Speculation | അൻവറിന് പിന്തുണ നൽകുന്ന പ്രമുഖനാര്? പുകമറയിൽ കണ്ണൂരിലെ സിപിഎം നേതാക്കൾ
● വിവാദങ്ങൾ ന്യൂനപക്ഷ സ്വാധീനത്തിൽ വിള്ളലുകൾ വീഴ്ത്തിയോയെന്ന ആശങ്കയിൽ സിപിഎം.
● അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫുമാണെന്ന് ആരോപണം.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) പുതിയ പാർട്ടിയുണ്ടാക്കാൻ തീരുമാനിച്ച പി വി അൻവറിന് പിൻതുണയുമായി അണിയറയിൽ നിൽക്കുന്ന കണ്ണൂരിലെ പ്രമുഖനായ സി.പി.എം നേതാവ് ആരെന്ന ചോദ്യം പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്നു. ഈ നേതാവിൻ്റെ പിൻതുണ തനിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം പി.വി അൻവർ മാധ്യമങ്ങളോട്ആവർത്തിച്ചു പറഞ്ഞിരുന്നു. കണ്ണൂരിൽ നിന്നും ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരുടെയും പിൻതുണ തനിക്കുണ്ടെന്നും അൻവർ അവകാശപ്പെട്ടിരുന്നു.
എന്നാൽ അൻവർ ഗൾഫിൽ നിന്നും പല തവണ കൂടിക്കാഴ്ച നടത്തിയെന്നു വെളിപ്പെടുത്തിയ നേതാവാരാണെന്ന് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇതു പാർട്ടിക്കകത്തും പുറത്തും അഭ്യുഹങ്ങളുടെ പുകമറയുണ്ടാക്കിയിട്ടുണ്ട്. അൻവറിൻ്റെ അവകാശവാദങ്ങൾ തള്ളിക്കളയുമ്പോഴും നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ അൻവറിന് അനുകൂലമായി ചായുമോയെന്ന ചോദ്യവും സജീവമാണ്. കണ്ണൂരിലെ കരുത്തനും മുൻ എൽഡിഎഫ് കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജനെതിരെയാണ് ചിലരുടെ സംശയമുന നീളുന്നത്.
മറ്റുള്ളവരേപ്പോലെ ഇ.പി ജയരാജൻ ഇതുവരെ അൻവറിനെ കടുത്ത ഭാഷയിൽ പരസ്യമായി വിമർശിച്ചിട്ടില്ല. എന്നാൽ ഒരാഴ്ച മുൻപ് കണ്ണൂരിൽ മാധ്യമങ്ങളോട് ഈ കാര്യത്തിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന നേതൃത്വത്തിനെതിരെ മുനവെച്ച പ്രയോഗം നടത്തുകയും ചെയ്തു. ഉറങ്ങുന്നവരെ മാത്രമേ എഴുന്നേൽപ്പിക്കാൻ കഴിയുകയുള്ളൂ, ഉറക്കം നടിക്കുന്നവരെ അതിനാവില്ലെന്നായിരുന്നു ഇപിയുടെ പ്രതികരണം. ഇതു അൻവറിനെതിരെയുള്ള പ്രതികരണമാണോയെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമായിരുന്നുവെന്നായിരുന്നു ഇപിയുടെ വിവിധ അർത്ഥങ്ങൾ ധ്വനിപ്പിക്കുന്ന മറുപടി.
എന്നാൽ പിന്നീടും അൻവർ യുദ്ധകാഹളം മുഴക്കി. ആദ്യം എ.ഡി ജി.പിക്കും പിന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും ഏറ്റവും ഒടുവിൽ സാക്ഷാൽ മുഖ്യമന്ത്രിക്കുമെതിരെ തിരിഞ്ഞപ്പോൾ രംഗം പന്തിയല്ലെന്നു കണ്ട് മൗനം പാലിക്കുകയായിരുന്നു ഇ.പി. പാർട്ടി സംസ്ഥാന നേതൃത്വവുമായി പ്രത്യേകിച്ചു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായുള്ള അഭിപ്രായവ്യത്യാസം മൂർച്ഛിച്ച് ഇ.പി ജയരാജൻ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും കണ്ണൂരിൽ ഏറ്റവും ഒടുവിൽ നടന്ന കോടിയേരി അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ ഇതിനു മുൻപായിഅൻവർ പരോക്ഷമായി ചൂണ്ടിക്കാട്ടിയ ഗൾഫിൽ നിന്നും കൂടിക്കാഴ്ച നടത്തിയ നേതാവ് താനല്ലെന്ന് വ്യക്തമാക്കി പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ രംഗത്തുവന്നിരുന്നു. ദുബൈയിൽ വെച്ചു അൻവറുമായി താൻ മുഖാമുഖം കണ്ടില്ലെന്നായിരുന്നു പി ജെയുടെ വാദം. പാർട്ടി അനുകൂല സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കാൻ താൻ ദുബായിയിൽ പോയിരുന്നുവെങ്കിലും അൻവറെ കണ്ടിട്ടില്ലെന്നാണ് ജയരാജൻ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരിച്ചു കൊണ്ടു വ്യക്തമാക്കിയത്. പാർട്ടിയിലെ മറ്റു നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും അവിടെയുണ്ടായിരുന്നുവെന്നും അവരെയൊക്കെ താൻ കണ്ടിരുന്നുവെന്നാണ് ജയരാജൻ പറഞ്ഞത്.
അതേസമയം അൻവറുടെ പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ നടത്താനിരിക്കെ സി.പി.എമ്മിൽ ആശങ്കയുണ്ടായിട്ടുണ്ട്. അൻവർ കത്തിപ്പടർന്ന് എരിഞ്ഞുവെങ്കിലും കഴിഞ്ഞ ഒരു മാസത്തെ രാഷ്ട്രീയവിവാദങ്ങൾ ന്യൂനപക്ഷ സ്വാധീനത്തിൽ വിള്ളലുകൾ വീഴ്ത്തിയോയെന്ന ആശങ്ക പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫുമാണെന്ന് തുറന്നു പറയുമ്പോഴും ഈ കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.
#PVAnwar #CPIM #KeralaPolitics #IndiaNews #NewParty