Criticism | ഇ പിയെന്ന നട്ടെല്ലുള്ള രാഷ്ട്രീയക്കാരനും ആത്മകഥ കേസിലെ കോടതി പരാമർശവും; മലയാള പുസ്തക പ്രസിദ്ധീകരണ രംഗത്തെ 'മാർക്കോമാർ' ഇനിയെങ്കിലും പാഠം പഠിക്കുമോ?
● ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ വിമര്‍ശനവുമായി ഹൈകോടതി
● എഴുത്തുകാരൻ്റെ അനുമതിയില്ലാതെയല്ലേ തലക്കെട്ട് തയ്യാറാക്കിയതെന്ന് ചോദ്യം
● ഡിസി ബുക്സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്ന് നിരീക്ഷണം
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) ആത്മകഥാംശം നിറഞ്ഞ ഒരു കൃതിയുടെ അവകാശി എഴുത്തുകാരനോ അതോ പ്രസാധകനോയെന്ന ചോദ്യമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജൻ നൽകിയ ഹരജിയിൽ കോടതി ചോദിച്ചിരിക്കുന്നത്. പുസ്തകം പ്രസിദ്ധീകരിച്ചാൽ പ്രസാധകർക്ക് അതിൽ പങ്കുണ്ടാവുമെങ്കിലും കയ്യെഴുത്തുപ്രതിയിൽ എന്തവകാശമെന്ന ചോദ്യം മലയാളത്തിലെ കുത്തക പ്രസാധകരായ ഡിസിയുടെ കരണത്ത് കിട്ടിയ അടി കൂടിയാണ്.
ഏറെക്കാലമായി ഡി.സി അനുവർത്തിച്ചു വരുന്ന കോർപറേറ്റ് വിളയാട്ടങ്ങളാണ് നീതി പീഠത്തിൻ്റെ ഒറ്റ ചോദ്യത്തിലൂടെ പൊളിഞ്ഞു പോയത്. ഇപി ജയരാജനെന്ന കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ മുതിർന്ന നേതാവിനോട് ഇതാണ് സമീപനമെങ്കിൽ നവാഗതരായ എഴുത്തുകാരോട് എത്രമാത്രം ക്രുരത കാണിച്ചിട്ടുണ്ടാവുമെന്ന ചോദ്യവും ഇതിനിടയിൽ ഉയർന്നു വരുന്നുണ്ട്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈകോടതി രംഗത്തുവന്നത് കേരളത്തിൻ്റെ സാംസ്കാരിക ലോകത്ത് തന്നെ ചർച്ചയായി മാറേണ്ടതാണ്. എഴുത്തുകാരൻ്റെ അനുമതിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ഹൈകോടതിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്.
ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ വി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി കൊണ്ടായിരുന്നു ഹൈകോടതിയുടെ സുപ്രധാന വിമര്‍ശനം. എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനാണ് സമ്മതമില്ലാതെ ആത്മകഥ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരനെ അപമാനിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്സിന്റെ നടപടി ശരിയാണോ? ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്തതെന്തിന്? പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകും? എഴുത്തുകാരനെ അപമാനിച്ചുവെന്നത് വസ്തുതയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. എഴുത്തുകാരന്റെ അനുമതിയില്ലാതെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. ഡിസി ബുക്സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്നും ഹൈകോടതി നിരീക്ഷിച്ചു.
അക്കാര്യം സമ്മതിക്കണമെന്ന് ഡിസി ബുക്സിന്റെ അഭിഭാഷകനോട് ഹൈകോടതി പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത് ശരിയായില്ലെന്ന് ഡിസി ബുക്സിന്റെ അഭിഭാഷകന്‍ സമ്മതിച്ചു. വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരെ എങ്ങനെ തെറ്റ് പറയാനാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ മേൽ വിവാദത്തിൻ്റെ ഭാണ്ഡക്കെട്ട് കയറ്റി വയ്ക്കാൻ ശ്രമിച്ച ഡി സിയുടെ അഭിഭാഷകനോട്
ഹൈകോടതി സിംഗിള്‍ ബെഞ്ച് ചോദിക്കുന്നുണ്ട്.
പുസ്തകപ്രസാധന രംഗത്ത് കോർപറേറ്റ് സംസ്കാരം കൊണ്ടുവന്നുവെന്ന് മാത്രമല്ല, നേരും നെറിയും അതിൽ നിന്നും ചോർത്തിക്കളയുകയും ചെയ്തുവെന്നതാണ് രവി ഡി.സി ചെയ്ത തെറ്റ് എന്നാണ് ഉയരുന്ന വിമർശനം. അദ്ദേഹത്തിൻ്റെ വന്ദ്യ പിതാവ് ഡി സി കിഴക്കെമുറിയുടെ പാരമ്പര്യമോ മലയാള സാഹിത്യത്തിലുള്ള വിശിഷ്ടസ്ഥാനമോ ലാഭം മാത്രം കൊതിച്ചുള്ള കോർപറേറ്റ് വൽക്കരണത്തിന് തടസമായില്ലെന്നാണ് ഏറ്റവും വലിയ ദുരന്തം. വിദേശ സർവകലാശാലയിൽ നിന്നും മാനേജ്മെൻ്റിൽ ഉന്നത ബിരുദം നേടിയ രവി ഡിസി ക്ക് സാഹിത്യവും എഴുത്തും വെറും വിൽപ്പന ചരക്ക് മാത്രമാണെന്നും ചിലർ ആക്ഷേപിക്കുന്നു.
അതിൻ്റെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല പുസ്ത പ്രസിദ്ധീകരണ രംഗത്തും മാർക്കോമാർ അരങ്ങ് തകർക്കുകയാണ്. എവിടെ കൊത്തിയാലും ചോര കാണണമെന്നാണ് ഇവരുടെ ലൈൻ. അതിനേറ്റ കരണം നോക്കിയുള്ള അടിയാണ് ഹൈകോടതിയുടെ ചോദ്യങ്ങൾ. സാധാരണക്കാരനായ ഒരു മനുഷ്യനിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രമാണ് അതേ മൂർച്ചയോടെ നീതിപീഠം ചോദിച്ചിരുന്നത്. എത്ര സോപ്പു ഉപയോഗിച്ചാലും അതുണ്ടാക്കിയ അപമാനം കഴുകി കളയാൻ കഴിയില്ല.
#EPJayarajan #DCBooks #Autobiography #Copyright #KeralaHighCourt #PublishingIndustry