാം തുടങ്ങി കഴിഞ്ഞപ്പോൾ ഭക്ഷണവും ഇല്ല, സ്‌നാക്ക്‌സും ഇല്ല. ടിക്കറ്റ് നിരക്ക് കൂടുതലുമാണ്. അതുപോലെ ഒരെണ്ണം കൂടി വരുന്നു എന്ന് അനുമാനിക്കാം, തിരഞ്ഞെടുപ്പ് അടുത്തുണ്ടെങ്കിൽ കപ്പലും, ബോട്ടും എല്ലാം നമ്മുടെ കൂട്ടത്തിലുള്ള അണികൾ ഇടും. അതവരുടെ വോട്ടുപിടിക്കാനുള്ള രാഷ്ട്രീയ തന്ത്രം മാത്രം, അവർക്ക് പ്രത്യേകിച്ച് ഒരുപണിയും ചെയ്യാതെ രാഷ്ട്രീയം കൊണ്ടാണ് അവരുടെ ജീവിതം എന്ന് നമ്മൾ ജോലിചെയ്തു ജീവിക്കുന്ന പ്രവാസികൾ മനസിലാക്കണം.
9. കൊട്ടിഘോഷിച്ച് എയർ കേരള ഉണ്ടാക്കി കമ്പനിക്കാർ കാശുണ്ടാക്കും. സാധാരണ പ്രവാസികൾക്ക് ഒരു പ്രയോജനവും ഉണ്ടാകില്ല. ഐ എ ടി എ (IATA) നിയമമുണ്ട്. സ്വന്തമായി എയർ കേരളയ്ക്ക് ഒരു നിയമം ഉണ്ടാക്കാൻ പറ്റില്ല. ഇനി അഥവാ ഉണ്ടാക്കിയാൽ പല വിമാനത്താവളത്തിലും വിമാനം ലാൻഡ് ചെയ്യാൻ പറ്റാതെ വരും. വീണ്ടും പ്രവാസികൾ കപ്പലിനു വേണ്ടി മൂറവിളി കൂട്ടും. അവസാനം കൂടിയ നിരക്കിൽ എയർ കേരളയിൽ യാത്ര ചെയ്യാം. കൂടാതെ മുടിഞ്ഞ ജി.എസ്.ടിയും. വിമാന യാത്ര ഇന്ത്യയിൽ വളരെ വിലകൂടിയതാണ്. എങ്ങനെ, എപ്പോൾ, ആര്, എവിടെ, എന്താണ് പറയുന്നത് എന്ന് പോലും ഒരു സർക്കാരിനും അറിയില്ല (രാഷ്ട്രീയം ഇല്ല), പിന്നെയല്ലേ പ്രവാസികളുടെ കപ്പലും വിമാനവും!
10. ഇത് പ്രവാസികളുടെ സ്വപ്നമല്ല, പ്രവാസികളുടെ ദുരിതം കുടും. കാരണം എല്ലാ വിമാന കമ്പനിയെ പോലെ ഏവരും കഴുത്തറക്കാൻ തുടങ്ങും. ഇതൊന്നും പ്രവാസികളെ നന്നാക്കാൻ വേണ്ടിയുള്ള സംരംഭം അല്ല. കുറെ പണക്കാരുടെ പണം സമ്പാദിക്കാനുള്ള പുതിയ വഴി. അതിലപ്പുറം ഒന്നും പ്രവാസികൾ പ്രതീക്ഷിക്കേണ്ട. വെറുതെ എല്ലാം പട്ടരുടെ ദിവാ സ്വപ്‌നം പോലെ അവസാനിക്കും.
11. സീസൺ ടൈമിൽ ഗൾഫ് നിന്നും വരുന്ന യാത്രക്കാർ കൂടുതലായിരിക്കും. തിരിച്ച് അതേ വിമാനത്തിൽ യാത്രക്കാർ കുറവായിരിക്കും. ഇതാണ് പ്രശ്നം.
12. കപ്പലിന്റെ എല്ലാം കഴിഞ്ഞതായി തോന്നുന്നു. ഇനി വിമാനത്തിലാണ് ശ്രദ്ധ. നേരെ ചൊവ്വേ ട്രാൻസ്പോർട്ട് ബസ് നഷ്ടമില്ലാതെ ഒന്ന് ഓടിച്ചു കണ്ടിരുന്നാൽ മതിയായിരുന്നു. കൊറോണ സമയത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആറുമാസം ശമ്പളം എല്ലാരും വാങ്ങിക്കഴിഞ്ഞു!
ഇങ്ങനെ പോകുന്നു എയർ കേരള സംബന്ധിച്ച് പ്രവാസികളുടെ അഭിപ്രായങ്ങൾ. ചിലർ ഇതിനെ സ്വാഗതം ചെയ്യുമ്പോഴും സംഗതി കേരളത്തിലായതുകൊണ്ട് ഭൂരിപക്ഷം പേരും സംശയത്തോടെ വീക്ഷിക്കുന്നു എന്ന് പറയേണ്ടി വരും. ഒടുവിൽ ഇത് സംബന്ധിച്ച് ഒരു പ്രവാസി മലയാളി പറഞ്ഞ വാചകമാണ് ശ്രദ്ധയാകർഷിക്കുന്നത്. അത് ഇങ്ങനെയായിരുന്നു. 'കേരളത്തിന്റെ ഏതു നല്ല പദ്ധതികൾക്കും കേന്ദ്രത്തിലെയും കേരളത്തിലെയും നാശം പിടിച്ച കൊന്നൻ പൂച്ചകൾ കുറുകെ ചാടി ഓടുമല്ലോ. എല്ലാം മുടക്കുന്ന അന്നം മുടക്കികൾ ഇവിടെ ഉണ്ടല്ലോ'. ഇത് ശരിയോ തെറ്റോ, പൊതുജനം വിലയിരുത്തട്ടെ.