Politics | പാർട്ടി കറിവേപ്പിലയാക്കിയ നേതാക്കളെ റാഞ്ചാൻ ബിജെപി; അപകടം മണത്ത സിപിഎം തെറ്റുതിരുത്തലിന് ഒരുങ്ങുന്നു

 
CPM Corrects Course, Seeks to Retain Senior Leaders Amid BJP Poaching Attempts
CPM Corrects Course, Seeks to Retain Senior Leaders Amid BJP Poaching Attempts

Photo Credit: Facebook/CPIM Kerala

  • ബിജെപി സിപിഎം നേതാക്കളെ ആകർഷിക്കുന്നു.

  • സിപിഎം മുതിർന്ന നേതാക്കളോടുള്ള പെരുമാറ്റം മാറ്റുന്നു.

  • സിപിഎം സംസ്ഥാന നേതൃത്വം പുതിയ നയങ്ങൾ ആവിഷ്കരിക്കുന്നു.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) പാർട്ടി മുഖ്യധാരയിൽ നിന്നും തഴയപ്പെട്ട മുതിർന്ന സിപിഎം നേതാക്കളെ റാഞ്ചുന്നതിനായി ബി.ജെ.പി കരുക്കൾ നീക്കുന്നു. സി.പി.എം - കോൺഗ്രസ് പാർട്ടികളിൽ ത്യാഗോജ്ജ്വലമായ പ്രവർത്തനം കാഴ്ചവയ്ക്കുകയും പ്രായാധിക്യവും മറ്റു കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയും ചെയ്ത നേതാക്കളെയാണ് പാർട്ടിയിൽ മാന്യമായ സ്ഥാനം നൽകാമെന്ന് പറഞ്ഞ് ബി.ജെ.പി കൂടെ കൂട്ടാൻ ഒരുങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ഒരു പ്രമുഖ നേതാവുമായി ഈ കാര്യം ബി.ജെ.പി നേതൃത്വം ഇടനിലക്കാരുടെ സഹായത്തോടെ ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. 

ബി.ജെ.പിയുടെ ഓപ്പറേഷൻ ലോട്ടസിൻ്റെ അപകടസാധ്യത സിപിഎം നേതൃത്വം മുൻപിൽ കാണുന്നുണ്ട്. ഇതോടെയാണ് മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം രംഗത്തുവന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസറിൻ്റെ നിലപാടില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. സാധാരണ അംഗം എന്ന പ്രയോഗം പാടില്ലെന്നും അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നും സംസ്ഥാന സെക്രട്ടറി ആലപ്പുഴ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകി. 

സ്ഥാനമാനങ്ങള്‍ ഒഴിഞ്ഞാലും പരിപാടികളില്‍ പങ്കെടുപ്പിക്കണം. മുതിര്‍ന്ന നേതാക്കളോടുള്ള സമീപനത്തില്‍ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. സ്ഥാനമാനം ഒഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കണം. മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് വിളിച്ച് സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതില്‍ പുതിയ മാനദണ്ഡം ചര്‍ച്ചയാക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ നിന്ന് മുന്‍ മന്ത്രി കൂടിയായ ജി സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കും ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിലേക്കും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണത്തെ സമ്മേളനവേദി. 15 വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ജി സുധാകരന്‍.

സുധാകരനെ അവഗണിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ച സൗഹാര്‍ദപരമാണെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നില്ലെന്നുമാണ് ഇരുനേതാക്കളും പ്രതികരിച്ചത്. കൂടാതെ ജി സുധാകരനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക്ഷണിച്ചിരുന്നു. പേരെടുത്ത് പറയാതെയാണ് കെ സുരേന്ദ്രന്‍ ജി സുധാകരനെ ക്ഷണിച്ചത്. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെറ്റുതിരുത്തലിന് സി.പി.എം ഒരുങ്ങുന്നത്.

#CPM #BJP #KeralaPolitics #IndiaPolitics #PoliticalStrategy #Defection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia