Controversy | ദുരന്തത്തിൽ മാനവികത മറന്ന് രാഷ്ട്രീയം കളിച്ചോ? സഹായത്തിനെത്തിയവരെ തടഞ്ഞത് ശരിയല്ല
ഇത് വരെ വയനാട് കണ്ട ജനകീയ, രാഷ്ട്രീയ യോജിപ്പ് തകർക്കാൻ ആരെങ്കിലും ഗൂഢതന്ത്രം മെനയുന്നുണ്ടെങ്കിൽ അത് തകർക്കാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്. അത് എത്രയും വേഗം വേണം താനും
കെ ആർ ജോസഫ്
(KVARTHA) നാല് ദിവസം അവരുടെ സേവനങ്ങൾ സ്വീകരിച്ച് അഞ്ചാം നാൾ അവരെ വേണ്ടങ്കിൽ അത് മാന്യമായി പറഞ്ഞ് അവരെ ഒഴിവാക്കണം, അതാണ് മാന്യത. അല്ലാതെയുള്ളത് നന്ദികേടാണ്, അപമാനിക്കലാണ്. മനുഷ്യന്റെ മേൽ ഏകാധിപത്യം കാണിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ചിലർ കഷ്ടപ്പെടുന്ന ജനങ്ങളോട് കാണിക്കുന്ന സഹതാപങ്ങളുടെ ഉദ്ദേശമെന്തെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി വരുന്നു. വൈറ്റ് ഗാർഡ് ആണേലും മറ്റുള്ള ഏതു സന്നദ്ധ സംഘടനകൾ ആണെങ്കിലും അവരോട് സർക്കാർ സംവിധാനം ബഹുമാനത്തോടെ പെരുമാറണം.
ദുരന്തം ഉണ്ടാകുമ്പോൾ ഓടിയെത്തുന്നതും പ്രാഥമിക സഹായങ്ങൾ ചെയ്യുന്നതും ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്നതും അവരാണ്. ഇവരാണ് കേരളത്തിന്റെ ശക്തി എന്ന് ഇവിടം ഭരിക്കുന്ന സർക്കാരുകൾ തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാതെ ചിലരുടെ കണ്ണിൽ ഈ അവസരത്തിൽ
രാഷ്ട്രീയവും മതവും ഒക്കെ കാണുന്നത് നീതികരിക്കാവുന്നതല്ല. വയനാട് ദുരന്തസ്ഥലത്ത് നാല് ദിവസമായി വൈറ്റ് ഗാർഡ് ഉൾപ്പടെ പല സന്നദ്ധ സംഘടങ്ങൾ നൽകി വന്നിരുന്ന ഭക്ഷണ വിതരണം നിർത്തണമെന്ന് പറഞ്ഞതിലുള്ള പൊതുസമൂഹത്തിൻ്റെ വേദനയും പ്രതിഷേധവുമാണ്
സംസ്ഥാനമെങ്ങും അലയടിക്കുന്നത്.
ചില ഉദ്യോഗസ്ഥരും ചില സ്ഥാപിത താല്പര്യ കക്ഷി രാഷ്ട്രീയക്കാരും ആണ് ചില അപസ്വരങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. ഈ അവസരത്തിൽ ഇങ്ങനെയൊരു വിവാദം ഉണ്ടായത് സങ്കടകരം തന്നെ. വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കുന്നതില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകരെ തടയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. ഭക്ഷണപൊതികള്‍ തടയില്ലെന്നും ഭക്ഷണം നല്‍കുന്നത് തുടരാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയ മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡിനെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. എന്നാല്‍ ഇവരുടെ ഭക്ഷണ വിതരണം നിര്‍ത്തണമെന്ന നിര്‍ദ്ദേശം പൊലീസ് നല്‍കിയതിന് പിന്നാലെ മടങ്ങുകയാണെന്ന് വൈറ്റ് ഗാര്‍ഡിൻ്റെ ചെറുപ്പക്കാര്‍ പറഞ്ഞിരുന്നു. നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്ന് പ്രവര്‍ത്തകരോട് ഡിഐജി തോംസണ്‍ പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. സംഭവം മാധ്യമങ്ങൾ വാര്‍ത്തയാക്കിയ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടത്. ഭക്ഷണം ഉണ്ടാക്കുന്നത് പരിശോധിച്ച് നല്ലതാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും റിയാസ് പറഞ്ഞു.
എന്നാൽ ആ നിലപാട് പൊതുസമൂഹത്തിൽ നിന്ന് പ്രതിഷേധം ഉണ്ടായപ്പോൾ മന്ത്രി തിരുത്തിയെന്ന
വാർത്തകളാണ് പുറത്തു വരുന്നത്. സന്നദ്ധ സംഘടനകൾക്ക് ഭക്ഷണം നൽകാം. ഉദ്യോഗസ്ഥർ പരിശോധിക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മനുഷ്യന്റെ മേൽ ഏകാധിപത്യം കാണിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ചിലർ കഷ്ടപ്പെടുന്ന ജനങ്ങളോട് കാണിക്കുന്ന സഹതാപങ്ങളുടെ ഉദ്ദേശമെന്തെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി വരുന്നു. ഇതൊന്നും തിരിച്ചറിയാൻ കഴിവില്ലാത്തവരല്ല കേരളീയ ജനത. അവരുടെ മുഖംമൂടികൾ നാലുദിവസം കഴിയും മുമ്പ് തന്നെ കൊഴിഞ്ഞു വീണു. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സർക്കാർ സംവിധാനത്തെക്കാൾ വല്യ സംവിധാനം ഒരു പാർട്ടി ഏറ്റെടുത്താൽ പിന്നെ എന്താണു ചെയ്യുക ഒരു ഭാഗത്ത് ആംബുലൻസ് മറ്റൊരു ഭാഗത്തു വൈറ്റ് ഗാര്‍ഡിൻ്റെ സേവനം. അവിടെ വരുന്ന എല്ലാവർക്കും ഫ്രീയായിട്ടുള്ള ഭക്ഷണം അത് ജനശ്രദ്ധയാകർഷിക്കുന്നു. വാർത്തയിൽ ഇടം പിടിക്കുന്നു. സ്വന്തമായി ആപ് ഉണ്ടാക്കുന്നു. രണ്ട് ദിവസംകൊണ്ടു മൂന്ന് കോടിയിലധികം രൂപ സമാഹരിക്കുകയും ചെയ്യുന്നു. അധികാരമുള്ള നമ്മളെക്കാൾ കൂടുതൽ അധികാരമില്ലാത്ത നിങ്ങളു ചെയ്താൽ നമ്മക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന ചിന്ത തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിൻ്റെ പിന്നിൽ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പാലം കടക്കുവോളം നാരായണ. ചിലർക്ക് കയ്യിട്ട് വരാൻ അവസരം കിട്ടുന്നില്ല. ഒപ്പം മുതലെടുപ്പിനും
അതുകൊണ്ടൊക്കെ തന്നെയല്ലെ ഈ സംഭവ വികാസങ്ങൾ എന്ന് കൃത്യമായും എല്ലാവർക്കും മനസ്സിലാകുന്നതാണ്. കയ്യിട്ടുവാരണം അത് നടക്കുന്നില്ല, അതുകൊണ്ട് കൃത്യമായി ഭക്ഷണം കൊടുക്കുന്നവരോട് കൊടുക്കേണ്ടെന്ന് പറയുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാകും. ഇവിടെ ചിലരൊക്കെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ എന്ത് ഹൈജിനിക്കാണ്. എന്തായാലും നോർത്തിന്ത്യയിലേക്കാൾ നല്ല വൃത്തിയുള്ള ഭക്ഷണം ലൈവ് ആയിട്ട് ഉണ്ടാക്കിയാണ് വയനാട്ടിൽ വൈറ്റ് ഗാർഡ് കൊടുക്കുന്നത്. അത് എല്ലാവരും കണ്ടതുമാണ്. അതാണ് അവർക്ക് അനുകൂലമായി പൊതുസമൂഹത്തിൽ നിന്ന് ഉയരുന്ന ഈ വികാരം.
ഈ അവസരത്തിൽ ഇതുസംബന്ധിച്ച് പൊതുവായി വന്ന ഒരു പ്രതികരണം ഇങ്ങനെയാണ്: 'പ്രിയപ്പെട്ട മുഖ്യമന്ത്രി താങ്കളുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഒരു ദുരന്തമായി മാറരുത്. കാരണം കണ്ണുള്ളവർക്ക് എല്ലാം കാണാവുന്ന ഒരു കാഴ്ചയായിരുന്നു വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് മിലിട്ടറി മുതൽ പോലീസ് മുതൽ മറ്റു എല്ലാ വിഭാഗക്കാരെയും അവർക്ക് വേണ്ട ഭക്ഷണവും വെള്ളവും ഏതുസമയത്തും ലൈവായി ഉണ്ടാക്കി കൊടുക്കുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ ഭക്ഷണ വിതരണം. ഇത് ആണ് താങ്കൾ മുടക്കിയിരിക്കുന്നത്. ദുരന്തത്തിലും രാഷ്ട്രീയം കലർത്തുന്ന നിങ്ങളുടെ നീചമായ മനസ്സ് കേരള സമൂഹം തിരിച്ചറിയാതെ പോകില്ല എന്ന് ഉറപ്പാണ്'.
ഇപ്പോൾ പൊതുസമൂഹം ഒന്ന് ചേർന്ന് പറയുന്നത് ഇങ്ങനെ: 'വയനാട് സന്നദ്ധ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ മാനവീകതാബോധത്തെ വാനോളമുയർത്തിയ പ്രിയപ്പെട്ട മനുഷ്യരേ. ദുരന്തഭൂമിയിൽ ഓടിയെത്തി സഹജീവിസ്നേഹത്തിന്റെ പാരമ്യതയിൽ കൈമെയ് മറന്ന് പോരാടിയ പ്രിയരേ. നെഞ്ചോടു ചേർത്ത് നിങ്ങളുടെ പാദധൂളികളിലെൻ പ്രണാമം സ്വീകരിക്കൂ. പരിണാമത്തിന്റെ ലക്ഷക്കണക്കിനു വർഷങ്ങളിൽ. ദുരന്തങ്ങൾ എല്ലാക്കാലവും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവാം. അവയെയെല്ലാം അതിജീവിച്ച് തന്നെയാണ് നമ്മൾ ഇന്ന് ഇവിടെ വരെ എത്തിയിരിക്കുന്നത്.
യഥാർത്ഥ ദുരന്തം കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം തടയുന്ന, പ്രദേശവാസികളെ തടയുന്ന, സന്നദ്ധ പ്രവർത്തകരെ തടയുന്ന ചില അധികാരികളാണ്, ചില ചില അധികാരികൾ. വൈറ്റ് ഗാർഡ് ആവട്ടെ, ഡിവൈഎഫ്ഐ ആവട്ടെ, എസ്ഡിപിഐയോ വെൽഫെയറോ എഐവൈഎഫോ എസ് വൈ എസോ ആവട്ടെ ദുരന്തഭൂമിയിൽ അവരായിരുന്നു മാലാഖമാർ. അത് മറന്നു കൊണ്ട് സംസ്ഥാന ഉദ്യോഗസ്ഥർ പെരുമാറുന്നത് തുടർക്കഥയാവുകയാണ്. ഭക്ഷണപ്പുരകൾ അടയ്ക്കണമെന്നാണ് ആവശ്യം, സന്നദ്ധ പ്രവർത്തകരുടെ യാത്രകൾ തടയപ്പെടുന്നു.
സ്വന്തം വീടുകൾ ക്ലീൻ ചെയ്യൽപ്പോലും തടയപ്പെടുന്നതായി പരാതിയുയരുന്നു. ഇത് വരെ വയനാട് കണ്ട ജനകീയ, രാഷ്ട്രീയ യോജിപ്പ് തകർക്കാൻ ആരെങ്കിലും ഗൂഢതന്ത്രം മെനയുന്നുണ്ടെങ്കിൽ അത് തകർക്കാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്. അത് എത്രയും വേഗം വേണം താനും. ശരിക്കും ഒരുമയുടെ സ്നേഹത്തിൻ്റെ കൂട്ടായ്മയാണ് വയനാട്ടിൽ കണ്ടത്. ഇന്നുവരെയും ആരും കാണാത്ത ഐക്യം. അത് ഭിന്നിപ്പിച്ച് തകർക്കാൻ ആരെയും അനുവദിക്കരുത്. അതിനെതിരെയാകണം ഇവിടെ ശബ്ദം ഉയരേണ്ടത്