Criticism | പി ആർ ഏജൻസി അകത്ത്, ഔദ്യോഗിക സംവിധാനങ്ങൾ പുറത്ത്; മുഖ്യമന്ത്രി പറയാതെ പറയുന്നതെന്ത്?

 
controversy over pr agencies in kerala politics
controversy over pr agencies in kerala politics

Photo Credit: Facebook / Pinarayi Vijayan

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) കമ്യൂണിസ്റ്റ് പാർട്ടികൾ ഒരിക്കലും കൂടെ കൂട്ടാത്ത പി ആർ ഏജൻസികളെ പുറമേയ്ക്ക് തളളിപ്പറയുമ്പോഴും ഇത്തരം ഏജൻസികളെ രഹസ്യമായി ഉപയോഗിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും രീതിയെന്നാണ് പറയുന്നത്. പി ആർ ഏജൻസികളെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് കോൺഗ്രസും ബി.ജെ.പിയും ഉൾപ്പെടുന്ന ബൂർഷ്വാ പാർട്ടികളുടെ രീതിയാണെന്നായിരുന്നു പാർട്ടി ഉയർത്തിയിരുന്ന വിമർശനം. 

ജനങ്ങൾക്കിടെയിൽ മത്സ്യം പോലെ ജീവിക്കുന്ന കമ്യുണിസ്റ്റുകാർക്ക് എന്തിനാണ് ജനങ്ങളുമായി ബന്ധപ്പെടുന്നതിന് പി ആർ ഏജൻസിയെന്ന് പാർട്ടി നേതൃത്വം ചോദിച്ചിരുന്നു. നായനാർ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായിരുന്ന കാലം വരെ അതു ശരിയായിരുന്നുവെങ്കിലും പിന്നീട് പാർട്ടി വലതു വ്യതിയാനങ്ങളിലേക്കു മാറുകയായിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ടു നിൽക്കുകയും ഇപ്പോഴും തുടരുന്നപിണറായി യുഗത്തിലാണ് ഈ പ്രവണതകൾ കടന്നു വരുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം ആസൂത്രണം ചെയ്തത് മുതൽ പി ആർ ഏജൻസികൾ ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കും സിപിഎമ്മിനും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഭരണവും തുടർഭരണവുമായതോടെ സർക്കാരിൻ്റെ പ്രധാന പരിപാടികളുടെ ആസൂത്രണവും നിർവഹണവും എല്ലാം പി ആർ ഏജൻസികൾ ഏറ്റെടുക്കുകയായിരുന്നു.

പ്രതിപക്ഷത്തിന് തന്ത്രങ്ങളൊരുക്കാൻ സുനിൽ കനഗോലുമുണ്ട്, പി ആർ ഏജൻസിയുണ്ട് എന്നൊക്കെ നിരന്തരം വിമർശനം ന്നയിക്കുന്നവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും. തങ്ങൾക്കൊന്നുമില്ല എല്ലാംപഴയമട്ടിൽ നിർവഹിച്ചു പോരുന്നുവെന്നാണ് അവർ പറഞ്ഞു പോരുന്നതും. എന്നാൽ വാസ്തവം അതല്ല. എട്ട് വർഷമായി മുഖ്യമന്ത്രിയും പാർട്ടിയും ഏജൻസികളെ തരാതരം പോലെ ഉപയോഗിക്കുന്നുണ്ടെന്നാണ് വിമർശനം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം മുതലാണ് ഏജൻസികളെ ഉപയോഗിച്ച് തുടങ്ങിയത്. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി കൊണ്ടുനടന്ന പ്രചരണത്തിന് ചുക്കാൻ പിടിച്ചത് ടൈംസ് ഇവന്റ്‌സായിരുന്നുവെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യാ ദിനപത്രത്തിൻെറ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമാണിത്. ടൈംസ് ഇവൻന്റ്സിൻെറ പ്രതിനിധികളുടെ ആദ്യ പ്രസൻേറഷൻ നടന്നത് എകെജി സെന്ററിന് എതിർവശത്തെ പിണറായിയുടെ ഫ്‌ലാറ്റിൽ വെച്ചായിരുന്നു. വൻതുക പ്രതിഫലം പറ്റിയാണ് ടൈംസ് ഇവന്റസ്‌ കാമ്പയിൻ ആസൂത്രണം ഏറ്റെടുത്തത്. 

എന്നാൽ തുകയെത്രയാണെന്നോ അത് ആര് നൽകിയെന്നോ ഇതുവരെ പുറത്തുവന്നിട്ടില്ല. അന്ന് മലയാളത്തിലുളള വീഡിയോ, ശബ്ദസന്ദേശം, പരസ്യത്തിനുളള കണ്ടന്റ് എന്നിവ തയ്യാറാക്കിയത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രിയെന്ന ഏജൻസിയാണ്. ഈ ഏജൻസിയാണ്, അന്ന് ഏറെ ശ്രദ്ധ നേടിയ എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന പരസ്യവാചകം ഒരുക്കിയത്. പിന്നീട് പി ആർ.ഡിയെ ഒഴിവാക്കി സർക്കാരിലെ ഇതര വകുപ്പുകളുടെയും എം പാനൽഡ് ഏജൻസിയായി മൈത്രിമാറി. 

