Controversy | കന്‍വാര്‍ യാത്രയ്ക്ക് ബിജെപി സര്‍ക്കാരുകള്‍ അമിതപ്രാധാന്യം നല്‍കുന്നതെന്തിന്?

 
controversy surrounds kanwar yatra amidst claims of violence
controversy surrounds kanwar yatra amidst claims of violence

Representational image generated by Meta AI

തീര്‍ത്ഥാടകര്‍ പോകുന്ന വഴിയിലെ ഹോട്ടലുകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും വലിയൊരു വിഭാഗം ജനങ്ങളും ഹോട്ടലുടമകളും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി ഇത്തരം നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കി.

ദക്ഷ മനു

(KVARTHA) എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ബിഹാറില്‍ (Bihar) നിന്ന് ഉത്തര്‍പ്രദേശ് (UP) വഴി ഉത്തരാഖണ്ഡിലെ (Uttarakhand)  ഹരിദ്വാര്‍ (Haridwar) ഗൗമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രയാണ് (Pilgrimage) കന്‍വാര്‍യാത്ര (Kanwar Yatra) അഥവാ കാവടിയാത്ര. ബിഹാറിലെ ഭഗല്‍പൂര്‍, സുല്‍ത്താന്‍ഗഞ്ച്, അജ്‌ഗൈബിനാഥ് എന്നിവിടങ്ങളില്‍ നിന്ന് കുടത്തില്‍ ഗംഗാ തീര്‍ത്ഥവും എടുത്തുകൊണ്ടാണ് ആയിരക്കണക്കിന് ഭക്തര്‍ പുണ്യംതേടി യാത്ര നടത്തുന്നത്. 

ദൗര്‍ഭാഗ്യവശാല്‍ ഇത്തവണത്തെ യാത്ര ഏറെ വിവാദമായിരിക്കുകയാണ്. ബിജെപി (BJP) ഭരിക്കുന്ന യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ തീര്‍ത്ഥാടകര്‍ക്ക് അമിത പ്രാധാന്യവും സ്വാതന്ത്ര്യവും നല്‍കിയത് ചിലർ ദുരുപയോഗം ചെയ്യുകയും യാത്രയ്ക്കിടെ പലയിടങ്ങളിലും മനപൂർവം സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. പൊലീസ് കര്‍ശനനടപടിയെടുക്കാതെ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹിന്ദുവിശ്വാസികൾ തന്നെ ആരോപിക്കുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്കേറ്റ കനത്തതിരിച്ചടിയെ തുടര്‍ന്ന് ഭിന്നിപ്പിന്റെ രാഷ്ട്രീയം ശക്തമാക്കുന്നു എന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തീര്‍ത്ഥാടകര്‍ പോകുന്ന വഴിയിലെ ഹോട്ടലുകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും വലിയൊരു വിഭാഗം ജനങ്ങളും ഹോട്ടലുടമകളും രംഗത്തെത്തിയിരുന്നു. 

controversy surrounds kanwar yatra amidst claims of

സുപ്രീംകോടതി ഇത്തരം നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് കോടതി ചോദിച്ചെങ്കിലും സര്‍ക്കാരിന് മറുപടിയുണ്ടായിരുന്നില്ലെന്നാണ് വിമർശനം. തീര്‍ത്ഥാടന കാലത്ത് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തീര്‍ത്ഥാടകര്‍ കഴിക്കാത്തത് കൊണ്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് പൊലീസ് പറയുന്നു.

യാത്രയിലുടനീളം തീര്‍ത്ഥാടകരിൽ ചിലർ അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ആളുകളെ മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പലതും പൊലീസിന്റെ മൗനാനുവാദത്തോടെയാണെന്നാണ് ആക്ഷേപം. ചിലയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ (FIR) ചെയ്തിട്ടുമുണ്ട്. യുപിയിലെ മുസഫര്‍നഗറില്‍ കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പ് മാനേജരെ ആക്രമിച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. 

പമ്പിന്റെ പരിസരത്ത് നിന്ന് സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ തീര്‍ഥാടകനോട് പുറത്ത് പോകണമെന്ന് മാനേജര്‍ മനോജ് കുമാര്‍ ആവശ്യപ്പെട്ടിരുന്നതായും തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ 40തോളം വരുന്ന തീര്‍ത്ഥാടകര്‍ സംഘടിച്ചെത്തി ഇയാളെ മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. പ്രാണരക്ഷാര്‍ത്ഥം ഓടി ഓഫീസ് ക്യാബിനില്‍ കയറി കതകടച്ചെങ്കിലും ചിലര്‍ പുറകുവശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി മാനേജരെ മര്‍ദ്ദിച്ചതായും പറയുന്നു. തടയാനെത്തിയ മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. 

എല്ലാവരും മുസഫര്‍നഗര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് പമ്പ് ഉടമ അശുതോഷ് ശര്‍മ പറഞ്ഞു. ബെയിസ്‌ബോള്‍ ബാറ്റോ മറ്റോ കൊണ്ടാണ് മനോജിന്റെ തലയ്ക്കടിച്ചത്, രക്തക്കറ ഓഫീസിന്റെ ഭിത്തിയില്‍ കട്ടപിടിച്ച് കിടപ്പുണ്ട്, മനോജിന് ഒടിവുകളും പറ്റിയിട്ടുണ്ട്- ശര്‍മ പറഞ്ഞു. പത്തിരുപത് കൊല്ലമായി കാന്‍വാര്‍ യാത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് അശുതോഷ്. ഇത്തവണ സ്ഥിതിഗതികള്‍ വളരെ മോശമാണെന്ന് ശര്‍മ ചൂണ്ടിക്കാട്ടി. പമ്പിനടുത്ത് തന്നെ ശര്‍മയ്ക്ക് രണ്ട് ഹോട്ടലുകളുണ്ട്. 

