Protest March | മാടായി കോളജിലെ നിയമന വിവാദം: എം കെ രാഘവൻ്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി; കോലം കത്തിച്ചു
● എം.കെ രാഘവൻ്റെ വീടിനു മുന്നിൽ പൊലീസ് പ്രകടനം തടഞ്ഞു.
● പ്രവർത്തകർ എം.കെ രാഘവൻ്റെ കോലം വീടിന് മുൻപിൽ വെച്ചു കത്തിച്ചു.
കണ്ണൂർ: (KVARTHA) മാടായി കോളജ് നിയമന വിവാദത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ എം കെ രാഘവൻ്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞിമംഗലം ടൗണിൽ നടന്ന പ്രകടനം കുതിരുമ്മലിലുള്ള എം കെ രാഘവൻ്റെ വീട്ടിലേക്കും നടത്തുകയായിരുന്നു. എം.കെ. രാഘവൻ്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം പ്രവർത്തകർ എം കെ രാഘവൻ കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ചുവെന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധപ്രകടനം നടത്തിയത്.
എം.കെ രാഘവൻ്റെ വീടിനു മുന്നിൽ പൊലീസ് പ്രകടനം തടഞ്ഞു. തുടർന്ന് പ്രവർത്തകർ എം.കെ രാഘവൻ്റെ കോലം വീടിന് മുൻപിൽ വെച്ചു കത്തിച്ചു. നേരത്തെ എം.കെ. രാഘവനെ തടഞ്ഞ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത നടപടിയും കോൺഗ്രസ് നിയന്ത്രിത സൊസൈറ്റി ഭരിക്കുന്ന മാടായി കോളജിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ രണ്ടു പേർക്ക് ജോലി കൊടുത്ത നടപടി പിൻവലിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് വിളിച്ചു ചേർത്ത അനുരജ്ഞന ചർച്ചയിലെ തീരുമാനങ്ങളും നടപ്പാക്കാതെ വഞ്ചിച്ചുവെന്ന് കുഞ്ഞിമംഗലം ബ്ലോക്ക് ഭാരവാഹികളും പ്രവർത്തകരും ആരോപിച്ചു. അതേസമയം സംഭവത്തിൽ കുഞ്ഞിമംഗലം, മാടായി ബ്ലോക്കിൽ പ്രവർത്തകരുടെയും. നേതാക്കളുടെയും രാജി തുടരുന്നത് ജില്ലാ നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
#MKRaghavan #MadaiCollege #CongressProtest #KeralaPolitics #Kunnamangalam #AppointmentControversy