ദേശീയ തലത്തിലും ഗൾഫ് ഉൾപ്പെടെയുളള മേഖലകളിലും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നിർമ്മിതിക്ക് വേണ്ടിയും വിവിധ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. അതൊന്നും പി ആർ ഡി വഴിയല്ല. പരസ്യത്തിനും ബ്രാൻഡ് ബിൽഡിങ്ങിനും കോടികൾ നീക്കിവെക്കുന്ന സർക്കാർ വകുപ്പുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ ആണ് പണം മുടക്കുന്നതെന്നാണ് പറയുന്നത്. ടൂറിസം വകുപ്പും കിഫ്ബി പോലുളള സ്ഥാപനങ്ങളുമാണ് പലപ്പോഴും ഏജൻസികൾക്കായി പണം ചെലവാക്കുക. പി ആർ ഡിയുമായി ബന്ധമില്ലെന്നിരിക്കെ ഇപ്പോൾ വിവാദ അഭിമുഖത്തിൻെറ പിന്നണിക്കാരെന്ന് വെളിപ്പെട്ട കെയ്സണും ഏതെങ്കിലും സർക്കാർ ഏജൻസിതന്നെയാകും പണം കൊടുക്കുന്നതെന്നും ആക്ഷേപമുണ്ട്.

കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങളിലും പി ആർ ഏജൻസികളുടെ സാന്നിധ്യമുണ്ടായിരുന്നു. എജൻസികളുടെ സഹായത്തോടെ കോവിഡ് കാലനടപടികൾ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു.അതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഇപ്പോൾ വൈറലാണ്. എനിക്ക് മാധ്യമങ്ങളെ കാണാൻ ഏജൻസി വേണോ എന്നായിരുന്നു 2020 മെയ് 20ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ക്യാമറകൾക്ക് മുന്നിൽ ആ പറഞ്ഞത് പച്ചക്കളളമായിരുന്നുവെന്നാണ് പ്രതിപക്ഷ വിമർശനം.

കോവിഡ് കാലത്തും മുഖ്യമന്ത്രിയുടെയും സർക്കാരിൻെറയും പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസി പ്രവർത്തിച്ചിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ടൈഡൽ സെവൻ എന്ന ഏജൻസിയാണ് അക്കാലത്ത് മുഖ്യമന്ത്രിക്ക് വേണ്ടി പ്രവർത്തിച്ചത്. കോവിഡ് മാനേജ്മെൻ്റിൻ ആഗോള മാതൃകയായി പ്രവർത്തിച്ചുവെന്ന പ്രചരണമെല്ലാം പ്രതിച്ഛായ നിർമ്മിതിയുടെ ഭാഗമായി വന്നതാണെന്നാണ് ഇപ്പോഴുയരുന്ന സംശയം
പി ആർ ഏജൻസിയും ഇവന്റ് മാനേജ്മെൻ്റ്കമ്പനിയും ഇടത് രാഷ്ട്രീയത്തിൽ വിവാദമാകുന്നത് ഇതാദ്യമല്ല. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പനാണ് സി പി എമ്മിനെതിരെ ആദ്യമായി പി ആർ ഇവന്റ് മാനേജ്മെൻ്റ് ആക്ഷേപം ഉന്നയിക്കുന്നത്. 

2012ലെ സി പി എമ്മിൻെറയും സി പി ഐയുടെയും സംസ്ഥാന സമ്മേളനങ്ങൾ ഒരേ ദിവസങ്ങളിലാണ് നടന്നത്. അങ്ങനെയൊരു പതിവില്ല. സിപിഐ സമ്മേളനത്തിൻെറ പ്രാധാന്യം കുറക്കുന്ന നടപടിയായി വിലയിരുത്തിയാണ് സിപിഎം സമ്മേളനങ്ങളുടെ പകിട്ടും ചില പിഴവുകളും ചൂണ്ടിക്കാട്ടി ചന്ദ്രപ്പൻ ഇവന്റ്  പി ആർ ഏജൻസികളാണ് എല്ലാറ്റിനും പിന്നിലെന്ന ആക്ഷേപം ഉന്നയിച്ചത്. ഇതു കേരള രാഷ്ട്രീയത്തിൽ ഉന്നയിച്ച കോളിളക്കങ്ങൾ ചെറുതായിരുന്നില്ല. 

പാർട്ടി മാത്രമല്ല ചില നേതാക്കളും വ്യക്തിപരമായ ബൂസ്റ്റിന് പി ആർ കമ്പിനികളെ ഉപയോഗിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവരുടെ അമാനുഷികതയും മഹത്വവും വിളംബരം ചെയ്യുന്നത്. പുതിയ കാലത്തിൻ്റെ പ്രതീകമായ പി ആർ ഏജൻസികൾ തേടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഇത്തരം വളഞ്ഞ വഴികൾ തേടുമ്പോഴാണ് വിവാദങ്ങളുണ്ടാകുന്നത്. സർക്കാരിൻ്റെയും മുഖ്യമന്ത്രിയുടെയും പ്രചാരണത്തിനും വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് പി.ആർ.ഡിയെന്ന വകുപ്പ് പ്രവർത്തിക്കുന്നത്. കോടികളാണ് സർക്കാർ ഇതിനായി ചെലവഴിക്കുന്നത്. ഇത്തരമൊരു സംവിധാനത്തെ നോക്കുകുത്തിയാക്കാണ് പി ആർ ഏജൻസികൾ അരങ്ങുതകർക്കുന്നത്.

#KeralaPolitics, #PRAgencies, #CPI(M), #PinarayiVijayan, #Election, #PublicRelations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia