Criticism | 'അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ക്കാണ് പൂജ പ്രശ്‌നമാകുന്നത്'; ഗണേശോത്സവത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് മോദി
● ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണെന്ന് മോദി.
● സെപ്റ്റംബര്‍ 11നാണ് പൂജ നടന്നത്.
ന്യൂഡെല്‍ഹി: (KVARTHA) ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഒഡീഷയില്‍ നടന്ന പൊതുപരിപാടിയില്‍ വച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
'ഗണേശ പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസിന് അസ്വസ്ഥതയാണ്. കര്‍ണാടകയില്‍ ഗണേശ വിഗ്രഹത്തെ അഴിക്കുള്ളില്‍ ആക്കിയത് കോണ്‍ഗ്രസാണ്. അധികാരത്തിനായി എന്തും ചെയ്യുന്നവര്‍ക്ക് മാത്രമേ ഗണേശോത്സവം ഇത്ര പ്രശ്‌നമാകൂ. ഗണേശോത്സവം നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. സ്വാതന്ത്ര്യ സമരകാലത്ത് ലോക്മാന്യ തിലകന്‍ ഗണേശോത്സവത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ഒരു ഉപാധിയാക്കി മാറ്റിയിരുന്നു.'
'ബ്രിട്ടീഷുകാര്‍ ഗണേശോത്സവത്തെ എതിര്‍ത്തിരുന്നു. ഇന്ന് അതേ വഴിയിലാണ് ചിലര്‍ നടക്കുന്നത്. സമൂഹത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗണേശോത്സവം ഒരു വലിയ വെല്ലുവിളിയാണ്. ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണ്,' മോദി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 11ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഭാര്യ കല്‍പന ദാസും സ്വന്തം വസതിയില്‍ ഗണേശ പൂജയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു.
#Modi, #ChiefJustice, #GaneshPuja, #Congress, #IndianFestivals, #Judiciary