Tear Drops | അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പിന്നിലെന്ത്, ആരുടെ കണ്ണീരാകും ഈ മഴത്തുള്ളികൾ?
സോണി കല്ലറയ്ക്കൽ
(KVARTHA) ഒന്ന് പൊളിച്ചാൽ മറ്റൊന്നും പൊളിയും. അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ചയുണ്ടായത് ഇപ്പോൾ ചർച്ചാവിഷയമാണ്. പെയ്ത് വീഴുന്നത് മഴത്തുള്ളികളായിരിക്കില്ലെന്നും ആരുടെ കണ്ണീരായിരിക്കുമെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. രാം ലല്ലയുടെ ശ്രീകോവിലിൽ മഴ വെള്ളം വീഴുന്നു എന്നാണ് കേൾക്കുന്നത്. പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസത്തിനുള്ളിൽ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് വെളിപ്പെടുത്തിയത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ തന്നെയാണ്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാൻ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാൻ വഴികളില്ലെന്നും ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. മഴ കൂടിയാൽ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 22 നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയത്. എങ്ങനെ എങ്കിലും തട്ടി കൂട്ടി ഇലക്ഷനു മുമ്പേ പാല് കാച്ചി. രാമൻ ഇതെല്ലാം മുന്നേ കണ്ടിരുന്നു എന്ന് തോന്നും. ഇനിയുള്ള നാളുകൾ പ്രതിഷ്ഠ നടത്തിയ പ്രധാനമന്ത്രി മോദിക്ക് അഗ്നിപരീക്ഷയാകുമെന്നും വിലയിരുത്തലുകളുണ്ട്.
രാജ്യത്ത് വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തി ജനകീയ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഭരണാധികാരി മുഖ്യ പുരോഹിത വേഷമണിഞ്ഞ് പ്രാണപ്രതിഷ്ഠ നടത്തിയതിന്റെ അനന്തര ഫലമോ, അതോ കോടിക്കണക്കിന് സഹോദരന്മാരെ കണ്ണീരണിയിച്ച് അവരുടെ ആരാധനാലയം പൊളിച്ചു ശ്രീരാമദേവൻ്റെ നാമധേയത്തിൽ അവിടെ ക്ഷേത്രം പണിതതിൽ ശ്രീരാമദേവന് നീരസമുണ്ടായോ എന്നാണ് ചോദ്യമുയരുന്നത്. പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയും മറ്റൊരു ആരാധനാലയം പൊളിച്ച് ക്ഷേത്രം പണിയാൻ കൂട്ടുനിന്നവരും പരിശോധിക്കേണ്ടതുണ്ടെന്നാണ് ആക്ഷേപം.
ക്ഷേത്രം പണിതത് ട്രസ്റ്റാണന്ന് പറഞ്ഞ് തടിതപ്പാൻ കഴിയില്ല. ആർ.എസ്.എസിൻ്റെയും ബി.ജെ.പിയുടേയും നരേന്ദ്ര മോഡിയുടെയും അമിത് ഷായുടേയും പ്രസ്റ്റീജ് ആയിരുന്നില്ലേ ഈ ക്ഷേത്ര നിർമ്മാണം? ട്രസ്റ്റ് ആണ് ക്ഷേത്രം പണിതതെങ്കിൽ പ്രാണപ്രതിഷ്ഠ നടത്തേണ്ടതും ട്രസ്റ്റ് പുരോഹിതർ അല്ലേ. എന്നിട്ട് പ്രതിഷ്ഠ നടത്തിയത് ആരാണ്, രാജ്യത്തെ പ്രധാനമന്ത്രി തന്നെ. എന്തായാലും ശതകോടികൾ വെള്ളത്തിലായി എന്ന് വേണം ഇപ്പോൾ പറയേണ്ടത്. അങ്ങനെ പണിത ഇത് എങ്ങനെ ചോരാതിരിക്കുമെന്നും എതിർചേരിയിൽ നിന്ന് ചോദ്യം ഉയരാം. ഇതിന്റെ പേരിൽ എത്ര മനുഷ്യർക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നു എന്നും പരിശോധിക്കണം. കണക്ക് തീരാതെ ഒരു കാലവും കടന്ന് പോകില്ല എന്നത് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർ ഓർക്കുന്നത് നന്നായിരിക്കും.
ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയിട്ട് എന്ത് നേട്ടങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടായതെന്ന് നോക്കാം. അയോധ്യയിലെ സുരക്ഷ ഉദ്യോഗസ്ഥൻ അബദ്ധത്തിൽ സ്വന്തം തോക്ക് കൊണ്ട് വെടിയേറ്റ് മരിച്ചു. ലോക് സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ ബി.ജെ.പി തോറ്റു. ക്ഷേത്ര ഉദ്ഘാടനത്തിലെ മുഖ്യപുജാ കാര്യഹർത്തി മരണപെട്ടു. ക്ഷേത്രത്തിൽ മഴചെയ്യുമ്പോൾ ചോർച്ച. അയോധ്യയിലേക്ക് ഇപ്പോൾ യാത്രക്കാർ കുറഞ്ഞത് കൊണ്ട് വിമാനവും ടൂറിസ്റ്റ് ബസും റദ്ദാക്കികൊണ്ടിരിക്കുന്നു. ഇതൊക്കെ ഈ കുറച്ചു കാലം കൊണ്ട് നടന്നതാണ്.
അധികാരം കിട്ടുന്നത് വരെയുള്ള ഗ്യാരണ്ടി മാത്രം. നിങ്ങളായി നിങ്ങളെ പാടായി. ഇത് രാമ കോപം തന്നെയാണെന്ന് പറയേണ്ടി വരും. പൂജാരി, 'ചാർ സോ പാർ സീറ്റുകൾ' കിട്ടി ജനാധിപത്യ രാഷ്ട്രത്തു ഭരണഘടന പോലും തിരുത്തി രാമരാജ്യം സ്ഥാപിക്കാൻ എന്ന വ്യാജേന മഹത് സംസ്ക്കാരത്തെ പോലും കാറ്റിൽ പായിച്ചു. രാജ്യവും ശക്തിയും മഹത്വവും ഞാനും എൻ കൂട്ടരും എന്ന സേച്ഛാധിപത്യത്തെ പോലും നാണിപ്പിക്കുന്ന വെല്ലുവിളികൾ ഉയർത്തുന്നവരോട് ഭഗവാൻ രാമന്റെ തന്നെ കോപമാണോ ഇക്കാര്യങ്ങളെല്ലാം? അടുത്ത ഇലക്ഷൻ സമയം ആകുമ്പോഴേയ്ക്കും അറ്റകുറ്റപണികൾ നടത്തും. പിന്നെ ഒരു പൂജ വീഡിയോ, കുറെ നാടകങ്ങൾ. അതൊക്കെ ഭാരതത്തിലെ ജനങ്ങളുടെ ഇടയിൽ ഇനി വിലപ്പോവില്ലെന്ന സത്യം ഇനിയെങ്കിലും പിന്നിൽ പ്രവർത്തിച്ചവർ മനസ്സിലാക്കേണ്ടതുണ്ട്.
മതം പറഞ്ഞ് ആര് വോട്ട് ഉണ്ടാക്കുന്നുവോ. അവർക്ക് മതത്തിനോട് താല്പര്യം ഉണ്ടാവില്ലെന്നതാണ് പ്രപഞ്ച സത്യം. ഇവരുടെ നോട്ടം അധികാരത്തിലേക്കാണ്. അത് ഏത് മതവിഭാഗക്കാരുടെ പാർട്ടി ആയാലും ഇതുതന്നെയാണ് അവസ്ഥ. രാമക്ഷേത്ര നിർമ്മാണത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ എത്ര അടിച്ച് മാറ്റിയെന്ന് അന്വേഷിച്ചാൽ ചോർച്ചയുടെ കാരണവും മനസ്സിലാവും. ജനങ്ങളെ തമ്മിൽ തല്ലിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഇവർക്കെന്ത് രാമൻ, എന്ത് ദശരഥൻ. ഇതിനിടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു എന്നും വാർത്ത പരക്കുന്നുണ്ട്.
പ്രത്യേക ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ബസ് സര്‍വീസ് റദ്ദാക്കിയതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമെന്നാണ് സൂചന. ക്ഷേത്രത്തിലേക്ക് വരുന്നവർ കുറഞ്ഞതോടെ സ്‌പൈസ് ജെറ്റാണ് ആദ്യമായി ഹൈദരാബാദ്, ബെംഗളൂരു, പട്‌ന എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത്. സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറമാണ് തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഏപ്രില്‍ മാസത്തിലാണ് സ്‌പൈസ് ജെറ്റ് ഹൈദരാബില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ ഒന്നിനാണ് ഏറ്റവും ഒടുവിലത്തെ സര്‍വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
അയോധ്യയിലേക്കുള്ള പ്രത്യേക സര്‍വീസ് റെയില്‍വേയും നിര്‍ത്തി. തീർത്ഥാടകർ കുറഞ്ഞതോടെ പ്രത്യേക ട്രെയിനുകളാണ് റദ്ദാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള ബസ് സര്‍വീസുകളും റദ്ദാക്കി. നേരത്തെ 396 ബസുകള്‍ വരെ സര്‍വീസ് നടത്തിയ ഇടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്തായാലും കൊള്ളാം. ദൈവം മുകളിൽ തന്നെയുണ്ട്. ധൃതി പിടിച്ചു ഉണ്ടാക്കിയത് ആർക്ക് വേണ്ടിയെന്ന ചോദ്യം ബാക്കിയാണ്.
അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ആചാരങ്ങൾ തെറ്റി. രാഷ്ട്രീക്കാർ പ്രതിഷ്ഠിച്ചത് കൊണ്ട് ദൈവ കോപവും ഉണ്ടാവുമെന്നും വിമർശനം ഉയരുന്നു. എല്ലാത്തിനും അതിന്റേതായ ചിട്ടകളൊക്കെ ഇല്ലേ. ആയിരക്കണക്കിന് മനുഷ്യരുടെ നിലവിളികൾ പിന്നിൽ ഉയരുന്നുണ്ട്. ഈ ക്ഷേത്രം അതുണ്ടാക്കിയവർക്ക് തന്നെ തിരിച്ചടിയാവുമെന്ന് ഇപ്പോഴേ വ്യക്തമാണ്. ഇല്ലെങ്കിൽ അതുണ്ടാക്കിയവർ ദൈവത്തെ വിളിച്ച് മാപ്പ് അപേക്ഷിക്കണം. പ്രായശ്ചിത്തം ചെയ്യണം.