'പ്രാദേശിക വ്യാപാരികളെല്ലാം ആശങ്കയിലാണ്, സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ തീര്‍ത്ഥാടകര്‍ ചൂഷണം ചെയ്യുകയാണ്, പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കലാപശ്രമം, മനപ്പൂര്‍വം മുറിവേല്‍പ്പിക്കുക, ആസിഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, 15 ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ നശിപ്പിക്കുക എന്നീ കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. ഓഫീസ് ക്യാബിന്‍, നോട്ടെണ്ണുന്ന മെഷീന്‍, ഗേറ്റ്, പ്രിന്റര്‍, കമ്പ്യൂട്ടര്‍, ക്യാഷ് കൗണ്ടര്‍ എന്നിവ അടിച്ചു തകര്‍ത്തെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് ഉടമ പറയുന്നു. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. 

സംഭവത്തെ യുപി പൊലീസ് വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ് പരാതിക്കാരന്റെ വിമർശനം. പമ്പ് പരിസരത്ത് തീര്‍ത്ഥാടകരില്‍ ആരോ മാമ്പഴം തിന്നിട്ട് അവശിഷ്ടങ്ങള്‍ എറിഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് നടന്നതെന്നും ഓഫീസിന്റെ ജനല്‍പാളി മാത്രമേ തകര്‍ന്നുള്ളെന്നും ഡിവൈഎസ്പി  റാമാശിഷ് യാദവ് പറഞ്ഞു. തങ്ങള്‍ എന്ത് ചെയ്താലും സര്‍ക്കാര്‍ നടപടിയെടുക്കില്ലെന്ന വിശ്വാസം കൊണ്ടാണ് തീര്‍ത്ഥാടകര്‍ ഇത്തരത്തില്‍ പെരുമറുന്നതെന്ന് പ്രദേശത്തുള്ളവര്‍ ആരോപിക്കുന്നു. ഇതിലും വലിയ സംഭവം താമസിയാതെ നടക്കുമെന്ന ആശങ്കയുണ്ടെന്ന് ശര്‍മ പറയുന്നു. ആൾക്കൂട്ട ആക്രമണമോ, തിക്കിലും തിരക്കിലും പെട്ടുണ്ടാകുന്ന അപകടമോ ആകാം, കാരണം തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണ വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജൂലൈ 25ന് നടന്ന മറ്റൊരു സംഭവത്തിലും തീര്‍ത്ഥാടകര്‍ അക്രമം അഴിച്ചുവിട്ടതായി പരാതിയുണ്ട്. ദാബയില്‍ ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഉള്ളിയും വെളുത്തുള്ളിയും അടങ്ങിയ ആഹാരം കൊടുത്തെന്ന് പറഞ്ഞ് വെയിറ്ററെ ആദ്യം മര്‍ദ്ദിച്ചു, അതിന് ശേഷം കട അടിച്ച് തര്‍ത്തുവെന്നാണ് പരാതി. ഫ്രിഡ്ജ്, കസേര, ജനാല ഗ്ലാസ് എല്ലാം നശിപ്പിച്ചു, ഇതിനിടെ പാചകക്കാരനെ മര്‍ദ്ദിക്കാന്‍ പിടികൂടി, മുസ്ലിമായ അയാള്‍ പിന്‍വാതിലിലൂടെ ഓടിരക്ഷപെട്ടു, പിന്നീട് ഇതുവരെ കണ്ടിട്ടില്ലെന്ന് വെയിറ്റര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കന്‍വാരികള്‍ക്ക് കൊടുക്കേണ്ട ആഹാരത്തെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ് അബദ്ധം പറ്റിയതെന്ന് വെയിറ്റര്‍ പറയുന്നു. ബൈക്ക് തീര്‍ത്ഥാടകരില്‍ ഒരാളുടെ ശരീരത്ത് ഉരസിയത് മിര്‍സാപൂരില്‍ അക്രമത്തിന് ഇടയാക്കി. തീര്‍ത്ഥാടകര്‍ ബൈക്ക് അടിച്ചുതകര്‍ത്തു. ഹരിയാന സ്വദേശികളായ ഏഴ് തീര്‍ത്ഥാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ സംഭാഷണത്തില്‍ നിന്നാണ് ഹരിയാനക്കാരാണെന്ന് മനസിലാക്കിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെ തുടര്‍ന്ന് യുപിയിലെ പല ഹോട്ടല്‍ ഉടമകളും മുസ്ലിംകളായ ജീവനക്കാരെ ഒഴിവാക്കി. ഇത് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്റെ അവകാശ ലംഘനമാണെന്ന് വിമർശനം ഉയർന്നിട്ടുണ്. അതുകൊണ്ടാണ് സുപ്രീംകോടതി വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടത്. പലയിടത്തും യാത്രയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത് മുസ്ലിംങ്ങള്‍ അടക്കമുള്ള നാട്ടുകാരായിരുന്നു. ബിഹാറില്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇത്തവണ യുപിയിലും ഉത്തരാഖണ്ഡിലും വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘനകള്‍ ഇത്തരം കമ്മിറ്റികള്‍ കയ്യടക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

കടപ്പാട് : ദ വയര്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia