Analysis | ഹരിയാനയില്‍ കോണ്‍ഗ്രസിനിതെന്ത് പറ്റി, ഇവിഎം കൃത്രിമം എത്രമാത്രം യാഥാർഥ്യം?
● കോൺഗ്രസ് ഇവിഎം കൃത്രിമം ആരോപിച്ചു
● വോട്ടെണ്ണൽ സമയത്ത് ഇവിഎമ്മുകൾ പൂർണമായി ചാർജ് ചെയ്തതായി പരാതി
● കോൺഗ്രസ് വിമതർ പല സീറ്റുകളിലും വോട്ട് വിഭജിച്ചു
അർണവ് അനിത
(KVARTHA) ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കോണ്‍ഗ്രസ് ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണല്‍ സമയത്ത് ഇവിഎമ്മുകള്‍ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്തത് സംബന്ധിച്ചാണ് പരാതികള്‍ കൂടുതലും. ഉപയോഗിച്ച ഇവിഎമ്മുകള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ ഇവയില്‍ കൃത്രിമം കാണിക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്തതാകാമെന്നതിന്റെ സൂചനയാണിതെന്ന് ഇവര്‍ ഉന്നയിക്കുന്ന വാദം. ഇതുവരെ 10 നിയമസഭാ സീറ്റുകളെ സംബന്ധിച്ച് പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ട്. താമസിയാതെ കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും അറിയിച്ചു. ഹരിയാനയില്‍ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന്റെ പരാതികള്‍,
കോണ്‍ഗ്രസ് അവകാശപ്പെടുന്നത് പോലെ തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയോ? അതോ പാര്‍ട്ടി സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കുകയാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍, രണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും അഞ്ച് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നുമുള്ള ഡാറ്റകള്‍ വിശകലനം ചെയ്തു.
അതില്‍ കണ്ടെത്തിയ മൂന്ന് പ്രധാന ട്രെന്‍ഡുകള്‍ ഇതാണ്.
1. ബിജെപിയും ഐഎൻഎൽഡി-ബിഎസ്പി-എച്ച്എൽപി സഖ്യവും തമ്മിലുള്ള മൗന ധാരണ?
ഇപ്പോള്‍, വലിയ പാര്‍ട്ടികളുടെ നഷ്ടത്തിന് ചെറിയ പാര്‍ട്ടികളെ കുറ്റപ്പെടുത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്. എന്നിരുന്നാലും, ഐഎന്‍എല്‍ഡി-ബിഎസ്പി-എച്ച്എല്‍പി സഖ്യത്തിന്റെ കാര്യത്തില്‍ ബിജെപിയുമായുള്ള ധാരണയുടെ തെളിവുകളുണ്ടെന്ന് തോന്നുന്നു. സിര്‍സ ലോക്സഭാ സീറ്റില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. ഉദാഹരണത്തിന്, സിര്‍സ അസംബ്ലി മണ്ഡലത്തില്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയും ഐ.എന്‍.എല്‍.ഡിയുടെയും ബി.എസ്.പിയുടെയും മുന്‍ സഖ്യകക്ഷിയായ ഹരിയാന ലോഖിത് പാര്‍ട്ടിയുടെ ഗോപാല്‍ കാണ്ഡയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതൊരു സീറ്റില്‍ മാത്രമായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദബ്വാലി, റാതിയ, എല്ലനാബാദ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം പൂര്‍ണമായും തകര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് സീറ്റുകളിലും ബിജെപിക്ക് വോട്ട് ചെയ്ത ഒരു ലക്ഷത്തോളം വോട്ടര്‍മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍, ദബ്വാലിയില്‍ 82% എല്ലനാബാദില്‍ 72 % റാനിയയില്‍ 65 % വോട്ടര്‍മാര്‍ (ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തവരാണ്) മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ദേശീയ പാര്‍ട്ടികള്‍ക്ക് ചില വോട്ടുകള്‍ നഷ്ടപ്പെടുമെങ്കിലും അതൊരിക്കലും ഇത്ര വലുതായിരിക്കില്ല. മാത്രമല്ല, വലിയതോതില്‍ പണവും ആള്‍ബലവും വന്‍ കേഡര്‍ ശക്തിയുമുള്ള ബിജെപിയെപ്പോലുള്ള ഒരു പാര്‍ട്ടിക്ക് ഏതാനും സീറ്റുകളില്‍ 70 ശതമാനം വോട്ടര്‍മാരെ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്.
അതില്‍ എന്തെങ്കിലും രഹസ്യധാരണ ഉണ്ടെന്ന് ഉറപ്പാണ്. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് പോയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ദബ്വാലിയില്‍ കോണ്‍ഗ്രസിന് 18000-ത്തിലധികം വോട്ടുകള്‍ കുറയുകയും മറ്റ് സീറ്റുകളില്‍ ചെറിയ നേട്ടം ഉണ്ടാക്കുകയും ചെയ്തു. ഈ വോട്ടുകള്‍ ഐഎന്‍എല്‍ഡി നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് മറിച്ചതായി തോന്നുന്നു.
സിര്‍സ ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള മറ്റ് ചില സീറ്റുകളില്‍ ബിജെപി ഗണ്യമായ നേട്ടമുണ്ടാക്കി. ഉദാഹരണത്തിന്, ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തോഹാനയില്‍ 24,000 വോട്ടുകളും ഫത്തേഹാബാദില്‍ 11,000 വോട്ടുകളും റാറ്റിയയില്‍ ഏകദേശം 9000 വോട്ടുകളും നേടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിര്‍സയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടു. ഇതില്‍ രണ്ടെണ്ണം ഐഎന്‍എല്‍ഡിയിലേക്കും ഒന്ന് ബിജെപിയിലേക്കും പോയി.
ഐഎന്‍എല്‍ഡിയുടെ നേതൃത്വത്തിലുള്ള സഖ്യം മത്സരിച്ചത് കോണ്‍ഗ്രസ് - ജാട്ടുകള്‍ക്കും ദലിതുകള്‍ക്കും തുല്യമായ വോട്ട് ബാങ്കിന് വേണ്ടിയാണ്. ഒന്നുരണ്ട് സീറ്റുകളില്‍ ബി.ജെ.പിയുടെ വിജയത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ സഖ്യം ഉറപ്പാക്കി, അങ്ങനെ അവര്‍ ബി.ജെ.പിയെ സഹായിച്ചു എന്ന ആരോപണം ശക്തമായി. നര്‍വാന, അസാന്ദ് മണ്ഡലങ്ങളില്‍ ഈ രീതി കാണാന്‍ കഴിഞ്ഞു.
2. വിമതര്‍ കോണ്‍ഗ്രസിനെ ദ്രോഹിച്ചു, പക്ഷേ
വിമത സ്ഥാനാര്‍ത്ഥികള്‍ കാരണം കോണ്‍ഗ്രസിന് നിരവധി സീറ്റുകള്‍ നഷ്ടമായി. ചില ഉദാഹരണങ്ങള്‍ ഇതാ.
ഉച്ചന കാളന്‍: ഒന്നല്ല, രണ്ട് കോണ്‍ഗ്രസ് വിമതര്‍ ഒരുമിച്ച് 38,000 വോട്ടുകള്‍ നേടി. കേവലം 32 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായത്.
കല്‍ക്ക: കോണ്‍ഗ്രസ് വിമതനായ ഗോപാല്‍ സുഖോമജ്രിക്ക് 31,000 വോട്ടുകള്‍ ലഭിച്ചു, ബിജെപി 28000-ത്തിന് വിജയിച്ചു.
ബദ്ര: വിമതനായ സോംവീര്‍ ഗസോല 27,000 വോട്ടുകള്‍ നേടി. 7585 നാണ് ബിജെപി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്.
ഗൊഹാന: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ഷ് ചിക്കാരയ്ക്ക് 14700 വോട്ടുകള്‍. കോണ്‍ഗ്രസിന് 10,000 സീറ്റ് നഷ്ടപ്പെട്ടു.
ചില സീറ്റുകളില്‍ 'വിമത സ്ഥാനാര്‍ത്ഥികള്‍' ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി.
പുന്ദ്രി: ബി.ജെ.പിയുടെ വിജയിച്ച സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതല്‍ വോട്ട് രണ്ട് കോണ്‍ഗ്രസ് വിമതര്‍ നേടി. വിമതരിലൊരാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി.
അംബാല കന്റോണ്‍മെന്റ്: റിബല്‍ സ്ഥാനാര്‍ത്ഥി ചിത്ര സര്‍വാരയ്ക്ക് 52000 വോട്ടുകള്‍ ലഭിച്ചു, ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് 14,000 ല്‍ താഴെ. ബിജെപിയുടെ അനില്‍ വിജ് വെറും 7000 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
ബല്ലഭ്ഗഡ്: കോണ്‍ഗ്രസ് വിമത ശാരദ റാത്തോഡ് രണ്ടാമതെത്തിയപ്പോള്‍ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാലാമതെത്തി.
ബഹാദുര്‍ഗഡ്: കോണ്‍ഗ്രസ് വിമതനായ രാജേഷ് ജൂണ്‍ സീറ്റില്‍ വിജയിച്ചപ്പോള്‍ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജീന്ദര്‍ സിംഗ് ജൂണ്‍ മൂന്നാം സ്ഥാനത്തെത്തി.
വിമത സ്ഥാനാര്‍ത്ഥി എന്ന് വിളിക്കപ്പെടുന്നയാള്‍ ഔദ്യോഗിക നോമിനിയെക്കാള്‍ കൂടുതല്‍ വോട്ട് നേടുമ്പോള്‍, അത് മത്സരമല്ല, അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കത്തത് കൊണ്ടാണ്.
3. എന്തുകൊണ്ടാണ് ചില സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വലിയ തോതില്‍ കുറഞ്ഞത്?
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 90ല്‍ 46 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയും സഖ്യകക്ഷിയായ എഎപിക്കൊപ്പം 47 ശതമാനം വോട്ട് നേടുകയും ചെയ്തു. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വോട്ട് വിഹിതം ഏകദേശം എട്ട് ശതമാനം പോയി.
പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞു എന്നത് ആശ്ചര്യപ്പെടുത്തു്. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 36 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ മൊത്തം വോട്ടുകള്‍ പതിനായിരത്തിലധികം കുറഞ്ഞു. 18 സീറ്റുകളില്‍ യഥാക്രമം 20,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ പതനം. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊത്തത്തിലുള്ള വോട്ടുകളുടെ എണ്ണം ഉയര്‍ന്നതിനാല്‍ ഇത് വളരെ വലുതാണ്.
ഈ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ച്ച എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍, ശതമാന കണക്ക് നോക്കാം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് 20 ശതമാനം വോട്ട് കുറഞ്ഞു. ഈ 28 സീറ്റുകളില്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത അഞ്ചില്‍ ഒരാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറി ചിന്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി 16 സീറ്റുകളില്‍ മൂന്നിലൊന്ന് കോണ്‍ഗ്രസ് വോട്ടര്‍മാരും കൂറുമാറി.
എന്തുകൊണ്ടാണ് ഇത്രയും വലിയ മാറ്റം സംഭവിച്ചത്, അതും വെറും അഞ്ച് മാസത്തിനുള്ളില്‍?
കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നെങ്കില്‍, ഭരണവിരുദ്ധതയാണ് കാരണമെന്ന് ആര്‍ക്കുവേണമെങ്കിലും പറയാം. ഹൂഡ കുടുംബത്തിന്റെ കോട്ടയായ റോഹ്തക്കിലാണ് ഏറ്റവും വലിയ വോട്ട് കുറവ് സംഭവിച്ചിരിക്കുന്നത്. റോഹ്തക് ലോക്സഭാ മണ്ഡലത്തിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ സിംഗ് ഹൂഡ 7.83 ലക്ഷം വോട്ടുകള്‍ നേടി. ഇതേ 9 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് 5.93 ലക്ഷം വോട്ടുകള്‍ ലഭിച്ചു, 1.9 ലക്ഷം വോട്ടിന്റെ കുറവ്.
ദീപേന്ദര്‍ ഹൂഡയെ ലോക്സഭയിലേക്ക് അയക്കാന്‍ വോട്ട് ചെയ്ത നാലിലൊന്ന് വോട്ടര്‍മാരും അദ്ദേഹത്തിന്റെ പിതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ല. ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കോ കോണ്‍ഗ്രസിന്റെ ജനപ്രീതിയോ സ്വന്തം കോട്ടയില്‍ കുറയുന്നതിന് കാരണമായ സംഭവങ്ങള്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംഭവിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഒരു സര്‍വേയിലും പ്രതിഫലിച്ചില്ല.
പ്രാദേശിക ഘടകങ്ങള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം, ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും വര്‍ധിച്ച പ്രാധാന്യം എന്നിവ കാരണം വോട്ടില്‍ ചില ചെറിയ കുറവുകള്‍ സംഭവിക്കുമെന്ന് മനസ്സിലാക്കാം. എന്നാല്‍ ഇത്രയും വലിയ തോതിലുള്ള കുറവ് എങ്ങനെ സംഭവിച്ചു. ചില നിഗമനങ്ങള്‍ ഇങ്ങിനെയാണ്,
1) ഐഎന്‍എല്‍ഡി നേതൃത്വത്തിലുള്ള സഖ്യവുമായി ബിജെപിക്ക് ഏതെങ്കിലും തരത്തിലുള്ള ധാരണ ഉണ്ടായിട്ടുണ്ടാകാം.
2) കോണ്‍ഗ്രസ് വിമതരെ പിന്തുണയ്ക്കുകയോ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ ഏതാനും സീറ്റുകളില്‍ തെരഞ്ഞെടുക്കുകയോ ചെയ്തു.
3) കോണ്‍ഗ്രസിന് 20-ലധികം സീറ്റുകളില്‍ വലിയ തിരിച്ചടി നേരിട്ടു. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത.
#HaryanaElections #Congress #BJP #EVMTampering #IndiaElections #PoliticalNews